25 July Sunday

പൈതൃകകേന്ദ്രങ്ങള്‍ മുഖംമിനുക്കുന്നു

വെബ് ഡെസ്‌ക്‌Updated: Thursday Jun 24, 2021

തളി പൈതൃകപദ്ധതി ദീപാലംകൃതമായപ്പോൾ

കോഴിക്കോട്‌
ജില്ലയുടെ സാംസ്‌കാരിക -പൈതൃക -വിനോദ മേഖലകളെ ഉന്നത നിലവാരത്തിലേക്ക് ഉയർത്തുന്ന  ടൂറിസം പദ്ധതികൾ അന്തിമഘട്ടത്തിൽ. തളി ക്ഷേത്രം, കുറ്റിച്ചിറ കുളം, ഭട്ട്റോഡ് ബീച്ച് എന്നിവയാണ് കോവിഡാനന്തരം സഞ്ചാരികളെ വരവേൽക്കാനൊരുങ്ങുന്നത്. സാംസ്‌കാരിക തനിമ വിളിച്ചോതുന്ന രീതിയിലാണ്  നിർമാണം പൂർത്തീകരിക്കുന്നത്. 
തളി ക്ഷേത്രക്കുളവും ചുറ്റുമതിലും രണ്ടുകോടി രൂപ ചെലവിലാണ് നവീകരിക്കുന്നത്. ഇതിൽ 1.25 കോടി രൂപ ഡിടിപിസിയും 75 ലക്ഷം രൂപ എംഎൽഎ ഫണ്ടിൽനിന്നുമാണ്‌‌.  നവീകരണ ജോലികളുടെ 80 ശതമാനവും പൂർത്തിയായി. കോഴിക്കോടിന്റെയും സാമൂതിരി രാജവംശത്തിന്റെയും കഥപറയുന്ന  ചരിത്ര മ്യൂസിയവും  ആൽത്തറക്ക്‌ സമീപം ഒരുക്കുന്നുണ്ട്. കുളത്തിനുസമീപം ഇരിപ്പിടങ്ങളോടുകൂടിയ ചെറിയ ചുമരുകൾ നിർമിച്ച് സാമൂതിരി രാജവംശത്തിന്റെ ചരിത്രം കൊത്തിയെടുത്തിട്ടുണ്ട്.  സ്റ്റേജും അതിനോടുചേർന്ന് എൽഇഡി ചുമരും ശബ്ദ-വെളിച്ച സംവിധാനവും ഒരുക്കും. ആൽത്തറ, കുളക്കടവ്, കുളപ്പുര, ആറാട്ട്കടവ് എന്നിവയും   നവീകരിക്കും. സസ്യോദ്യാനവും ഭിന്നശേഷി സൗഹൃദ നടപ്പാതയും സജ്ജീകരിക്കും. 
രണ്ടുകോടി രൂപ ചെലവിലാണ് കുറ്റിച്ചിറക്കുളം നവീകരിക്കുന്നത്. 1.25 കോടി രൂപ ഡിടിപിസിയും 75 ലക്ഷം രൂപ എംഎൽഎ ഫണ്ടിൽനിന്നുമാണ്‌. പൈതൃക രീതിയിലുള്ള നവീകരണത്തിൽ കുളത്തിനുസമീപമുള്ള പാർക്കും  ഉൾപ്പെടുത്തിയിട്ടുണ്ട്. കുളത്തിന്‌  ചുറ്റുമായി നടപ്പാതയും ഒരുക്കുന്നുണ്ട്.  
ഒന്നരക്കോടിയുടെ നവീകരണ പ്രവൃത്തികളാണ് ഭട്ട് റോഡ് ബീച്ചിൽ നടത്തുന്നത്.  ഇതിൽ 1.15 കോടി ഡിടിപിസിയും 35 ലക്ഷം രൂപ എംഎൽഎ ഫണ്ടിൽനിന്നുമാണ്‌. സ്‌കേറ്റിങ് ട്രാക്കും കുളത്തിനുസമീപം നിർമിക്കുന്ന സംഗീതത്തോടുകൂടിയ ജലധാരയുമാണ്‌ പ്രധാന ആകർഷണം. സൈക്കിൾ സവാരിക്ക് പ്രത്യേക പാതയുമുണ്ട്‌. സ്റ്റേജ്, നടപ്പാത, കുളം നവീകരണം എന്നിവക്കൊപ്പം കവാടവും നിർമിക്കും. വിനോദത്തിനപ്പുറം സാംസ്‌കാരിക കേന്ദ്രമായി  ബീച്ചിനെ മാറ്റുകയാണ്‌ നവീകരണത്തിന്റെ ലക്ഷ്യം. ജില്ലാ നിർമിതികേന്ദ്രക്കാണ്‌ മേൽനോട്ട ചുമതല.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top