27 May Wednesday

കർശന നിയന്ത്രണം

സ്വന്തം ലേഖികUpdated: Monday Mar 23, 2020
കോഴിക്കോട്‌ 
രണ്ടുപേർക്ക്‌ കോവിഡ്‌ സ്ഥിരീകരിച്ചതിനെ തുടർന്ന്‌ ജില്ലയിൽ കലക്ടർ സാംബശിവ റാവു കർശന നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചു. ഉത്തരവ്‌ ഞായറാഴ്‌ച മുതൽ നിലവിൽവന്നു. 
വൈറസ്‌ വ്യാപനം  തടയുന്നതിനായി സ്വീകരിക്കേണ്ട മുൻകരുതൽ നടപടികളെക്കുറിച്ചും ജാഗ്രത പുലർത്തേണ്ടത്‌ സംബന്ധിച്ചും  മുഖ്യമന്ത്രിയുമായി വീഡിയോ കോൺഫ്രൻസ് നടത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കർശന നടപടിയിലേക്ക് ജില്ലാ ഭരണവിഭാഗം നീങ്ങിയത്.
പൊതു ഇടങ്ങളിൽ അഞ്ചിൽ കൂടുതൽ ആളുകൾ കൂടിച്ചേരരുത്‌. ഉത്സവങ്ങൾ,  മതാചാരങ്ങൾ, മറ്റ് ചടങ്ങുകൾ,  വിരുന്നുകൾ എന്നിവയിൽ പത്തിലധികംപേർ പങ്കെടുക്കരുത്‌. സ്കൂളുകൾ, കോളേജുകൾ തുടങ്ങി മറ്റെല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും മതപഠന കേന്ദ്രങ്ങളിലും ക്ലാസുകൾ, ക്യാമ്പുകൾ, പരീക്ഷകൾ, ഇന്റർവ്യൂകൾ, ഒഴിവുകാല വിനോദങ്ങൾ, വിനോദയാത്ര എന്നിവക്കും  ആശുപത്രികളിൽ സന്ദർശകർക്കും വിലക്കേർപ്പെടുത്തി. ആശുപത്രികളിൽ ബൈ സ്റ്റാൻഡർമാരായി ഒന്നിലധികംപേർ പാടില്ല. 
ക്ഷേത്രങ്ങളിലും പള്ളികളിലും പത്തിലധികംപേർ ഒരുമിച്ച് കൂടരുത്‌. ഹെൽത്ത് ക്ലബ്ബുകൾ, ജിമ്മുകൾ, ടർഫ് കളിസ്ഥലങ്ങൾ എന്നിവയുടെ പ്രവർത്തനവും നിരോധിച്ചു. ടൂറിസം കേന്ദ്രങ്ങളിലേക്കും ബീച്ചുകളിലേക്കും സഞ്ചാരികൾ പ്രവേശിക്കരുത്‌. 
എല്ലാതരം പ്രതിഷേധ പ്രകടനങ്ങൾ, ധർണകൾ, മാർച്ചുകൾ, ഘോഷയാത്രകൾ എന്നിവക്കും വിലക്കുണ്ട്‌.  പലചരക്ക്‌ കടകൾ,  മരുന്നുകടകൾ എന്നിവ  രാവിലെ 10 മുതൽ വൈകിട്ട് 7 വരെയേ തുറക്കാവൂ. 
വിവാഹങ്ങളിൽ ഒരേസമയം 10 ൽ കൂടുതൽ പേർ ചടങ്ങ് നടക്കുന്ന സമയത്ത് ഉണ്ടാവാൻ പാടില്ല. ആകെ പങ്കെടുക്കുന്നവർ 50 ൽ കൂടുതലാവരുത്‌. വിവാഹ തിയ്യതിയും ക്ഷണിക്കുന്നവരുടെ ലിസ്‌റ്റും അതത് പൊലീസ് സ്റ്റേഷനിലും വില്ലേജ് ഓഫീസുകളിലും അറിയിക്കണം.
പ്രധാന വാർത്തകൾ
 Top