27 September Monday

പക്ഷിപ്പനിയെന്ന്‌ സംശയം, 
പത്ത്‌ പഞ്ചായത്തുകളിൽ ജാഗ്രത

വെബ് ഡെസ്‌ക്‌Updated: Friday Jul 23, 2021
കോഴിക്കോട്‌
ജില്ലയിൽ പക്ഷിപ്പനി സ്ഥിരീകരിച്ചതായി സംശയം. കൂരാച്ചുണ്ട്‌ പഞ്ചായത്തിലെ ഫാമിലെ കോഴികൾക്കാണ്‌ അസുഖം സംശയിക്കുന്നത്‌. ഭോപാലിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട്‌ ഓഫ്‌ ഹൈ സെക്യൂരിറ്റി ആനിമൽ ഡിസീസിൽനിന്ന്‌ ഫലംവരുന്നതോടെ രോഗബാധയുണ്ടോ എന്നതിൽ സ്ഥിരീകരണമുണ്ടാകും. വെള്ളിയാഴ്‌ച വൈകിട്ടോ, ശനിയാഴ്‌ചയോ ഫലമറിയാമെന്നാണ്‌ പ്രതീക്ഷിക്കുന്നത്‌.
കഴിഞ്ഞ ദിവസമാണ്‌ ഫാമിലെ കോഴികൾക്ക്‌ അസുഖലക്ഷണം  കണ്ടത്‌. തിരുവനന്തപുരത്തെ സിഡിഐഒ, തിരുവല്ലയിലെ എഡിഡിഎൽ ലാബുകളിൽ സാമ്പിളയച്ച്‌ പരിശോധിച്ചു. ആന്റിജൻ പരിശോധനയിൽ സാമ്പിളുകളൊന്നിൽ നേരിയ പോസിറ്റീവ്‌  ഫലവും മറ്റൊന്നിൽ നെഗറ്റീവുമാണ്‌ കാണിച്ചിരിക്കുന്നത്‌. ഇതോടെയാണ്‌ ഭോപാലിലേക്ക്‌ സാമ്പിളുകൾ അയക്കാൻ തീരുമാനമായത്‌. ഇതിനുശേഷമേ പക്ഷിപ്പനിയാണോ എന്നത്‌ സ്ഥിരീകരിക്കാനാകൂ.
രോഗലക്ഷണങ്ങൾ കണ്ടെത്തിയ ഫാമിലും പത്ത്‌ കിലോമീറ്റർ ചുറ്റളവിലുള്ള പഞ്ചായത്തുകളിലും ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. ചക്കിട്ടപാറ, കായണ്ണ, കൂരാച്ചുണ്ട്‌, കൂത്താളി, ചങ്ങരോത്ത്‌, പേരാമ്പ്ര, നൊച്ചാട്‌, നടുവണ്ണൂർ, കോട്ടൂർ, പനങ്ങാട്‌, കട്ടിപ്പാറ പഞ്ചായത്തുകളിലാണ്‌ ദുരന്തനിവാരണ നിയമപ്രകാരം നിയന്ത്രണം പ്രഖ്യാപിച്ചിരിക്കുന്നതെന്ന്‌ കലക്ടർ നരസിംഹുഗാരി ടി എൽ റെഡ്ഡി അറിയിച്ചു.
രോഗലക്ഷണങ്ങൾ കണ്ടെത്തിയ ഫാമിനകത്തേക്ക്‌ വാഹനങ്ങൾക്ക്‌ പ്രവേശനമുണ്ടാകില്ല. സ്വകാര്യവാഹനങ്ങൾ ഇതുവഴിയുള്ള യാത്ര ഒഴിവാക്കണം. ഇവിടെനിന്ന്‌ കോഴി, മുട്ട, ചത്ത കോഴികൾ, കോഴിവളം, മറ്റുപകരണങ്ങൾ തുടങ്ങിയവ പുറത്തേക്ക്‌ കൊണ്ടുപോകാൻ അനുവദിക്കില്ല. സുരക്ഷാ വസ്‌ത്രങ്ങൾ ധരിച്ചുവേണം ഫാമിലെ ജീവനക്കാരും തൊഴിലാളികളും ജോലിയെടുക്കാൻ. മാസ്‌ക്‌, കയ്യുറ, ഷൂ എന്നിവ നിർബന്ധമായും ഉപയോഗിക്കണം. ജോലികഴിഞ്ഞ്‌ തിരികെ പോകുന്നവർ സുരക്ഷാ ഉപകരണങ്ങൾ ശുചിയാക്കണം. ഇവിടെ ജോലിചെയ്യുന്നവർ മറ്റ്‌ ഫാമുകൾ സന്ദർശിക്കരുത്‌. കോഴിമാലിന്യങ്ങൾ തുറസ്സായ സ്ഥലങ്ങളിൽ ഉപേക്ഷിക്കരുത്‌. നിയന്ത്രണം നടപ്പാക്കാൻ പൊലീസിന്റെ സഹായമുണ്ടാകുമെന്നും അവ പാലിക്കുന്നുണ്ടെന്ന്‌ ഉറപ്പാക്കാൻ തദ്ദേശ സ്ഥാപന സെക്രട്ടറിമാർക്ക്‌ നിർദേശം നൽകിയിട്ടുണ്ടെന്നും കലക്ടർ അറിയിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top