03 December Saturday

പാക്‌ ബാലന്‌ മജ്ജമാറ്റിവയ്‌ക്കൽ സൈഫ്‌ ജലാൽ അതിരുകൾ മായ്‌ക്കുന്ന സ്‌നേഹപുഷ്‌പം

വെബ് ഡെസ്‌ക്‌Updated: Friday Nov 25, 2022

സൈഫ്‌ ജലാൽ പിതാവിനൊപ്പം

 

കോഴിക്കോട്‌
ലോകത്തിലെ സകല വെളിച്ചവുമുണ്ട്‌ ദേശാതിർത്തികളെ മായ്‌ക്കുന്ന രണ്ടുവയസ്സുകാരൻ  സൈഫിന്റെ  ചിരിയിൽ. അതിൽ സൈഫിന്റെ ഉപ്പ ജലാലും ഉമ്മ സദൂരിയും താണ്ടിയ കഠിനവേദനകളുടെ ഇരുട്ടെല്ലാം മറക്കുന്നു. അപൂർവമായ സിവിയർ കംബൈൻഡ് ഇമ്യൂണോ ഡിഫിഷൻസി എന്ന രക്തജന്യരോഗം പിടിപെട്ടതാണ്‌  പാകിസ്ഥാനിലെ ബലൂചിസ്ഥാൻ സ്വദേശിയായ സൈഫ്‌ ജലാലിന്‌.  രക്ഷപ്പെടാൻ എല്ലാ സാധ്യതകളും അടഞ്ഞുവെന്ന്‌  ഡോക്ടർമാർ വിധിയെഴുതിയ കുരുന്നിനെ  ജലാലിനും സദൂരിയ്ക്കും തിരിച്ചു നൽകിയത്‌ ആരോഗ്യരംഗത്ത്‌ ലോകത്തിന്‌ വഴികാട്ടുന്ന കുഞ്ഞുകേരളമാണ്‌.  കോഴിക്കോട്ടെ ആസ്‌റ്റർ മിംസ്‌ ആശുപത്രിയിലാണ്‌  അനേകം മനുഷ്യരുടെ ദയാവായ്‌പിൽ 25 ലക്ഷം രൂപ ചെലവുവരുന്ന അപൂർവ മജ്ജമാറ്റിവയ്‌ക്കൽ ശസ്ത്രക്രിയ നടന്നത്‌.  രണ്ടുമാസത്തെ ചികിത്സയ്‌ക്ക്‌ ശേഷം തിരിച്ചുകിട്ടിയ ജീവനും ജീവതവുമായി സൈഫ്‌ മടങ്ങുകയാണ്‌. 
  ടാക്‌സി ഡ്രൈവറാണ്‌ ജലാൽ. മകന്റെ ചികിത്സയ്‌ക്കായി യുഎഇയിൽ കീമോതെറാപ്പി ഉൾപ്പെടെയുള്ള ചികിത്സാവിധികൾ നടത്തി. പക്ഷേ, ആരോഗ്യനില കൂടുതൽ വഷളാവുകയായിരുന്നു. രോഗപ്രതിരോധശേഷി ഇല്ലാതായതോടെ നിരന്തരം അണുബാധയുണ്ടായി.  സ്വയം ശ്വാസമെടുക്കാനോ ഭക്ഷണം കഴിക്കാനോ ആവാതെ ആശുപത്രികളിൽ തന്നെയായിരുന്നു ജീവിതം. 
 ആസ്‌റ്റർ മിംസിലെ ചികിത്സയെക്കുറിച്ച്‌ കേട്ടറിഞ്ഞാണ്‌ കുടുംബം  ഇവിടേക്ക്‌ എത്തിയത്‌. യാത്രാതടസ്സങ്ങൾ വിദേശകാര്യ മന്ത്രാലയത്തിന്റെ പിന്തുണയിൽ വേഗത്തിൽ പരിഹരിക്കാനായെന്ന്‌ ആശുപത്രി സിഇഒ ലുക്മാൻ പൊന്മാടത്ത്  പറഞ്ഞു. ഷാർജയിലെ ചാരിറ്റി ഓർഗനൈസേഷനും ആസ്‌റ്റർ മിംസിലെ ചാരിറ്റബിൾ ട്രസ്‌റ്റും ചേർന്നാണ്‌ സാമ്പത്തിക സഹായം നൽകിയത്‌. രണ്ട് വർഷത്തിനിടെ 75 മജ്ജമാറ്റിവയ്‌ക്കൽ ശസ്ത്രക്രിയകൾ ആസ്‌റ്റർ മിംസിൽ നടന്നു. വാർത്താസമ്മേളനത്തിൽ റീജണൽ ഡയറക്ടർ ഫർഹാൻ യാസിൻ, ഡോ. ഇ കെ സുരേഷ് കുമാർ, ഡോ. ആർ കേശവൻ, ഡോ. വി സുദീപ്, ഡോ. കെ വി ഗംഗാധരൻ, പ്രിൻസി എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top