16 September Monday

മദ്യം,- ലഹരി വിൽപ്പന വേണ്ട; പിടിക്കും സ്‌ട്രൈക്കിങ് ഫോഴ്‌സ്‌

സ്വന്തം ലേഖികUpdated: Saturday Aug 24, 2019
കോഴിക്കോട്‌  
ഓണക്കാലത്ത്‌ മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും വിൽപ്പന തടയാൻ എക്‌സൈസ്‌ വകുപ്പിന്റെ  ‘ഓണം സ്‌പെഷ്യൽ ഡ്രൈവ്‌’. 24 മണിക്കൂറും പ്രവർത്തിക്കുന്ന സ്‌ട്രൈക്കിങ് ഫോഴ്‌സാണ്‌ പരിശോധനയ്‌ക്ക്‌ നേതൃത്വം നൽകുന്നത്‌.  കഴിഞ്ഞ 10ന്‌ തുടങ്ങിയ ഡ്രൈവ്‌ സെപ്‌തംബർ അവസാനംവരെയുണ്ടാകുമെന്ന്‌ ഡെപ്യൂട്ടി എക്സൈസ് കമീഷണർ വി ആർ അനിൽ കുമാർ പറഞ്ഞു. 
ഒരു ഇൻസ്‌പെക്ടറും രണ്ടുവീതം പ്രിവന്റീവ്‌ –- സിവിൽ എക്‌സൈസ്‌ ഓഫീസർമാരുമടങ്ങുന്ന ഫോഴ്‌സിന്റെ സേവനം എല്ലാ  താലൂക്കിലുമുണ്ട്‌.  അതിർത്തി പ്രദേശങ്ങളിലാണ്‌ കൂടുതൽ ശ്രദ്ധ. വാഹനങ്ങൾ, ബീച്ച്‌, മലയോര മേഖലയിലെ കോളനികൾ, ഇതര സംസ്ഥാന തൊഴിലാളികളുടെ താമസ ഇടങ്ങൾ എന്നിവ സ്ഥിരമായി പരിശോധിക്കും. പൊലീസ്‌, വനം, റവന്യൂ, ആർപിഎഫ്‌ വകുപ്പുകളുമായി ചേർന്ന്‌ സംയുക്ത റെയ്‌ഡുമുണ്ട്‌. ഈ രംഗത്തുള്ള സ്ഥിരം കുറ്റവാളികൾ നിരീക്ഷണത്തിലാണെന്ന്‌ അധികൃതർ പറഞ്ഞു.  
 ഓണത്തിന്‌ മുന്നോടിയായി മദ്യം വിൽക്കുന്ന കടകളിലും പരിശോധനയുണ്ട്‌. സഞ്ചരിക്കുന്ന മൊബൈൽ ലിക്കർ ടെസ്‌റ്റിങ് ലാബ്‌ വഴി സാമ്പിൾ പരിശോധിക്കും. അപാകം കണ്ടെത്തിയാൽ  ലൈസൻസ്‌ റദ്ദാക്കും. ഓണം ഡ്രൈവ്‌ തുടങ്ങി 13 ദിവസംകൊണ്ട് 32 അബ്‌കാരി കേസുകളാണ്‌ രജിസ്‌റ്റർ ചെയ്‌തത്‌. 25 മയക്കുമരുന്ന്‌ കേസുമുണ്ട്‌. 90 കുപ്പി മാഹി മദ്യം, ഏഴ്‌ കിലോ കഞ്ചാവ്‌, 10 മയക്കുമരുന്ന്‌ ഗുളികകൾ, അഞ്ച്‌ ഗ്രാം ഹാഷിഷ്‌ ഓയിൽ, 20 ലിറ്റർ ചാരായം, 112 ലിറ്റർ നാടൻ മദ്യം എന്നിവ പിടിച്ചെടുത്തു. മദ്യം–- മയക്കുമരുന്നുമായി ബന്ധപ്പെട്ട പരാതികൾ പൊതുജനങ്ങൾക്കും അറിയിക്കാം. കൺട്രോൾ റൂം സിവിൽ സ്‌റ്റേഷനിൽ ആരംഭിച്ചു. ഫോൺ: 0495 2372927.
പ്രധാന വാർത്തകൾ
 Top