30 November Monday

മുഖത്തുണ്ട്‌ ‌പ്രസാദം...മനശ്ശാന്തിയും

ഇ ബാലകൃഷ്‌ണൻUpdated: Monday Nov 23, 2020
 
പേരാമ്പ്ര
‘എല്ലാ ദുരിതങ്ങളും ഭഗവതിയുടെ മുമ്പിൽ പ്രാർഥനയായി സമർപ്പിച്ച് നെടുവീർപ്പിടുകയാണ് പതിവ്‌. ക്ഷേത്രത്തിലെത്തുന്ന ഭക്തരുടെ ആവലാതികേട്ട്‌ സാന്ത്വനം പകരുന്ന തങ്ങളുടെ ദയനീയാവസ്ഥ ആരോടാണ് പറയുക. എന്നാലിന്ന്‌ കാലംമാറി. ക്ഷേത്രസന്നിധിയിൽ ജീവിതം തള്ളിനീക്കുന്നവരുടെ  പരിദേവനങ്ങൾ കേൾക്കാനും പരിഹാരം കാണാനും സഹായിക്കാനും അധികാരികളുണ്ടെന്നത് വലിയ ആശ്വാസമാണ്’–-പേരാമ്പ്ര എരവട്ടൂരിലെ  പള്ളിയറ ഭഗവതി ക്ഷേത്രത്തിലെ മേൽശാന്തി ഈശ്വരൻ നമ്പൂതിരിയുടെ വാക്കുകളാണിത്‌. 
മലബാർ ദേവസ്വം ബോർഡിന്‌ കീഴിലുള്ള ക്ഷേത്രമാണിത്. കോവിഡിനെ തുടർന്ന്‌  ഏഴ് മാസത്തോളം ഭക്തജനങ്ങൾ വരാതായെങ്കിലും നിത്യപൂജാദി കർമങ്ങൾ മുടങ്ങിയിട്ടില്ല. ഭക്തരുടെ കാണിക്കയും വഴിപാടുകളും നിലച്ചതോടെ ക്ഷേത്ര വരുമാനം കുറഞ്ഞു. ഇത് ജീവനക്കാരുടെ ശമ്പളത്തേയും ബാധിച്ചു. ഒട്ടുമിക്ക ക്ഷേത്രങ്ങളിലെയും അവസ്ഥയാണിത്‌. ഈ ഘട്ടത്തിലാണ്‌ സർക്കാർ സഹായമെത്തുന്നത്‌. കോവിഡ് പശ്ചാത്തലത്തിൽ ദുരിതമനുഭവിക്കുന്ന വിഭാഗമെന്ന നിലയിൽ ഗ്രേഡ് വ്യത്യാസമില്ലാതെ എല്ലാ ക്ഷേത്ര ജീവനക്കാർക്കും സർക്കാർ 10,000 രൂപവീതം നൽകിയിരുന്നു. കൂടാതെ  ക്ഷേത്ര ജീവനക്കാരുടെ ക്ഷേമനിധി ബോർഡിൽനിന്ന് 2500 രൂപയും നൽകി. ഇതോടാപ്പം സൗജന്യ റേഷനും ഭക്ഷ്യക്കിറ്റുകളുമെല്ലാം നൽകി.  
2006ലെ എൽഡിഎഫ് സർക്കാരിന്റെ കാലത്താണ് മലബാർ ദേവസ്വം ബോർഡ് രൂപീകരിച്ചത്‌. 2008ൽ മലബാർ ദേവസ്വം ബോർഡ് നിലവിൽ വന്നു. ഇതോടെ അന്തിത്തിരിവയ്‌ക്കാൻ പോലും വകയില്ലാതെ ജീർണാവസ്ഥയിലുള്ള 
ക്ഷേത്രങ്ങളെയടക്കം ബോർഡിന് കീഴിൽ കൊണ്ടുവന്നു. 26 താലൂക്കുകളിലായി ചെറുതും വലുതുമായ 1400 ക്ഷേത്രങ്ങളും 7000 ജീവനക്കാരുമാണ് ഇപ്പോൾ മലബാർ ദേവസ്വം ബോർഡിനു കീഴിലുള്ളത്.   

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top