സ്വന്തം ലേഖകൻ
കോഴിക്കോട്
എഴുത്തും വരയുമായി തെളിഞ്ഞ കലോത്സവം ആട്ടവും പാട്ടുമായി കളറായി. കോഴിക്കോട് ഗവ.ആർട്സ് ആൻഡ് സയൻസ് കോളേജിൽ നടക്കുന്ന കലിക്കറ്റ് സർവകലാശാല ബി സോൺ കലോത്സവം ‘റോസ ബിയങ്ക’ സ്റ്റേജ് മത്സരങ്ങൾക്ക് ബുധനാഴ്ച തുടക്കമായി. അഭിനേത്രി നിലമ്പൂർ ആയിഷ ഉദ്ഘാടനംചെയ്തു. രാഷ്ട്രീയം ഞങ്ങൾ ഉറക്കെ പറയുമെന്ന പ്രഖ്യാപനമാണ് വേദികളുടെ പേരുകൾ പോലും. കേന്ദ്രസർക്കാർ പാഠപുസ്തകങ്ങളിൽനിന്ന് വെട്ടിമാറ്റിയ ചരിത്ര ഭാഗങ്ങളിലാണ് വേദികൾ അറിയപ്പെടുന്നത്.
ഒന്നാം വേദി താജ്മഹലിൽ മോഹിനിയാട്ടത്തോടെയാണ് മത്സരം ആരംഭിച്ചത്. രണ്ടാം വേദി ഹേ റാമിൽ ഭരതനാട്യം അരങ്ങേറി. ബിൽക്കിസ് ബാനുവിന്റെ പേരിലുള്ള വേദി മൂന്നിൽ തുള്ളൽ, തബല, പക്കവാദ്യവും വേദി നാല് എച്ച്എംഎസ് ബീഗിളിൽ ലളിത ഗാനവും, വേദി അഞ്ച് ആസാദിൽ അക്ഷരശ്ലോകവും അരങ്ങേറി. കാണികൾ കാത്തിരുന്ന മലയാള നാടകം രാത്രി വൈകിയാണ് അരങ്ങേറിയത്. അർധരാത്രിയിലും നിറഞ്ഞ സദസ്സിൽ ഓരോ നാടകവും കെെയടി നേടി.
ഉദ്‌ഘാടന സമ്മേളനത്തിൽ സർവകലാശാല യൂണിയൻ വൈസ് ചെയർമാൻ എസ് ആർ അശ്വിൻ അധ്യക്ഷനായി.
സർവകലാശാല യൂണിയൻ ചെയർപേഴ്സൺ ടി സ്നേഹ, യൂണിവേഴ്സിറ്റി എക്സാം കൺട്രോളർ ഡി പി ഗോഡ് വിൻ സാംരാജ്, സിൻഡിക്കേറ്റ് അംഗം എ കെ രമേശ് ബാബു, യൂണിവേഴ്സിറ്റി യൂണിയൻ ജോ. സെക്രട്ടറി എം സി അജയ്, ഗവ. ആർട്സ് ആൻഡ് സയൻസ് കോളേജ് പ്രിൻസിപ്പൽ ഇ മിനി, ഓർഗനൈസിങ് കമ്മിറ്റി കൺവീനർ കെ വി അനുരാഗ്, പി താജുദ്ദീൻ തുടങ്ങിയവർ സംസാരിച്ചു. സ്വാഗതസംഘം ജനറൽ കൺവീനർ കെ ഗായത്രി സ്വാഗതവും സ്വാഗതസംഘം വൈസ് ചെയർമാൻ വി പി ആര്യ നന്ദിയും പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..