കോഴിക്കോട് > മാലിന്യങ്ങളും ചപ്പുചവറുകളും നിറഞ്ഞ മാനാഞ്ചിറ ഇനി പഴയ കഥ. നഗരത്തിന്റെ ദാഹമകറ്റുന്ന ഈ ചിറ മണ്ണ് നിറഞ്ഞ പടവുകളും മറ്റും വൃത്തിയാക്കി പുതുമുഖം കൈവരിക്കാനൊരുങ്ങുന്നു. കോര്‍പറേഷന്റെ ആഭിമുഖ്യത്തില്‍ വേങ്ങേരി നിറവും ഐഐഎം കോഴിക്കോടും ചേര്‍ന്നാണ് മാനാഞ്ചിറ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. കോര്‍പറേഷന്റെ പുതിയ ഭരണസമിതി അധികാരമേറ്റ ദിവസം തന്നെ മേയര്‍ വി കെ സി മമ്മദ്കോയ കോഴിക്കോടിനെ മാലിന്യ മുക്തമാക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.
സാമൂതിരിയുടെ കാലത്താണ് മാനാഞ്ചിറ ഉണ്ടാകുന്നത്. പിന്നീട് ഇത് നഗരത്തിന്റെ മുഴുവന്‍ കുടിവെള്ള കേന്ദ്രമായി മാറി. 'നിറവ്' കൂട്ടായ്മയുടെ പത്താം വാര്‍ഷികത്തോടനുബന്ധിച്ച് മാനാഞ്ചിറ വൃത്തിയാക്കാന്‍ തീരുമാനിക്കുകയായിരുന്നു. പരിശീലനം ലഭിച്ച പത്ത് വളണ്ടിയര്‍മാരും ഐഐഎമ്മിലെ വിദ്യാര്‍ഥികളും ചേര്‍ന്ന് കുളം വൃത്തിയാക്കല്‍ തുടങ്ങി. ഒരാഴ്ചകൊണ്ട് ശുചീകരണം പൂര്‍ത്തിയാക്കും. പലയിടത്തുനിന്നായി ലഭിച്ച പുരസ്കാര തുകയില്‍ രണ്ട് ലക്ഷം രൂപ ശുചീകരണ പ്രവൃത്തികള്‍ക്കായി നിറവ് നീക്കിവച്ചിട്ടുണ്ട്. കലിക്കറ്റ് മിനി മാരത്തോണിന്റെ ഭാഗമായാണ് ഐഐഎമ്മിലെ വിദ്യാര്‍ഥികള്‍ ശുചീകരണത്തില്‍ പങ്കുചേര്‍ന്നത്. നിറവ് കോ– ഓഡിനേറ്റര്‍ ബാബു പറമ്പത്ത്, സെക്രട്ടറി പ്രദീപ്കുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് പ്രവൃത്തികള്‍.
മേയര്‍ വി കെ സി മമ്മദ്കോയ, ഡെപ്യൂട്ടി മേയര്‍ മീരാ ദര്‍ശക്, ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് കെ വി ബാബുരാജ്, വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് പി സി രാജന് എന്നിവര്‍ പ്രവൃത്തികള്‍ നടക്കുന്നിടം സന്ദര്‍ശിച്ചു. കോഴിക്കോടിനെ മാലിന്യ മുക്തമാക്കാന്‍ കോര്പറേഷന് നിറവുമായി ചേര്‍ന്ന് നിരവധി പദ്ധതികള്‍ ആവിഷ്കരിച്ചിട്ടുണ്ട്. ഉറവിട മാലിന്യ സംസ്കരണം അടക്കമുള്ളവ ഉടന്‍ ആരംഭിക്കും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..