27 May Wednesday

അതീവ ജാഗ്രതയിൽ ജില്ല

വെബ് ഡെസ്‌ക്‌Updated: Monday Mar 23, 2020
കോഴിക്കോട്
രണ്ടുപേർക്ക്‌ കോവിഡ്‌ 19 സ്ഥിരീകരിച്ചതോടെ ജില്ല അതീവ ജാഗ്രതയിൽ. ജില്ലയിൽ ആദ്യമായാണ്‌ രോഗം സ്ഥിരീകരിക്കുന്നത്. കുറ്റ്യാടി, കൊടുവള്ളി സ്വദേശികൾക്കാണ് രോ​ഗബാധ. ഇരുവരുടെയും ആരോഗ്യനില തൃപ്‌തികരമാണെന്ന്‌ അധികൃതർ അറിയിച്ചു. മെഡിക്കൽ കോളേജ് വിആർഡിഎൽ ലാബിലായിരുന്നു പരിശോധന.   
ദുബായ് എയർ ഇന്ത്യാ എ എൽ 938 ഫ്ളൈറ്റിൽ 20 ന് രാത്രിയാണ്‌  കുറ്റ്യാടി വേളം സ്വദേശിയായ യുവാവ്‌ കരിപ്പൂർ വിമാനത്താവളത്തിലെത്തിയത്‌. അസുഖത്തെ തുടർന്ന് ഇയാൾ ആരോഗ്യപ്രവർത്തകരെ വിവരം അറിയിച്ചു. തുടർന്ന് ആംബുലൻസിൽ മെഡിക്കൽ കോളേജ് ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചു. ഇയാളുടെ സ്രവം കഴിഞ്ഞദിവസമാണ് പരിശോധനക്കെടുത്തത്‌. 
കൊടുവള്ളി സ്വദേശിയായ സ്‌ത്രീയാണ്‌ അസുഖം ബാധിച്ച മറ്റൊരാൾ. അബുദാബിയിൽനിന്ന് 13 -ന് ഇ വൈ 250 ഫ്ളൈറ്റിനാണ്‌ കരിപ്പൂരിലെത്തിയത്. 19-ന് ബീച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.  ഇവരുമായി അടുത്തിടപഴകിയ നാലുപേർ ആശുപത്രിയിൽ നിരീക്ഷണത്തിലുണ്ട്. നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ല. എന്നാലും ഇനിയുള്ള ദിവസങ്ങൾ വളരെ നിർണായകമാണെന്ന് കലക്ടർ സാംബശിവറാവു അറിയിച്ചു. 
വിദേശത്ത് നിന്നെത്തിയവർ വീട്ടിലെ മുതിർന്നവർ, കുട്ടികൾ എന്നിവരുമായി സമ്പർക്കം ഒഴിവാക്കി വീടുകളിൽത്തന്നെ നിർബന്ധമായും കഴിയണം. പനി, ചുമ, ശ്വാസതടസ്സം എന്നീ രോഗലക്ഷണങ്ങൾ കണ്ടാൽ മെഡിക്കൽ ഓഫീസറുമായോ  ജില്ലാ കൺട്രോൾ റൂമുമായോ ബന്ധപ്പെടണം.
പുതുപ്പാടി സ്വദേശിനിയായ യുവതിക്ക്‌ ഇസ്രായേലിൽ കോവിഡ്‌ സ്ഥിരീകരിച്ചതായും സൂചനയുണ്ട്‌. ഇവർ 11 ദിവസമായി ആശുപത്രിയിലാണ്‌.
പ്രധാന വാർത്തകൾ
 Top