21 October Thursday

‘സ്വന്തം കാലിൽ പറക്കാൻ’ നിർമിത ബുദ്ധി

സ്വന്തം ലേഖകന്‍Updated: Friday Sep 24, 2021
 
കോഴിക്കോട്‌
വിവാഹ പാർട്ടികളിലും പൊതുപരിപാടികളിലുമെല്ലാം ആകാശക്കാഴ്‌ചകൾ തേടുന്ന ക്യാമറക്കണ്ണുകൾ ഇന്ന്‌ സുപരിചിതമാണ്‌. മൂളിപ്പറന്ന്‌ കാഴ്‌ചകൾ ഒപ്പിയെടുക്കുന്ന ഡ്രോണുകൾ ഇനി ‘സ്വന്തം കാലിൽ’ പറക്കും. യുഎൽ സൈബർ പാർക്കിലെ ആക്‌ഷൻഫൈ ടെക്‌നോളജീസും എഎക്സ്‌എൽ ഡ്രോൺസും ചേർന്നാണ്‌ നിർമിത ബുദ്ധിയുപയോഗിച്ചുള്ള ഡ്രോണുകൾ നിർമിക്കുന്നത്‌. നിലവിൽ അമേരിക്കയിലേക്കുള്ള കയറ്റുമതിയാണെങ്കിലും സാങ്കേതിക വളർച്ചക്കൊപ്പം കേരളത്തിലും ഇവ സജീവമാകും.
താഴെനിന്ന്‌ മനുഷ്യൻ നിയന്ത്രിക്കുന്നതാണ്‌ നിലവിലുള്ള ഡ്രോണുകളുടെ രീതി. നിർമിതബുദ്ധികൂടി ചേരുന്നതോടെ മനുഷ്യസഹായമില്ലാതെ ഉയർന്നും താഴ്‌ന്നും പറക്കാനും ദൃശ്യങ്ങൾ പകർത്താനുമെല്ലാം ഡ്രോണുകൾക്കാകും. 
വിവിധ മേഖലകളിലുള്ള നിരീക്ഷണാവശ്യങ്ങൾക്കാണ്‌ നിർമിത ബുദ്ധിയുള്ള ഡ്രോണുകൾ പ്രധാനമായും ഉപയോഗിക്കുക. നിർമാണ പ്രവർത്തനങ്ങൾ, റെയിൽവേ, സുരക്ഷാ മേഖലകൾ എന്നിവിടങ്ങളിലെല്ലാം ഇവ  ഉപയോഗപ്പെടുത്താനാകും. സോഫ്‌റ്റ്‌വെയറിൽ നൽകുന്ന സമയക്രമയത്തിന്റെ അടിസ്ഥാനത്തിൽ കാര്യങ്ങൾ ‘കണ്ടറിഞ്ഞ്‌’ ചെയ്യാൻ പുതിയ ഡ്രോണുകൾക്കാകും. ടേക്ക്‌ ഓഫ്‌, ചാർജിങ്‌ എന്നിവയിലെല്ലാം സ്വയംപര്യാപ്‌തമാകുന്നതോടെ ഈ ഡ്രോണുകൾ സാങ്കേതിക മേഖലയിൽ തരംഗം സൃഷ്ടിക്കുമെന്ന്‌ ആക്‌ഷൻഫൈ ടെക്‌നോളജീസ്‌ സെന്റർ ഹെഡ്‌ രജീഷ്‌ മണിഞ്ചേരി പറഞ്ഞു.  സോഫ്‌റ്റ്‌വെയറുകൾക്ക്‌ അനുസൃതമായി കസ്റ്റമൈസ്‌ ചെയ്‌ത്‌ നൽകാനും പൈലറ്റ് ‌ലൈസൻസ്‌ നേടാനും തങ്ങൾ സഹായിക്കുന്നുണ്ടെന്ന്‌ എഎക്സ്‌എൽ ഡ്രോൺ ഡയറക്ടർമാരായ ജോസഫ്‌ പുഞ്ചവയലും റോബിൻ സഖറിയാസും പറഞ്ഞു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top