കോഴിക്കോട്
ചരിത്രത്തിലെ പെൺപോരാളികളുടെ കഥയുമായി ‘വീരത്തായ്’ വേദിയിലെത്തുമ്പോൾ നാടക പ്രവർത്തകൻ ബിച്ചൂസ് ചിലങ്കയുടെ ജീവിതത്തിനും അത് ഉണർവാകും. അൾസറിനൊപ്പം ശരീരത്തിൽ ഫംഗസ് ബാധിച്ചും ജീവിതത്തോട് പോരാടുകയാണ് ബിച്ചൂസ്. അതിജീവനത്തിന്റെ ഭാഗമായി രചനയും സംവിധാനവും നിർവഹിച്ച ‘വീരത്തായ്’ ഡോക്യുഡ്രാമ 31ന് അരങ്ങിലെത്തുകയാണ്. റിപ്പബ്ലിക്ദിന പരേഡിൽ കേന്ദ്ര സർക്കാർ തടഞ്ഞ തമിഴ്നാടിന്റെ പ്ലോട്ടായ കുയിലി എന്ന ദളിത് പോരാളിയുടെ ജീവിതമാണ് ഇതിൽ അവതരിപ്പിക്കുന്നത്. ഈ കഥ അരങ്ങിലെത്തുമ്പോൾ ബിച്ചൂസിന്റെ ചികിത്സാ ചെലവിനും സാമ്പത്തിക ആവശ്യങ്ങൾക്കും ആശ്വാസമേകാൻ കഴിയുമെന്ന പ്രതീക്ഷയാണ് സംഘാടകർക്കുള്ളത്.
മുഴുവൻ സമയ നാടക പ്രവർത്തകനാണ് ബിച്ചൂസ്. ഇപ്പോൾ മകൾ ചിന്നൂസിനൊപ്പം വാടക വീട്ടിലാണ് താമസം. അൾസർ ബാധിച്ചതോടെ ശസ്ത്രക്രിയയാണ് ഡോക്ടർമാർ നിർദേശിച്ചിരിക്കുന്നത്. തൊണ്ടയിലും ചെവിയിലുമാണ് ഫംഗസ് ബാധ. കാഴ്ച മങ്ങലുമുണ്ട്. ചികിത്സാചെലവിനും വീട്ടുവാടകയ്ക്കും പണം കണ്ടെത്താനാണ് ബിച്ചൂസ് ബുദ്ധിമുട്ടുന്നത്. കൂട്ടുകാരാണ് പലപ്പോഴും സഹായമെത്തിക്കുന്നത്. ‘‘എപ്പോഴും അത് ശരിയല്ലല്ലോ, അങ്ങനെയാണ് ആർക്കും ബുദ്ധിമുട്ടാവാതെ എന്റെ ‘ജീവ’നായ നാടകത്തെത്തന്നെ അതിജീവനത്തിനുള്ള വഴിയായി തെരഞ്ഞെടുത്തത്’’ ബിച്ചൂസ് പറഞ്ഞു.
വേദിക്കൊപ്പം സ്ക്രീനിന്റെയും സാധ്യതകൾ ഉൾപ്പെടുത്തിയാണ് വീരത്തായ് അവതരിപ്പിക്കുന്നത്. മകൾ ചിന്നൂസ് കുയിലി എന്ന പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കും. ഒന്നാം സ്വാതന്ത്ര്യ സമരത്തിനും 77 വർഷങ്ങൾക്ക് മുമ്പ് ബ്രിട്ടീഷുകാരെക്കൊണ്ട് മാപ്പ് പറയിപ്പിച്ച ശിവഗംഗയിലെ ന്യായാധിപയാണ് കുയിലി. ഇവരുടെയും മറ്റു പെൺപോരാളികളുടെയും ജീവിതമാണ് നാടകം പറയുന്നത്. ടാഗോർ ഹാളിൽ വൈകിട്ട് നാലിനും ഏഴിനുമാണ് പ്രദർശനം. 200 രൂപ സംഭാവന നൽകി കാണാം. 9061168578- നമ്പറിൽ പാസുകൾ ലഭ്യമാക്കും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള് വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..