30 June Thursday

കൊപ്രയാക്കാൻ സഹകരണസംഘങ്ങളും

സ്വന്തം ലേഖകൻUpdated: Friday Jun 24, 2022

 

 

കോഴിക്കോട്‌

കേരഫെഡ്‌ മുഖേനയുള്ള പച്ചത്തേങ്ങ സംഭരണം വിജയമായതിനുപിന്നാലെ നാളികേര സംസ്‌കരണത്തിന്‌ ചെറുകിട സഹകരണസംഘങ്ങളെയും  ചുമതലപ്പെടുത്തുന്നു. കേരഫെഡ് പ്ലാന്റുകൾക്ക്‌ പുറമെയാണിത്‌.  മൂന്നാഴ്‌ചക്കിടെ  കേരഫെഡ്‌ 517.9 ടൺ നാളികേരം സംഭരിച്ചു. പച്ചത്തേങ്ങയുടെ വിലയായി നൽകിയത്‌  51.69 ലക്ഷം രൂപയാണ്‌. സംഭരിച്ച നാളികേരമത്രയും സംസ്കരിച്ച്‌ കൊപ്രയാക്കാനുള്ള സങ്കേതികശേഷി കേരഫെഡ്‌ പ്ലാന്റുകൾക്കില്ല.  ഇത്‌ മറികടക്കാനാണ്‌ സംസ്കരണച്ചുമതല പ്രാദേശിക സഹകരണസംഘങ്ങളെ ഏൽപ്പിക്കുന്നത്‌. 

അതേസമയം വെളിച്ചണ്ണ വിൽപ്പന കേരഫെഡ്‌ നിയന്ത്രണത്തിൽ തുടരും. 

 പൊതുവിപണി വിലയായ 26ന്‌ പകരം 32 രൂപ നിരക്കിലാണ്‌ സംസ്ഥാന സർക്കാരിന്റെ സംഭരണം. ജനുവരിയിൽ നാഫെഡിന്റെ സാമ്പത്തിക സഹായത്തോടെ പച്ചത്തേങ്ങ സംഭരണം തുടങ്ങിയിരുന്നെങ്കിലും രണ്ട്‌ മാസത്തിനിടെ താറുമാറായി. വെളിച്ചെണ്ണ ഉൽപ്പാദനത്തിന് കൊപ്ര വാങ്ങുന്ന ഏജൻസികൾ താങ്ങുവിലയ്ക്ക് പച്ചത്തേങ്ങ സംഭരിക്കരുതെന്ന കേന്ദ്ര സർക്കാർ ഏജൻസിയായ നാഫെഡ്‌ നിലപാടെടുത്തതോടെയാണ്‌ സംഭരണം പാളിയത്‌. സ്വന്തം നിലയിലാണ്‌ കേരഫെഡ്‌ സംഭരണം പുനരാരംഭിച്ചത്‌. കോഴിക്കോട്‌, പാലക്കാട്, മലപ്പുറം ജില്ലകളിൽ വെജിറ്റബിൾ ആൻഡ് ഫ്രൂട്ട് പ്രൊമോഷൻ കൗൺസിൽ മുഖേനയും പച്ചത്തേങ്ങ സംഭരിക്കുന്നുണ്ട്‌. വടക്കൻ ജില്ലയിൽ കേരഫെഡിൽ രജിസ്റ്റർചെയ്ത 11 സൊസൈറ്റികളും തേങ്ങ വാങ്ങുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top