03 October Monday

പരക്കെ അക്രമം

വെബ് ഡെസ്‌ക്‌Updated: Saturday Sep 24, 2022

കോഴിക്കോട് പൊലീസ് അകമ്പടിയോടെ കെഎസ്ആർടിസി ബസ്സുകൾ സർവീസ് നടത്തുന്നു

സ്വന്തം ലേഖകൻ

കോഴിക്കോട്‌
പോപ്പുലർ ഫ്രണ്ട്‌ നേതാക്കളുടെ വീട്ടിലും ഓഫീസുകളിലും എൻഐഎ നടത്തിയ റെയ്‌ഡിൽ പ്രതിഷേധിച്ചുള്ള ഹർത്താലിൽ ജില്ലയിൽ പരക്കെ അക്രമം.  കെഎസ്‌ആർടിസി ബസ്സുകൾക്ക്‌ നേരരെയാണ്‌ വ്യാപകമായി അക്രമം നടന്നത്‌.  രാവിലെ ഏഴിന്‌ സിവിൽ സ്റ്റേഷന് അടുത്തുവെച്ച്‌  വയനാട്ടിൽ നിന്നെത്തിയ കെഎസ്ആർടിസി ബസ്സിന് നേരെ കല്ലേറുണ്ടായി. ബസ്സിന്‌ കല്ലെറിഞ്ഞ ശേഷം അക്രമികൾ ഇടവഴിയിലേക്ക്‌ ഓടി മറയുകയായിരുന്നു.   ബസ്സിന്റെ ചില്ല് തകർന്നു. ഡ്രൈവർ ശശിയ്ക്ക് പരിക്കേറ്റു. കണ്ണിനും മുഖത്തും പരിക്കുണ്ട്. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബസ്സിലുണ്ടായിരുന്ന ഗർഭിണിയെയും ഡയാലിസിസിനായി കോഴിക്കോട്ടേക്ക് വന്ന രോഗിയെയും പൊലീസ്  ബീച്ച് ആശുപത്രിയിലെത്തിച്ചു. ജില്ലയുടെ വിവിധ ഭാഗങ്ങളിലായി നാല്‌ കെഎസ്‌ആർടിസി ബസ്സാണ്‌ അക്രമികൾ നശിപ്പിച്ചത്‌.  പൊലീസ്‌ സുരക്ഷയിലാണ്‌  വിവിധ റൂട്ടുകളിലിൽ പിന്നീട്‌ കെഎസ്‌ആർടിസി  ഓടിയത്‌.  
 പുഷ്പ ജങ്‌ഷനിൽ നിർത്തിയിട്ട ലോറിയുടെ ചില്ല്‌ തകർത്തു. ചില്ല്‌ ഡ്രൈവറുടെ കണ്ണിൽ തുളഞ്ഞുകയറി. മൂക്കിനും സാരമായി പരിക്കേറ്റു. ഏഷ്യാനെറ്റ്‌ വാർത്താ സംഘത്തിന്‌ നേരെ നാലാം ഗേറ്റ്‌ പരിസരത്ത്‌ വെച്ചും അക്രമമുണ്ടായി. വാർത്താ സംഘത്തിന്റെ വാഹനത്തിലേക്ക്‌ മുഖം മറച്ചെത്തിയ സംഘം ഇരുമ്പുവടികൊണ്ട്‌ അടിക്കുകയായിരുന്നു.  അക്രമികളെ പൊലീസ് തിരിച്ചറിഞ്ഞു.  തുറന്ന്‌ പ്രവർത്തിച്ച നടക്കാവിലെ  മലബാർ ഹോട്ടലിൽ  അക്രമം നടത്തിയ സംഘം തന്നെയാണ്‌ വാർത്താ സംഘത്തിന്റെ വാഹനവും തകർത്തത്‌. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. 
അഴിയൂരിലും അടക്കാതെരുവിലും   താമരശേരിയിലും  ലോറിക്ക് കല്ലെറിഞ്ഞു. കുണ്ടായിത്തോട്ടിൽ കെഎസ്‌ആർടിസി ബസ്സിന് നേരെ കല്ലേറുണ്ടായി.  വടകരയിലും ലോറിക്ക് നേരെ കല്ലേറുണ്ടായി.  പലയിടത്തും ടയർ കത്തിച്ച്‌ ഭീകരതയുണ്ടാക്കി  വാഹന ഗതാഗതം മുടക്കി. പൊലീസ്‌ എത്തിയാണ്‌ പ്രവർത്തകരെ ഓടിച്ചത്‌. ബൈക്കിലെത്തിയവരെപ്പോലും ആക്രമിക്കുകയും ചോദ്യം ചെയ്യുകയും ചെയ്യുന്ന സ്ഥിതിയുണ്ടായി. സർക്കാർ ഓഫീസുകളിൽ ഹാജർ നില കുറഞ്ഞെങ്കിലും തുറന്ന്‌ പ്രവർത്തിച്ചു.
അഴിയൂരിൽ വടകര ഭാഗത്തേക്ക് വരികയായിരുന്ന ലോറിക്ക് നേരെയാണ് കല്ലെറിഞ്ഞത്. അഴിയൂർ, മാടാക്കര ഭഗങ്ങളിലെ മൂന്നു പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു.  ചോറോട് പെരുവാട്ടും താഴെ ദേശീയപാതയിൽ ടയറുകൾ റോഡിലിട്ട് കത്തിച്ചു. തുറന്ന കടകൾ അക്രമികൾ അടപ്പിച്ചു. രാവിലെ ഓടിയ വാഹനങ്ങൾ തടഞ്ഞു.
താമരശേരി തച്ചംപൊയിൽ ചാലക്കരയിൽ ഹർത്താലുകാർ ടിപ്പർ ലോറി തടഞ്ഞ് അക്രമിച്ചു. വാഹനത്തിന്റെ ചില്ല് അടിച്ച് തകർത്തു. ഗുഡ്സ് ഓട്ടോയുടെയും ചില്ലും തകർത്തു. കോടതിക്ക് സമീപം ലോറിയുടെ ചില്ല് എറിഞ്ഞു തകർത്തു. വട്ടക്കുണ്ട് പാലത്തിൽ ടയർ കൂട്ടിയിട്ട് ഗതാഗതം തടസ്സപ്പെടുത്തി. കൊടുവള്ളി കരുവൻപൊയിൽ, കളരാന്തിരി പ്രദേശങ്ങളിൽ റോഡിൽ കല്ലും മരക്കഷ്ണങ്ങളും ഉപയോഗിച്ച്‌ റോഡ് തടഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top