29 February Saturday

ഇത്തവണയും അബ്ദുള്ളയെത്തും; ഭ​ഗവതിക്കുള്ള കാച്ചിമുണ്ടുമായി

സജീവൻ ചോറോട്Updated: Saturday Jan 25, 2020
വടകര
ഓർക്കാട്ടേരി ശ്രീ ശിവ ഭഗവതി ക്ഷേത്രം താലപ്പൊലി മഹോത്സവത്തിലെ കൊടിയേറ്റ് ഈ ഞായറാഴ്ചയാണ്. പതിവുപോലെ ഭഗവതിക്ക് ഉടയാട ചാർത്താനുള്ള കാച്ചിമുണ്ടുമായി മാവുള്ളതിൽ അബ്ദുള്ള ക്ഷേത്രസന്നിധിയിലെത്തും; കാലം ഇഴപിരിക്കാത്ത മതമൈത്രിയുടെ പുടവയുമായ്.  
ക്ഷേത്രോത്സവത്തിലെ പ്രധാന ചടങ്ങുകളിലൊന്നാണ് ഭഗവതിക്ക് കാച്ചിമുണ്ട് സമർപ്പണം. പുതുക്കുളങ്ങര കുളക്കടവിൽ കുളിച്ചീറനണിഞ്ഞുനിന്ന സുന്ദരിയായ സ്ത്രീക്ക് മറുതുണിയില്ലാത്തതിനാൽ, അവിടെയെത്തിയ കായക്കൊടി മുസ്ലിം തറവാട്ടിലെ പാത്തുമ്മ കാച്ചിമുണ്ട് നൽകി സഹായിച്ചെന്നാണ്‌ ഐതിഹ്യം. ദേവി പിന്നീട് തന്റെ വിശ്വരൂപംപൂണ്ട്, കാച്ചിമുണ്ടിന്റെ ഉപകാരസ്മരണയായി മകരമാസത്തെ ഉത്സവനാളിൽ ക്ഷേത്രത്തിൽ മുണ്ടുമായി വരണമെന്ന് ആവശ്യപ്പട്ടു. ഈ  സ്നേഹാഭ്യർഥനയാണ് പില്‍ക്കാലത്ത് കാച്ചിമുണ്ട്‌ സമർപ്പണമായതെന്നാണ് ഐതിഹ്യം. തുടർന്ന്‌ എല്ലാ കൊടിയേറ്റനാളിലും കാച്ചിമുണ്ടുമായി പാത്തുമ്മയുടെ സന്തതിപരമ്പരകളിലൊരാൾ ക്ഷേത്രത്തിലെത്തും.
മകരം 12ന് കാച്ചിമുണ്ടുമായി എത്തുന്ന അബ്ദുള്ളയെ ക്ഷേത്രഭാരവാഹികളും നാട്ടുകാരും സ്വീകരിക്കും.
 കൊണ്ടുവരുന്ന ഉടയാട പൂജാരി വാഴയില നീട്ടി ഏറ്റുവാങ്ങും. പൂജാദികർമങ്ങളോടെ ശ്രീകോവിലിലെ വിഗ്രഹത്തെ തൊട്ട്  പിൻഭാഗത്ത് വിശറിപോൽ നിവർത്തി ഒതുക്കി ഉടയാട അണിയിച്ചൊരുക്കുന്നതാണ് ചടങ്ങ്. 
അബ്ദുള്ളയുടെ ഉപ്പ ഇബ്രാഹിം ഹാജിയായിരുന്നു കുറെക്കാലം ചടങ്ങിനെത്തിയത്. ഉപ്പയുടെ മരണശേഷം, ഓർക്കാട്ടേരിയിൽ ആസ്യ ക്ലോത്ത് ഉടമ കൂടിയായ അബ്ദുള്ള പാരമ്പര്യത്തിന്റെ കണ്ണിയായി.
 ചടങ്ങിനായി  ദിവസങ്ങൾക്കുമുമ്പേ  ഏറ്റവും വിശേഷപ്പെട്ട വസ്തു കണക്കെ അബ്ദുള്ള കാച്ചി മുണ്ട്‌ മാറ്റിവയ്‌ക്കും. ‘സഹോദരങ്ങളായ മനുഷ്യർ സ്നേഹ ബഹുമാനത്തോടെ  ക്ഷേത്രമുറ്റത്ത് കൈപിടിച്ചു സ്വീകരിക്കുമ്പോൾ പറയാൻ പറ്റാത്ത ഒരു സുഖം മനസ്സിനുണ്ടാകും'. അബ്ദുള്ള പറഞ്ഞു. 
ഉത്തര മലബാറിലെ പ്രസിദ്ധമായ ഈ ക്ഷേത്രോത്സവം 26 മുതൽ 31 വരെ നീളും. വിവിധ സ്റ്റാളുകൾ ഉൾപ്പെടുന്ന ചന്ത ഫെബ്രുവരി 5 വരെയും.
 
പ്രധാന വാർത്തകൾ
 Top