15 September Sunday

ലീഗ്‌ മാനേജ്‌മെന്റിന്റെ പ്രതികാര നടപടി: അധ്യാപകരുടെ ശമ്പളം മുടങ്ങി

വെബ് ഡെസ്‌ക്‌Updated: Saturday Aug 24, 2019
കുറ്റ്യാടി 
ലീഗ് മാനേജ്മെന്റിന്റെ പ്രതികാര നടപടിയെ തുടർന്ന് കായക്കൊടി ഹയർ സെക്കൻഡറി സ്‌കൂൾ അധ്യാപകരുടെ ശമ്പളം മുടങ്ങി.  സിനീയോറിറ്റി മറികടന്ന് പ്രിൻസിപ്പൽ ഇൻചാർജ്  നിയമനത്തിൽ മാനേജ്‌മെന്റിനെതിരെ അസംതൃപ്‌തി നിലനിൽക്കുന്നതിനിടെയാണ്‌ ശമ്പളവും മുടങ്ങിയത്‌.  ജൂലൈയിൽ  സ്‌കൂളിൽ നടന്ന പ്ലസ് വൺ  ഇംപ്രൂവ്മെന്റ് പരീക്ഷ അട്ടിമറിക്കാൻ ശ്രമിച്ച സ്‌കൂൾ പ്രിൻസിപ്പൽ കെ കെ അബൂബക്കറിനെ കോഴിക്കോട് ആർഡിഡി അന്വേഷണത്തിൽ ക്രമക്കേട് നടന്നതായി കണ്ടെത്തിയതിനെ തുടർന്ന് സസ്‌പെൻഡ്‌ ചെയ്തിരുന്നു. 
 തുടർന്ന് മാനേജ്മെന്റിലെ ചില അംഗങ്ങളുടെ താൽപ്പര്യമനുസരിച്ച്‌ സീനിയോറിറ്റി മറികടന്ന് പകരം ചുമതല സീനിയോറിറ്റി ലിസ്റ്റിലെ പതിമൂന്നാമതുകാരനായ അധ്യാപകൻ എൻ എം നജീബിന് നൽകി. പകരം ചുമതലക്കാരന്റെ നിയമനം ആർഡിഡി അംഗീകരിക്കാത്തതിനാൽ ജൂലൈ, ആഗസ്‌ത്‌ മാസത്തെയും ഓണം അഡ്വാൻസും ലഭിക്കാൻ സാധ്യതയില്ലെന്ന് അധ്യാപകരും  അധ്യാപകേതര ജീവനക്കാരും പറയുന്നു.  സ്‌കൂളിലെ ഹയർ സെക്കൻഡറി വിഭാഗത്തിൽ എച്ച്എസ്‌എസ്‌ടി ആയി പ്രവർത്തിച്ചുവരുന്ന ഇ കെ ജന്നത്ത് ആണ് സീനിയോറിറ്റി ലിസ്റ്റിൽ ഒന്നാം സ്ഥാനത്തുള്ളത്‌. 
എന്നാൽ ലീഗ് മാനേജ്മെന്റിലെ സജീവ രാഷ്ട്രീയക്കാരായ ചിലരുടെ പ്രതികാര നടപടിയെ തുടർന്നാണ് ജന്നത്തിന് പ്രിൻസിപ്പലിന്റെ പകരം ചുമതല നൽകാതിരുന്നത്. 
കേരള വിദ്യാഭ്യാസ ചട്ടത്തിൽ പ്രിൻസിപ്പൽ നിയമനം സീനിയോറിറ്റി അടിസ്ഥാനമാക്കിയാവണമെന്നും ചട്ടം പറയുമ്പോൾ പ്രിൻസിപ്പൽ ഇൻചാർജ്‌ നിയമനത്തിനും ഇത് ബാധകമാണെന്നിരിക്കെയാണ് മാനേജ്മെന്റ്‌  ചട്ടം മറികടന്ന് കായക്കൊടി ഹയർ സെക്കൻഡറി സ്‌കൂളിൽ പ്രിൻസിപ്പൽ ഇൻചാർജ് നിയമനം നടത്തിയത്.  
ഇത് ചൂണ്ടിക്കാട്ടി ആർഡിഡിക്ക് ലഭിച്ച പരാതിയെ തുടർന്നാണ് പ്രിൻസിപ്പൽ ഇൻചാർജ് ആയി മാനേജ്മെന്റ് നിയമിച്ച അധ്യാപകന്റെ നിയമനം അംഗീകരിക്കാത്തതെന്ന്‌ അറിയാൻ കഴിഞ്ഞു.  മാനേജ്മെന്റിന്റെ നടപടി വിദ്യാർഥികളുടെ അധ്യയനത്തിലും ബാധിക്കുമോ എന്ന സംശയത്തിലാണ് രക്ഷിതാക്കളും.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top