22 February Saturday

ഭരണഘടന വായിച്ച്‌ ലക്ഷങ്ങൾ കണ്ണിചേരും

വെബ് ഡെസ്‌ക്‌Updated: Friday Jan 24, 2020
സ്വന്തം ലേഖകൻ
കോഴിക്കോട്‌
പൗരത്വ ഭേദഗതി നിയമത്തിനെതിരെ 26-ന്‌ എൽഡിഎഫ്‌ നേതൃത്വത്തിൽ നടക്കുന്ന മനുഷ്യ മഹാശൃംഖലയിൽ ജനലക്ഷങ്ങൾ ഭരണഘടനയുടെ ആമുഖം വായിച്ച്‌ അണിനിരക്കും. ഞായറാഴ്‌ച പകൽ മൂന്നരയ്‌ക്ക്‌ ദേശീയപാതയിൽ ഒത്തുചേരുന്നവർ നാലിനാണ്‌ ഭരണഘടനയുടെ ആമുഖം വായിക്കുക. തുടർന്ന്‌ ഭരണഘടനാ സംരക്ഷണ പ്രതിജ്ഞയുമെടുക്കുമെന്ന്‌ എൽഡിഎഫ്‌ നേതാക്കളായ പി മോഹനൻ, മുക്കം മുഹമ്മദ്‌, ടി വി ബാലൻ, മനയത്ത്‌ ചന്ദ്രൻ, എൻ കെ അബ്ദുൾ അസീസ്‌, കെ ലോഹ്യ എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ജില്ലാ അതിർത്തിയായ പൂഴിത്തല മുതൽ മലപ്പുറം ജില്ലയോട്‌ ചേർന്നുകിടക്കുന്ന ഐക്കരപ്പടി വരെ ദേശീയപാതയിൽ 83 കിലോമീറ്റർ ദൂരത്തിലാണ്‌ ചങ്ങല തീർക്കുന്നത്‌.
മത ജാതി കക്ഷി വ്യത്യാസമില്ലാതെ എല്ലാ വിഭാഗം ജനങ്ങളും അണിനിരക്കും. അതേസമയം, തീവ്രവാദ, വർഗീയ ഉള്ളടക്കമുള്ള ഒരു സംഘടനക്കും ശൃംഖലയിൽ സ്ഥാനമുണ്ടാകില്ല. മതാടിസ്ഥാനത്തിൽ പൗരത്വത്തെ നിർണയിക്കുന്ന ഭേദഗതി നിയമം ഇന്ത്യയുടെ മതനിരപേക്ഷതയെ തകർക്കുന്നതും മതരാഷ്‌ട്രത്തിലേക്കുള്ള ചുവടുവയ്‌പ്പുമാണെന്ന്‌ തിരിച്ചറിയുന്ന എല്ലാ വിഭാഗം ജനങ്ങളും മഹാശൃംഖലയുടെ ഭാഗമാകും.
മനുഷ്യ മഹാശൃംഖലയുടെ പ്രചാരണാർഥം വിപുലമായ പരിപാടികളാണ്‌ എൽഡിഎഫ്‌ നേതൃത്വത്തിൽ ജില്ലയിൽ നടന്നത്‌. പത്തു ലക്ഷം ലഘുലേഖകൾ ഗൃഹസന്ദർശനത്തിന്റെ ഭാഗമായി ബഹുജനങ്ങളിലെത്തിച്ചു. എൽഡിഎഫ്‌ നേതൃത്വത്തിൽ നടന്ന ജില്ലാ ജാഥക്ക്‌ ഉജ്വലമായ സ്വീകരണമാണ്‌ എങ്ങും ലഭിച്ചത്‌. എൽഡിഎഫ്‌ പ്രവർത്തകർക്കു പുറമെയുള്ളവരും സ്വീകരണ കേന്ദ്രങ്ങളിലെത്തി. എൽഡിഎഫിനെ സംശയത്തോടെ നോക്കിക്കണ്ടവരടക്കം ജാഥയുടെ സ്വീകരണ കേന്ദ്രങ്ങളിലെത്തിയത്‌ ശരിയായ നിലപാടിനുള്ള അംഗീകാരമാണ്‌.
പരിപാടിക്ക്‌ മുന്നോടിയായി വെള്ളിയാഴ്‌ച വരെ 400 പ്രാദേശിക വിളംബര ജാഥകൾ നടക്കും. ശനിയാഴ്‌ച എല്ലാ കേന്ദ്രങ്ങളിലും പന്തംകൊളുത്തി പ്രകടനം നടക്കും.
മനുഷ്യ മഹാശൃംഖലയിൽ കോഴിക്കോട്‌ നഗരത്തിലും മറ്റു പ്രദേശങ്ങളിലുമായി സാമൂഹ്യ രാഷ്‌ട്രീയ സാംസ്‌കാരിക രംഗത്തെ പ്രമുഖ നേതാക്കൾ അണിചേരും. മന്ത്രിമാരായ ടി പി രാമകൃഷ്‌ണൻ, എ കെ ശശീന്ദ്രൻ തുടങ്ങിയവരും ജില്ലയിൽ അണിചേരും. ഭരണഘടനാ പ്രതിജ്ഞയെടുത്ത ശേഷം ദേശീയ പാതയിലെ പ്രധാന കേന്ദ്രങ്ങളിൽ പൊതുയോഗങ്ങൾ ചേരുമെന്നും നേതാക്കൾ പറഞ്ഞു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top