20 September Friday

അഴികൾക്കപ്പുറം പൂക്കുന്നു പുതുലോകം

വെബ് ഡെസ്‌ക്‌Updated: Friday Aug 23, 2019

യന്ത്രങ്ങളുപയോഗിച്ചുള്ള കൃഷിയുടെ പരിശീലനം കെ വി മുകേഷ്‌ ഉദ്‌ഘാടനം ചെയ്യുന്നു

കോഴിക്കോട്‌
നല്ല ജീവിതത്തിലേക്കുള്ള യാത്രയിൽ നൂറുമേനി കൊയ്യാൻ അവരൊരുങ്ങി. മണ്ണിനെ  അറിഞ്ഞും സ്‌നേഹിച്ചുമുള്ള സ്വാതന്ത്ര്യത്തിന്റെ പുതിയ ലോകം. നിലം പാകപ്പെടുത്തൽ, വിത്തിടൽ... കോഴിക്കോട്‌ സബ്‌ ജയിലിന്റെ മതിലുകൾക്കുള്ളിൽനിന്ന്‌ കാർഷിക സമൃദ്ധിക്കായുള്ള ആരവം ഉയരുകയായി.
ശിക്ഷാ കാലയളവ്‌ കഴിഞ്ഞവരുടെ പുനരധിവാസം ലക്ഷ്യമിട്ടാണ്‌ വകുപ്പ്‌ കൃഷിയാരംഭിച്ചത്‌. യന്ത്രങ്ങളുപയോഗിച്ചുള്ള കൃഷിയുടെ പരിശീലനത്തിന്‌ വ്യാഴാഴ്‌ച സബ്‌ജയിൽ പരിസരത്ത്‌ തുടക്കമായി. തെരഞ്ഞെടുത്ത 20 അന്തേവാസികളാണ്‌ കർഷകരാവുക. ജയിൽ വളപ്പിനുള്ളിലും സമീപത്തുമായുള്ള 70 സെന്റ്‌ സ്ഥലത്ത്‌ വെണ്ട, പയർ, വഴുതന, തക്കാളി, മത്തൻ തുടങ്ങി പത്തിനം പച്ചക്കറികൾക്കാണ്‌ വിത്താണിടുന്നത്‌. 
ട്രില്ലർ, ട്രാക്ടർ തുടങ്ങിയ യന്ത്രങ്ങളുടെ സഹായത്തിലാണ്‌ കൃഷി. ഇതിന്‌ പുറമെ തെങ്ങ്‌ കയറ്റ യന്ത്രം, അടയ്‌ക്കാ പൊളി തുടങ്ങിയ ഉപകരണങ്ങളിലും പരിശീലനം നൽകും. അഞ്ചുദിവസത്തെ പരിശീലനത്തിനുശേഷം 29ന്‌ വിത്തിറക്കും. കൃഷി വകുപ്പ്‌, കൃഷി എൻജിനിയറിങ്‌ വിഭാഗം, കാർഷിക സർവകലാശാല എന്നിവയുടെ സഹകരണത്തോടെയാണ്‌ പദ്ധതി.  ഒരു ലക്ഷം രൂപയുടെ പദ്ധതിയിൽ കാർഷിക ഉപകരണങ്ങളും വാങ്ങിക്കും. 
ഉത്തരമേഖലാ വെൽഫെയർ ഓഫീസർ കെ വി മുകേഷ്‌ പരിശീലനം  ഉദ്‌ഘാടനംചെയ്‌തു. കോഴിക്കോട്‌ സബ്‌ ജയിൽ സൂപ്രണ്ട്‌ കെ കെ റിനിൽ അധ്യക്ഷനായി. ജില്ലാ ജയിൽ സൂപ്രണ്ട്‌ റോമിയോ ജോൺ,  ടി അഹമ്മദ്‌ കബീർ, സി എം സാലിഹ്‌, പ്രൊഫ. സഞ്ജു സുകുമാരൻ, എം വി രവീന്ദ്രൻ, ടി രാജേഷ്‌ കുമാർ എന്നിവർ സംസാരിച്ചു. കെ കെ സുരേഷ്‌ ബാബു സ്വാഗതവും എ ഷൈജു നന്ദിയും പറഞ്ഞു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top