16 November Saturday

നാദാപുരം പഞ്ചായത്തിൽ ഭരണ വീഴ്ച കെട്ടിട നികുതി അടച്ചിട്ടും വീട്ടുടമ പൊലീസ് കസ്റ്റഡിയിൽ

വെബ് ഡെസ്‌ക്‌Updated: Sunday Aug 25, 2019
നാദാപുരം 
നാദാപുരം പഞ്ചായത്തിൽ കെട്ടിട നികുതി അടച്ച വീട്ടുടമയെ പൊലീസ് കസ്റ്റഡിയിലെടുത്ത നടപടി വിവാദത്തിൽ. ചാലപ്പുറത്തെ തച്ചംകണ്ടി ബാലനെ(65)യാണ്‌ കസ്‌റ്റഡിയിലെടുത്തത്‌. നികുതി അടച്ചില്ലെന്ന് കാണിച്ച് പഞ്ചായത്ത് ഫയൽ ചെയ്ത കേസിൽ നാദാപുരം കോടതി വാറന്റ്‌ പുറപ്പെടുവിച്ചതോടെ ഇയാളെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. 
കരൾമാറ്റ ശസ്ത്രക്രിയക്ക് വിധേയമായി വീട്ടിൽ വിശ്രമിക്കുന്ന ബാലനെ പൊലീസ് കോടതി വാറന്റിൽ പിടികൂടി സ്റ്റേഷനിലെത്തിച്ചു. സ്റ്റേഷനിലെത്തിയ ഇയാൾ കരമടച്ച രശീതി കാണിച്ചതോടെ പൊലീസ് വെട്ടിലായി. ഇതോടെ പൊലീസ് പഞ്ചായത്തിൽ വിവരമറിയിച്ചു. തുടർന്ന്‌ കസ്റ്റഡിയിലെടുത്ത ബാലനെ വിട്ടയച്ചു. കോടതിയിൽനിന്ന് കേസ് ഒഴിവാക്കാൻ പഞ്ചായത്ത് അധികൃതർ ശ്രമം തുടങ്ങിയിട്ടുണ്ട്. ഇത്തരത്തിൽ നിരവധി പരാതികൾ നിലനിൽക്കുന്നുണ്ട്.
കല്ലാച്ചി സ്വദേശി കൊള്ളിയന്റെ മനോജന്റെ വീടിനുമുകളിൽ നികുതി അടച്ചില്ലെന്ന് കാണിച്ച് പൊലീസ് നോട്ടീസ് പതിച്ചത് വിവാദമായി.
  2003ൽ മരണമടഞ്ഞ ഇയാളുടെ അച്ഛന്റെ പേരിലാണ് നോട്ടീസ്.  വാർഡ് വിഭജനം നടന്നതാണ് നികുതി അടച്ചവരെയും അടയ്‌ക്കാത്തവരെയും വേർതിരിക്കുന്നതിൽ അധികൃതർക്ക് വീഴ്ചയ്‌ക്ക്‌ കാരണം.

 

പ്രധാന വാർത്തകൾ
 Top