02 July Thursday

ഞങ്ങളുണ്ട്‌, വരവേൽക്കാൻ

സ്വന്തം ലേഖികUpdated: Saturday May 23, 2020
കോഴിക്കോട്‌ 
മാസങ്ങളുടെ ആശങ്കയ്‌ക്കുശേഷം ജന്മനാട്ടിലേക്ക്‌ തീവണ്ടിയിറങ്ങുന്നവരെ കാത്തിരിക്കാൻ ഉറ്റവരാരും റെയിൽവേ സ്‌റ്റേഷനിൽ എത്താറില്ല. പകരം പച്ചയും ചുവപ്പും നിറമുള്ള ബസ്സുകളുടെ നീണ്ട നിര തന്നെയുണ്ട്‌ വരവേൽക്കാൻ. കോവിഡിനെക്കുറിച്ചുള്ള ആശങ്കകളൊന്നുമില്ലാതെ‌ കെഎസ്‌ആർടിസി ഡ്രൈവർമാരും‌. അടച്ചുപൂട്ടലിൽ നഷ്ടത്തിലായിട്ടും കോവിഡ്‌ വ്യാപനം തടയാൻ സൗജന്യയാത്രക്ക്‌ കെഎസ്‌ആർടിസി 24 മണിക്കൂറും സജ്ജം.  
  ക്വാറന്റൈനിലാകുന്ന ഒരു പറ്റം ആളുകളെ സുരക്ഷിതമായി നാടുകളിലേക്ക്‌ എത്തിക്കുന്നത്‌ കെഎസ്‌ആർടിസി ബസ്സുകൾ വഴിയാണ്‌. മറ്റു ജില്ലകളിലേക്കും  സർവീസ്‌ നടത്തുന്നുണ്ട്‌. ഇതര സംസ്ഥാനങ്ങളിലേക്ക്‌ മടങ്ങുന്നവരെ  റെയിൽവേ സ്‌റ്റേഷനിൽ ഇറക്കാനും ഈ ബസ്‌ തന്നെയാണ്‌ ആശ്രയം. സാധാരണ ബസ്‌ യാത്രപോലെ കണ്ടക്ടർ ഇല്ല. ഡ്രൈവർമാർ മാത്രമാണുണ്ടാകുക. 
 സ്‌പെഷ്യൽ ട്രെയിനുകൾക്ക്‌ സംസ്ഥാനത്ത്‌ മൂന്നിടത്തുമാത്രമാണ്‌ സ്‌റ്റേഷനുള്ളത്‌.  കാസർകോട്‌, കണ്ണൂർ, വയനാട്‌, കോഴിക്കോട്‌, മലപ്പുറം, തൃശൂർ, പാലക്കാട്‌ എന്നീ ഏഴ്‌ ജില്ലകളിലേക്ക്‌ പോകുന്നവർ കോഴിക്കോട്‌ റെയിൽവേ സ്‌റ്റേഷനിലാണ്‌ ഇറങ്ങുക. തുടർന്ന്‌ ഇവരെ മുഴുവൻ അതത്‌ ജില്ലകളിലേക്ക്‌ കൊണ്ടുപോകുന്നത്‌ കെഎസ്‌ആർടിസി ബസ്സിലാണ്‌. കോഴിക്കോട്‌ ഡിപ്പോയിലെ വാഹനങ്ങളാണ്‌ മുഴുവനും. ട്രെയിൻ എത്തുന്നതിന്‌ ഒരു മണിക്കൂർ മുമ്പ്‌ ബസ്‌ റെയിൽവേ സ്‌റ്റേഷനിലെത്തും. ആളുകൾ എത്തിയാലും പരിശോധനകൾ ഉൾപ്പെടെയുള്ള നടപടികൾക്കുശേഷം മൂന്ന്‌ മണിക്കൂർ കഴിഞ്ഞാണ്‌ പുറപ്പെടുക. കോഴിക്കോട്‌ ജില്ലയിലുള്ളവരെ അതത്‌ തദ്ദേശ ഭരണ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ടാണ്‌ കൊണ്ടുപോകുന്നത്‌. 17 വാഹനങ്ങളാണ്‌ കോവിഡ്‌ പ്രതിരോധ പ്രവർത്തനങ്ങൾക്ക്‌ സജ്ജമായിട്ടുള്ളത്‌. ഡ്രൈവർമാർ മാസ്‌കിനുപുറമെ ഗ്ലൗസും ധരിച്ചാണ്‌ യാത്ര. ബസ്സിൽ സാനിറ്റൈസറുമുണ്ടാകും.
പ്രധാന വാർത്തകൾ
 Top