27 May Wednesday

അശരണർക്ക്‌ അഭയമായി...

സ്വന്തം ലേഖികUpdated: Wednesday Mar 25, 2020

 

 
കോഴിക്കോട്
 തെരുവിന്റെ മക്കൾക്ക്‌ ഇനി യൂത്ത്‌ ഹോസ്റ്റൽ അഭയം. നഗരത്തിൽ അലഞ്ഞു നടക്കുന്ന ഇരുന്നൂറോളം പേരെയാണ്‌  കോവിഡ്‌ ജാഗ്രതയുടെ ഭാഗമായി  മാറ്റിപ്പാർപ്പിച്ചത്‌. ഇവർക്ക്‌ രോഗബാധയുണ്ടോ എന്ന്‌ പരിശോധിച്ച ശേഷമാണ്‌ താൽക്കാലിക പുനരധിവാസം ഏർപ്പെടുത്തിയത്‌. 
ജില്ലാ ഭരണവിഭാഗത്തിന്റെയും പൊലീസിന്റെയും നേതൃത്വത്തിൽ ചൊവ്വാഴ്‌ച ഉച്ചയ്ക്കാണ്‌  റെയിൽവേ സ്‌റ്റേഷൻ, ലിങ്ക്‌ റോഡ്‌ പരിസരങ്ങളിൽ റോഡരികിൽ കഴിയുന്നവരെ മാറ്റിയത്‌. ഇവർക്ക്‌ രോഗം വരാതിരിക്കാനും ആർക്കെങ്കിലും വൈറസ്‌ ബാധയുണ്ടെങ്കിൽ  പടരാതിരിക്കാനുമാണ്‌ നടപടി.    എല്ലാവർക്കും ഉച്ചഭക്ഷണം നൽകിയ ശേഷം ലിങ്ക്‌ റോഡ്‌ പരിസരത്തായിരുന്നു പരിശോധന. പൊലീസിന്റെ കർശന നിർദേശത്തെ തുടർന്ന്‌ തെരുവിൽ അലയുന്ന മിക്ക ആളുകളും ലിങ്ക്‌ റോഡ്‌ പരിസരത്തെത്തി. വൻ പൊലീസ്‌ സംഘം തന്നെ ഇവിടെയുണ്ടായിരുന്നു. 14 പേർക്ക്‌ പനിയുണ്ടെന്ന്‌ പരിശോധനയിൽ വ്യക്തമായി. ഇവരെ ആംബുലൻസിൽ ബീച്ച്‌ ഗവ. ആശുപത്രിയിലേക്ക്‌ മാറ്റി.  വൈറസ്‌ ബാധയുണ്ടോയെന്ന്‌  ആശുപത്രിയിൽ  പരിശോധിക്കും. മറ്റുള്ളവരെ കെഎസ്‌ആർടിസി ബസ്സുകളിലാണ്‌ യൂത്ത്‌ ഹോസ്‌റ്റലിലേക്ക്‌ കൊണ്ടുപോയത്‌. 
  കലക്ടർ സാംബശിവ റാവു സ്ഥലത്തെത്തിയിരുന്നു.  ഇവർക്കു  വേണ്ട എല്ലാ സൗകര്യങ്ങളും യൂത്ത് ഹോസ്റ്റലിൽ  ലഭ്യമാക്കുമെന്ന് ടൗൺ പൊലീസ്  സിഐ എ ഉമേഷ് പറഞ്ഞു.
പ്രധാന വാർത്തകൾ
 Top