05 December Monday
കോഴിക്കോട് ജില്ലാ സ്കൂൾ കായികമേള

5000 മീറ്റർ നടന്ന്‌ 
3000 മീറ്ററിൽ സ്വർണം

വെബ് ഡെസ്‌ക്‌Updated: Thursday Nov 24, 2022
കോഴിക്കോട്‌
ആശുപത്രി കിടക്കയിലും അന്ന്‌ മനസ്സുനിറയെ ജൂനിയർ അത്‌ലറ്റിക്‌ മീറ്റായിരുന്നു ശ്രീനന്ദനയ്‌ക്ക്‌. ട്രാക്കിലെ താരമായ ടി പി ശ്രീനന്ദനയ്‌ക്ക്‌ അപ്പന്റൈറ്റിസ്‌ ശസ്‌ത്രക്രിയയെ തുടർന്ന്‌ ജൂനിയർ അത്‌ലറ്റിക്‌ മീറ്റിലെ അഞ്ചുകിലോമീറ്റർ നടത്തത്തിൽ പങ്കെടുക്കാനായില്ല. മെഡിക്കൽ കോളേജ്‌ ആശുപത്രിയിലെ ഡോക്ടർമാരും പരിശീലകരും ആശ്വസിപ്പിച്ചെങ്കിലും മനസ്സിൽ ട്രാക്കിൽ ഇറങ്ങാൻ കഴിയാത്തതിന്റെ നിരാശയായിരുന്നു. സ്‌കൂൾ കായികമേളയിൽ സ്വർണം നേടി ശ്രീനന്ദന ആ സങ്കടങ്ങളെയെല്ലാം പിന്നിലാക്കുകയാണ്‌. ജൂനിയർ അത്‌ലറ്റിക്‌ മീറ്റിലെ സുവർണതാരത്തെ പിന്നിലാക്കിയാണ്‌ ശ്രീനന്ദനയുടെ കുതിപ്പ്‌. ഉന്നത പരിശീലനകേന്ദ്രങ്ങളോ മികച്ച പശ്ചാത്തലസൗകര്യമോ ഇല്ലാതെയാണ്‌ ചാത്തമംഗലം ജിവിഎച്ച്‌എസ്‌എസിലെ ഈ മിടുക്കി പൊൻതിളക്കമണിഞ്ഞത്‌.  
അഞ്ചുകിലോമീറ്റർ ദൂരം മത്സരം പൂർത്തിയാക്കിയെങ്കിലും സർട്ടിഫിക്കറ്റിൽ മൂന്നുകിലോമീറ്ററെന്നായിരുന്നു. സംഘാടകരെ സമീപിച്ചപ്പോൾ മൂവായിരം മീറ്ററാണ്‌ പെൺകുട്ടികളുടെ മത്സരമെന്നായിരുന്നു വിശദീകരണം. രണ്ടുകിലോമീറ്റർ അധികം നടന്നെങ്കിലും ലക്ഷ്യം എത്തിപ്പിടിക്കാൻ കഴിഞ്ഞതിന്റെ സന്തോഷം മനസ്സുനിറച്ചു. കളൻതോട്‌ തത്തമ്മ പറമ്പിൽ മനോജ്‌ കുമാറിന്റെയും മിനിയുടെയും മകളാണ്‌ ഈ പ്ലസ്‌ വൺ വിദ്യാർഥിനി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top