02 June Tuesday

പോക്സോ കോടതിയുടെ പ്രവർത്തനം ജൂണിൽ തുടങ്ങും

സ്വന്തം ലേഖകൻUpdated: Saturday May 23, 2020
കൊയിലാണ്ടി 
കൊയിലാണ്ടിയിലെ പോക്‌സോ കോടതിയുടെ പ്രവർത്തനം ജൂൺ ആദ്യവാരത്തോടെ ആരംഭിക്കും. സംസ്ഥാനത്താകെ അനുവദിച്ച 28 പോക്‌സോ കോടതികളിൽ കോഴിക്കോട് ജില്ലയിലേക്കായി അനുവദിച്ച രണ്ടെണ്ണത്തിലൊന്നാണ്  കൊയിലാണ്ടിയിലേത്. മറ്റൊന്ന് ജില്ലാ കോടതി കോംപ്ലക്സിലാണ് പ്രവർത്തിക്കുക. ഇതോടെ കൊയിലാണ്ടിയിൽ കോടതികളുടെ എണ്ണം മൂന്നാകും. മാർച്ച് അവസാനത്തോടെ ആരംഭിക്കാനുദ്ദേശിച്ചിരുന്ന കോടതിയുടെ പ്രവർത്തനം കോവിഡ്‌ പ്രതിരോധത്തിന്റെ ഭാഗമായാണ്‌ ജൂണിലേക്ക്‌   മാറ്റിയത്‌.    
എംഎൽഎ ഫണ്ടുപയോഗിച്ച്‌‌ നിർമിച്ച  കെട്ടിടത്തിലെ ഒന്നാം നിലയിലാണ് കോടതി പ്രവർത്തിക്കുക.  കോടതി ഹാളിൽ ഡയസ്സും മറ്റ് ഫർണിച്ചറുകളും ഒരുക്കാനായി  സിഡ്കൊയെയും പൊതുമരാമത്ത് കെട്ടിടവിഭാഗത്തെയും ചുമതലപ്പെടുത്തി.  പ്രവൃത്തി 30നകം പൂർത്തിയാക്കാനാണ് നിർദേശം.   
 കോടതിയിലേക്കാവശ്യമായ ജീവനക്കാരുടെ  ക്രമീകരണം പൂർത്തിയായി. അഡീഷണൽ ജില്ലാ ജഡ്ജ്, സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ഉൾപ്പെടെ ഏഴ്‌ തസ്തികകളാണ് പുതുതായി അനുവദിച്ചത്.  ഗ്രേഡ് 1 ബെഞ്ച് ക്ലർക്ക്, സീനിയർ ക്ലർക്ക്,  കോൺഫിഡൻഷ്യൽ അസിസ്റ്റന്റ്, ടൈപ്പിസ്റ്റ്, പ്യൂൺ തുടങ്ങിയവരാണ് ഉണ്ടാവുക. ഇതിൽ താൽക്കാലികാടിസ്ഥാനത്തിലുള്ള തസ്തികകളിലേക്കുള്ള കൂടിക്കാഴ്ച പൂർത്തിയായിട്ടുണ്ട്.  ഉദ്യോഗക്കയറ്റത്തിലൂടെയും അല്ലാതെയുമുള്ള നിയമന പ്രക്രിയകൾ   കോടതി ആരംഭിക്കുന്നതിന് മുന്നോടിയായി  പൂർത്തിയാക്കും.  ഇപ്പോൾ കോടതിക്ക് മുൻവശം  പുതുതായി നിർമിക്കുന്ന ചുറ്റുമതിലിന്റെയും കവാടത്തിന്റെയും പ്രവൃത്തി പുരോഗമിക്കുകയാണ്.    കഴിഞ്ഞദിവസം സബ് ജഡ്ജിയുടെ അധ്യക്ഷതയിൽ പ്രവൃത്തി വിലയിരുത്തിയതായി കെ ദാസൻ എംഎൽഎ പറഞ്ഞു.
പ്രധാന വാർത്തകൾ
 Top