18 July Thursday

ഡയാലിസിസ് സെന്ററിലെ ഉപകരണങ്ങൾ മാറ്റുന്നത് തടഞ്ഞു

വെബ് ഡെസ്‌ക്‌Updated: Sunday Jun 23, 2019
നാദാപുരം
 കോഴിക്കോട്ടെ പ്രമുഖ സ്വകാര്യ ആശുപത്രിയുടെ ശാഖയായി നാദാപുരത്ത്  പ്രവർത്തിക്കുന്ന ഡയാലിസിസ് സെന്ററിൽ നിന്നും സാധന സാമഗ്രികൾ മാറ്റുന്നത് രോഗികളുടെ ബന്ധുക്കൾ തടഞ്ഞു. ശനിയാഴ്‌ച വൈകിട്ടാണ്‌ സംഭവം . സ്വകാര്യ ആശുപത്രി ഡയാലിസിസ് സെൻറർ പൂട്ടാൻ മാസങ്ങൾക്ക് മുൻപ് തീരുമാനമെടുത്തിരുന്നു. സെന്റർ പൂട്ടാനുള്ള തീരുമാനത്തിനെതിരെ രോഗികളും ബന്ധുക്കളും ചേർന്ന് നാദാപുരത്ത് കൺവൻഷൻ വിളിച്ചു ചേർത്ത് കർമ സമിതി രൂപീകരിച്ചിരുന്നു. പിന്നീട് സ്വകാര്യ ആശുപത്രിയിൽ നിന്നും തണൽ - ഇലാജ് ട്രസ്റ്റ് ഇത്‌  ഏറ്റെടുക്കുകയായിരുന്നു .ഇപ്പോൾ ആറ് യൂനിറ്റ് മെഷീനുകളിൽ ഡയാലിസിസ് സെന്റർ പ്രവർത്തിക്കുന്നുണ്ട്‌.   സ്വകാര്യ ആശുപത്രിയും  തണലും ചേർന്ന് ഉണ്ടാക്കിയ ധാരണ പ്രകാരമാണ് ഡയാലിസിസ് കേന്ദ്രത്തിലെ ഉപകരണങ്ങൾ രോഗികൾക്കായി ഉപയോഗിക്കുന്നത്‌. രോഗികൾക്ക് ഡയാലിസിസ് ചെയ്തു കൊണ്ടിരിക്കുന്നതിനിടയിലാണ് ഇവിടെ നിന്നും സാമഗ്രികൾ മാറ്റാനായി കോഴിക്കോട് നിന്നും ആളുകൾ എത്തിയത് .രോഗികൾ ഉപയോഗിച്ചു കൊണ്ടിരിക്കുന്ന വെയിംഗ് മെഷീൻ ഉൾപെടെയുള്ള ഉപകരണങ്ങൾ മാറ്റിയതാണ് രോഗികളുടെ ബന്ധുക്കളെ പ്രകോപിപ്പിച്ചത്.തുടർന്ന് രോഗികളുടെ ബന്ധുക്കളും ഉപകരണം കയറ്റുന്നവരുമായി വാക്കേറ്റമുണ്ടാവുകയും ചെയ്തു. എസ് ഐ എസ് നിഖിലിന്റെയും എ എസ് ഐ ബാബു കക്കട്ടിലിന്റെയും  നേതൃത്വത്തിൽ പൊലീസ് സംഘം സ്ഥലത്തെത്തി. സാമഗ്രികൾ നീക്കുന്നത് സംബന്ധിച്ചുണ്ടായ ആശയ വിനിമയമാണ്‌  പ്രശ്നങ്ങൾക്ക് ഇടയാക്കിയത് .

 

പ്രധാന വാർത്തകൾ
 Top