18 November Monday

വെള്ളിത്തിര മോഹിച്ച്‌ വിദ്യാർഥിക്കൂട്ടം

സ്വന്തം ലേഖകൻUpdated: Friday Aug 23, 2019

സിതാർ പദ്ധതിയുടെ ഭാഗമായുള്ള ജില്ലാ സെലക്‌ഷൻ പ്രോഗ്രാമിൽ നടത്തിയ ചലച്ചിത്ര ക്വിസ്‌

കോഴിക്കോട്‌
സിനിമയിലെ വെള്ളിവെളിച്ചം സ്വപ്നം കണ്ട് കോഴിക്കോടൻ കൗമാരം ഒത്തുകൂടി. വൈവിധ്യമാർന്ന കരിയർ പാഷനായി സ്വീകരിച്ച 230 വിദ്യാർഥികളാണ്‌ കാരപ്പറമ്പ്‌ ഗവ. ഹയർസെക്കൻഡറി സ്‌കൂളിൽ വന്നെത്തിയത്‌. 
ഹയർ സെക്കൻഡറി കരിയർ ഗൈഡൻസ് ആൻഡ്‌ അഡോളസെന്റ്‌ കൗൺസിൽ സെൽ കേരള ചലച്ചിത്ര അക്കാദമിയുടെ സഹകരണത്തോടെ ഹയർ സെക്കൻഡറി വിദ്യാർഥികൾക്കായി നടത്തുന്ന സിതാർ (സ്‌റ്റുഡന്റ്‌സ്‌ ഇനീഷ്യേറ്റീവ്‌ ഫോർ ട്രെയിനിങ്‌ ആർടിസ്‌റ്റിക്‌ റീജുവനേഷൻ) പദ്ധതിയുടെ ഭാഗമായുള്ള ജില്ലാ സെലക്‌ഷൻ പ്രോഗ്രാമിലാണ് വെള്ളിത്തിരയിലെ സ്വപ്‌നങ്ങളുമായി എത്തിയത്‌. 
ചലച്ചിത്ര നിർമാണ മേഖലയിലെ സംവിധാനം, എഡിറ്റിങ്‌, ഫോട്ടോഗ്രാഫി, ഡബ്ബിങ്‌, വസ്ത്രാലങ്കാരം, ചമയം തുടങ്ങിയ വൈവിധ്യമാർന്ന മേഖലയിൽ താൽപ്പര്യമുള്ള വിദ്യാർഥികൾക്കുള്ള സംസ്ഥാന –-ദേശീയ പരിശീലനത്തിന്റെ ഭാഗമായിരുന്നു സെലക്‌ഷൻ. ജില്ലയിലെ എല്ലാ സ്കൂളുകളിൽനിന്നും  തെരഞ്ഞെടുത്ത രണ്ടു കുട്ടികൾ (ഒരാൺകുട്ടിയും ഒരു പെൺകുട്ടിയും) വീതം  കാരപ്പറമ്പ്‌ സ്‌കൂളിലെത്തി. സിനിമാ മേഖലയിലെ തൊഴിൽ സാധ്യതകളെപ്പറ്റി  താമരശേരി വിദ്യാഭ്യാസ ജില്ലാ കരിയർ ഗൈഡൻസ് കോ ഓർഡിനേറ്റർ കബീർ പരപ്പൊയിൽ ക്ലാസെടുത്തു. വി കെ  ജോബിഷ്  ക്വിസ് മത്സരം അവതരിപ്പിച്ചു.  പ്രശ്നോത്തരി മത്സര  മികവിന്റെ അടിസ്ഥാനത്തിൽ പത്തു പേരെ അഭിമുഖത്തിന്‌ തെരഞ്ഞെടുത്തു. അനിൽ തിരുവോത്ത്, വി കെ  ജോബിഷ്, നദീം നൗഷാദ്, ടി ആർ അബ്ദിജൻ എന്നിവരായിരുന്നു അഭിമുഖം നടത്തിയത്‌.  
അടുത്ത മാസം ചലച്ചിത്ര അക്കാദമിയിൽ നടക്കുന്ന ഒരാഴ്ചത്തെ സംസ്ഥാന ക്യാമ്പിലേക്ക്‌  ജില്ലയിൽനിന്ന്‌ മൂന്ന്‌ പേർക്ക്‌ പങ്കെടുക്കാം.  സംസ്ഥാന ക്യാമ്പിൽ പങ്കെടുക്കുന്ന 40 പേർക്ക്‌ പുണെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ   നടക്കുന്ന ദേശീയ ക്യാമ്പിൽ പങ്കെടുക്കാം.  സിതാർ സെലക്‌ഷൻ ക്യാമ്പ്‌  കോഴിക്കോട് ഡെപ്യൂട്ടി കലക്ടർ സി ബിജു  ഉദ്ഘാടനംചെയ്‌തു. കെ കുഞ്ഞഹമ്മദ്‌ അധ്യക്ഷനായി. ഹെഡ്മിസ്ട്രസ്  ഷാദിയ ബാനു, നജീബ് മാളിയേക്കൽ എന്നിവർ സംസാരിച്ചു. കരിയർ ഗൈഡൻസ് ആൻഡ്‌ അഡോളസെന്റ്‌ കൗൺസിൽ ജില്ലാ കോ ഓഡിനേറ്റർ ഡോ. പി കെ ഷാജി സ്വാഗതവും ജോയിന്റ് കോ ഓഡിനേറ്റർ  പി മാധവാനന്ദ്  നന്ദിയും പറഞ്ഞു.

 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top