30 May Saturday
പാളയം മാർക്കറ്റിലെ തിരക്ക‌് കുറയ‌്ക്കും

അമിത വില ഈടാക്കുന്നതിനെതിരെ നടപടി

സ്വന്തം ലേഖികUpdated: Tuesday Mar 24, 2020

സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥർ വലിയങ്ങാടിയിലെ കടകളിലെ സ്റ്റോക്ക് പരിശോധിക്കുന്നു

കോഴിക്കോട‌്
പഴവും പച്ചക്കറിയും വാങ്ങാൻ ഏറ്റവും കൂടുതൽ പേരെത്തുന്ന പാളയം മാർക്കറ്റിലെ തിരക്ക‌് കുറയ്ക്കാൻ നടപടികളുമായി  കോർപറേഷൻ. സ്ഥിരം  ഉപഭോക്താക്കൾക്ക‌് ഇവിടേക്ക‌് വരാതെ പച്ചക്കറി മാർക്കറ്റിലെ വിലനിലവാരം സഹിതം സാധനങ്ങൾ റീട്ടെയിൽ ഷോപ്പുകളിൽ എത്തിച്ചു നൽകും. പാളയം മാർക്കറ്റിനു സമീപം 25 ഉന്തുവണ്ടികൾ മാത്രമേ കച്ചവടം നടത്താവൂ. ബാക്കിയുള്ളവ നഗരത്തിലെ മറ്റ‌് റസിഡൻഷ്യൽ ഭാഗങ്ങളിൽ ക്രമീകരിക്കണം.  കോവിഡ‌് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി മേയർ തോട്ടത്തിൽ രവീന്ദ്രന്റെ അധ്യക്ഷതയിൽ  ചേർന്ന പഴം‐പച്ചക്കറി വ്യാപാരികളുടെ യോഗത്തിലാണ‌് തീരുമാനം.
ഭീതി മുതലെടുത്ത‌് ചില സ്ഥാപനങ്ങൾ അമിത വില ഈടാക്കുന്നതിനെതിരെ കർശന നടപടിയെടുക്കാനും തീരുമാനിച്ചു.  പച്ചക്കറി മൊത്തവിപണിയിലുള്ളതിനേക്കാൾ 200 ശതമാനം  വരെ വില കൂട്ടിയാണ‌് പല കച്ചവടക്കാരും വിൽക്കുന്നത‌്. ഇത‌് തടയാനായി എല്ലാ റീട്ടെയിൽ കടകളിലും മൊത്തവിതരണ കേന്ദ്രത്തിലെ വിലനിലവാരം നിർബന്ധമായും പ്രദർശിപ്പിക്കണം.  ഇതിൽനിന്ന്‌ 20 ശതമാനം വർധനയോടെ മാത്രമേ വിൽക്കാൻ പാടുള്ളൂ. ഉന്തുവണ്ടികളിലും വിലവിവരപ്പട്ടിക പ്രദർശിപ്പിക്കണം.    
ഈ വില വിവരം കോർപറേഷനിലെ ദ്രുതകർമ സേനക്കും (റാപ്പിഡ‌് റെസ‌്പോൺഡ‌് ടീം) കൈമാറണം. അമിത വില ഈടാക്കുന്നതറിയാൻ കോർപറേഷൻ ആരോഗ്യ വിഭാഗം, ലീഗൽ മെട്രോളജി, സിവിൽ സപ്ലൈസ‌് വിഭാഗം എന്നിവയുടെ സംയുക്ത മിന്നൽ പരിശോധനയുമുണ്ടാകും.   വഴിയോര കച്ചവടക്കാരും വിലനിലവാരം കൃത്യമായി പ്രദർശിപ്പിക്കണം. ഇവ തമ്മിലുള്ള അകലം മൂന്ന‌ു മീറ്ററിൽ കുറയാതെ വേണമെന്നും യോഗം തീരുമാനിച്ചു. ഡെപ്യൂട്ടി മേയർ മീര ദർശക‌്, കോർപറേഷൻ സെക്രട്ടറി ബിനു ഫ്രാൻസിസ‌് തുടങ്ങിയവർ പങ്കെടുത്തു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top