കോഴിക്കോട്
മണിക്കൂർ നീളുന്ന സിനിമയുടെ കാമ്പ് ഒരു സെക്കന്റ് നേരത്തെ കാഴ്ചകൊണ്ട് പ്രേക്ഷകനിലെത്തിക്കുന്ന ഒരു മാജിക്. അതാണ് ഒരു സിനിമയുടെ പോസ്റ്ററെങ്കിൽ അതിനുപിന്നിൽ ഒരു മജീഷ്യനുംവേണം. ആ അർഥത്തിൽ മനു ഡാവിഞ്ചി ഒരു മജീഷ്യനാണ്. ഇതിനകം സൂപ്പർ താരങ്ങളുടേതുൾപ്പെടെ നൂറ്റമ്പതോളം സിനിമകൾക്കാണ് കൊയിലാണ്ടി പലക്കുളം മണപ്പുറത്തെ മനു ഡാവിഞ്ചി പോസ്റ്റർ തയ്യാറാക്കിയത്.
12 വർഷംമുമ്പ് തീ കുളിക്കും പച്ചൈ മരം എന്ന തമിഴ് സിനിമയിൽ യാദൃച്ഛികമായി പോസ്റ്റർ ഡിസൈനറായി എത്തിയതാണ് മനു. നേരത്തെ തീരുമാനിച്ച ആള് വരാതിരുന്നപ്പോൾ ചിത്രകാരൻകൂടിയായ മനുവിനെയാണ് അണിയറ പ്രവർത്തകർ ജോലി ഏൽപ്പിച്ചത്. അത് വിജയമായതോടെ കൂടുതൽ സിനിമകൾ ലഭിച്ചുതുടങ്ങി. ‘കാഞ്ചി’യാണ് മലയാളത്തിൽ ആദ്യംചെയ്ത സിനിമ. നിലവിൽ 15 സിനിമകളുടെ പോസ്റ്റർ തയ്യാറാക്കുന്ന ജോലിയിലാണ്.
‘നേരത്തെ നിരത്തുകൾക്കുസമീപവും തിയേറ്ററിലുമായാണ് പോസ്റ്റർ കൂടുതലും ഇറക്കിയിരുന്നത്. സോഷ്യൽ മീഡിയ സജീവമായ ഇക്കാലത്ത് പോസ്റ്റർ കൂടുതൽ ആളുകളിലേക്കെത്തുന്നുണ്ട്. അതുകൊണ്ടുതന്നെ സിനിമ കാണാൻ പ്രേരിപ്പിക്കുന്ന രീതിയിൽ കൂടുതൽ ആളുകളിലേക്ക് എത്തുന്ന പോസ്റ്ററുകൾ തയ്യാറാക്കേണ്ടതുണ്ട്’ മനു പുതിയകാലത്തെ മാറ്റത്തെക്കുറിച്ച് പറയുന്നു.
അന്തരിച്ച സച്ചി സംവിധാനംചെയ്ത അനാർക്കലി സിനിമയാണ് പോസ്റ്റർ തയ്യാറാക്കലിൽ ഏറെ അംഗീകാരം നേടിക്കൊടുത്ത ചിത്രം. അടുത്തിറങ്ങിയ ജോ ആൻഡ് ജോയും ശ്രദ്ധേയമാണ്. ടിയാൻ, പ്രകാശൻ പറക്കട്ടെ, തേര്, ആപ് കൈസാ ഹോ തുടങ്ങിയ നിരവധി സിനിമകളിലും മനുവാണ് പോസ്റ്റർ തയ്യാറാക്കിയത്.
സ്റ്റിൽ ഫോട്ടോഗ്രാഫറുമായി ചർച്ചചെയ്ത് എടുക്കുന്ന ചിത്രങ്ങൾ തിരക്കഥയുമായി യോജിക്കുന്ന രീതിയിൽ പ്രത്യേക അക്ഷരങ്ങളും നിറവും പാകപ്പെടുത്തിയാണ് പോസ്റ്ററുകൾ തയ്യാറാക്കുന്നത്. ഡിജിറ്റൽ രീതി ആയതിനാൽ ആകർഷകമായി പോസ്റ്ററുകൾ തയ്യാറാക്കാമെന്നതാണ് പഴയ കാലത്തിൽനിന്നുള്ള മാറ്റം. കലിക്കറ്റ് സ്കൂൾ ഓഫ് ഫൈൻ ആർട്സിൽനിന്ന് ചിത്രരചന കഴിഞ്ഞ മനു ഇപ്പോൾ കൊച്ചി കേന്ദ്രീകരിച്ചാണ് പോസ്റ്റർ ഡിസൈൻ നടത്തുന്നത്. അച്ഛൻ: ഹരിദാസൻ. അമ്മ: ഉഷ. പരപ്പിൽ ഗവ. സ്കൂളിലെ അധ്യാപിക അനിലയാണ് ഭാര്യ. മകൻ. ധ്രുപത്
ദേശാഭിമാനി വാർത്തകൾ ഇപ്പോള് വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..