19 September Sunday

നിയന്ത്രണങ്ങൾക്ക്‌ പുല്ലുവില, രാത്രിക്കച്ചവടവും തകൃതി

വെബ് ഡെസ്‌ക്‌Updated: Sunday Jul 25, 2021

ബീച്ച്‌ പരിസരത്തെ കടകളിൽ കോർപറേഷൻ സെക്രട്ടറി കെ യു ബിനിയുടെ നേതൃത്വത്തിൽ നടത്തിയ പരിശോധന

സ്വന്തം ലേഖകൻ
കോഴിക്കോട്‌
കോവിഡ്‌ പടരുന്നത്‌  വകവയ്‌ക്കാതെ നഗരത്തിൽ രാത്രികാല കച്ചവടം തകൃതി. ബീച്ച്‌, മെഡിക്കൽ കോളേജ്‌ ഭാഗങ്ങളിൽ പ്രവർത്തിക്കുന്ന ഹോട്ടലുകളിൽ ആളുകൾക്ക്‌ ഭക്ഷണം വിളമ്പിനൽകുന്നതായും പരാതിയുണ്ട്‌. കോർപറേഷൻ ആരോഗ്യവിഭാഗം നടത്തിയ പരിശോധനയിൽ ഏഴ്‌ ഹോട്ടലുകൾക്ക്‌ നോട്ടീസ്‌ നൽകി.
ബീച്ച്‌ പരിസരത്തുള്ള ചില കടകൾ സമയപരിധി കഴിഞ്ഞും പ്രവർത്തിക്കുന്നു. മെഡി. കോളേജ്‌ ആശുപത്രിയിലെത്തുന്നവരുടെ സൗകര്യത്തിനായി ഇവിടെ രാത്രി ഒമ്പതുവരെ പ്രവർത്തനാനുമതിയുണ്ട്‌. എന്നാൽ 11 കഴിഞ്ഞിട്ടും ചിലത്‌ തുറന്ന്‌ പ്രവർത്തിക്കുന്നതായി കണ്ടെത്തി. ബീച്ചിലും പരിസരത്തും രാത്രി ആളുകൾ എത്തുന്നുണ്ട്‌. 
 കോർപറേഷൻ ആരോഗ്യവിഭാഗം എല്ലാദിവസവും രാത്രികാല പട്രോളിങ്‌ നടത്തുന്നുണ്ട്‌. വെള്ളിയാഴ്‌ച രാത്രി കോർപറേഷൻ സെക്രട്ടറി കെ യു ബിനിയുടെ നേതൃത്വത്തിലുള്ള സ്‌ക്വാഡ്‌ പട്രോളിങ്‌ നടത്തി.  ഹെൽത്ത്‌ സൂപ്പർവൈസർ ഷജിൽകുമാർ, ജൂനിയർ ഹെൽത്ത്‌ ഇൻസ്‌പെക്ടർമാരായ എൻ സഷിത, കെ മനീഷ, വിജേഷ്‌കുമാർ എന്നിവരും പരിശോധനാ സംഘത്തിലുണ്ടായി. കോവിഡ്‌ മാനദണ്ഡം ലംഘിച്ച്‌ ഭക്ഷണം വിളമ്പിയ ഏഴ്‌ ഹോട്ടലുകൾക്ക്‌ നോട്ടീസ്‌ നൽകി. മാനദണ്ഡം ലംഘിച്ച്‌ ഭക്ഷണം വിളമ്പുന്ന ഹോട്ടലുകളുടെ ലൈസൻസ്‌ റദ്ദാക്കുന്നതടക്കമുള്ള നടപടി സ്വീകരിക്കുമെന്ന്‌ കോർപറേഷൻ സെക്രട്ടറി പറഞ്ഞു.
കോർപറേഷൻ ആരോഗ്യവിഭാഗം ഹെൽത്ത് ഇൻസ്‌പെക്ടർമാരുടെ നേതൃത്വത്തിൽ എൻഫോഴ്സ്‌മെന്റ് സ്‌ക്വാഡ്, രാത്രികാല സ്‌ക്വാഡ്, അവധിദിന സ്‌ക്വാഡ് കടകളിലും പൊതുസ്ഥലങ്ങളിലും പരിശോധന കർശനമാക്കി. കടകളിലെ ജീവനക്കാർ മാസത്തിൽ രണ്ടുതവണ കോവിഡ് പരിശോധന‌ക്ക്‌ വിധേയമാകണമെന്നും നിർദേശിച്ചു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top