13 November Wednesday
നാട്ടുകാർ പ്രക്ഷോഭത്തിലേക്ക്‌

പിഡബ്ല്യുഡി റോഡ് കൈയേറി വനംവകുപ്പ് ജണ്ട കെട്ടി

വെബ് ഡെസ്‌ക്‌Updated: Wednesday Oct 23, 2019
 
കുറ്റ്യാടി 
പൂതംപാറ–-ചൂരണി–-പക്രംതളം റോഡ് കൈയേറി വനംവകുപ്പ് അധികൃതർ ജണ്ട കെട്ടിയതിനെതിരെ ജനങ്ങൾ പ്രക്ഷോഭത്തിനൊരുങ്ങുന്നു. കഴിഞ്ഞ ദിവസമാണ് വനം വകുപ്പ് അധികൃതരുടെ ഒത്താശയോടെ കരാറുകാരൻ ജണ്ട കെട്ടിയത്. പക്രംതളം ചുരം റോഡിന് ബദലായി ചുരമില്ലാതെ എളുപ്പം വയനാട്ടിലെത്താൻ കഴിയുന്നതാണ് പൂതംപാറ–-ചൂരണി–-പക്രംതളം റോഡ്. 
10 മുതൽ 15 മീറ്റർവരെ വീതിയുള്ള റോഡ് ജണ്ട കെട്ടിയതോടെ ഏഴു മുതൽ എട്ടു മീറ്റർവരെയായി ചുരുങ്ങി. വനംവകുപ്പ്‌ നടപടി റോഡ്‌ വികസനം തടസ്സപ്പെടുത്തുമെന്നാണ്‌ ആരോപണം. പൊതുമരാമത്ത് ഏറ്റെടുത്ത പൂതംപാറ-–- ചൂരണി–-പക്രംതളം ചുരം റോഡ് എംഡിആർ പദ്ധതിയിൽ ഉൾപ്പെടുത്തി വികസന പ്രവർത്തനത്തിനായി ഏറ്റെടുത്തിരുന്നു. ജണ്ട കെട്ടിയതോടെ ഇതും തടസ്സപ്പെടുമെന്ന്‌ നാട്ടുകാർ പറയുന്നു. 
ജണ്ട നിർമാണത്തിന്‌ കരാറെടുത്തയാൾക്ക്‌ പ്രവൃത്തി എളുപ്പത്തിൽ തീർക്കാൻ വനംവകുപ്പ് അധികൃതർ സഹായിക്കുകയാണെന്ന ആരോപണവും ഉയർന്നിട്ടുണ്ട്. റോഡുവികസനത്തിന് തടസ്സമാകുന്ന നടപടിയിൽനിന്ന്‌ വനംവകുപ്പ്‌ പിന്മാറണമെന്ന്‌ സിപിഐ എം ചാത്തങ്കോട്ടുനട ലോക്കൽ കമ്മിറ്റി ആവശ്യപ്പെട്ടു.  റോഡിന്റെ നിലവിലെ വീതി നിലനിർത്തണമെന്നും ഇതിന്‌ വനംവകുപ്പ്‌ തയ്യാറായില്ലെങ്കിൽ ജനകീയ പ്രക്ഷോഭത്തിന് നേതൃത്വം നൽകുമെന്നും  ലോക്കൽ കമ്മിറ്റി അറിയിച്ചു. ഇക്കാര്യം ഉന്നയിച്ച്‌ ഇ കെ വിജയൻ എംഎൽഎ, ഡിഎഫ്ഒ, ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസർ എന്നിവർക്ക് നിവേദനം നൽകി.
പ്രധാന വാർത്തകൾ
 Top