27 May Wednesday

എതിരിടാൻ സജ്ജം

വെബ് ഡെസ്‌ക്‌Updated: Monday Mar 23, 2020
കോഴിക്കോട്‌ 
കോവിഡ്‌ വ്യാപനം തടയാൻ വകുപ്പുകളെ ഏകോപിപ്പിച്ച്‌ ജില്ലാ ഭരണവിഭാഗം. അടിയന്തര ഘട്ടങ്ങളിൽ ആരോഗ്യ, സന്നദ്ധ പ്രവർത്തകരുടെ സേവനവും ഉറപ്പാക്കും. ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിലാണ്‌ പ്രവർത്തനങ്ങൾ. റവന്യു, പൊലീസ്‌, ജല അതോറിറ്റി, ശുചിത്വമിഷൻ, കുടുംബശ്രീ തുടങ്ങിയ വകുപ്പുകളുടെ  സഹകരണം പ്രതിരോധ പ്രവർത്തനത്തിൽ ഉറപ്പാക്കും.
കൊറോണ കെയർ സെന്ററുകളുടെ ആരോഗ്യ നിരീക്ഷണ സംവിധാനങ്ങൾ കുറ്റമറ്റതാക്കാനുള്ള ചുമതല ആരോഗ്യ വകുപ്പിനാണ്‌. വേണ്ടത്ര ആരോഗ്യ പ്രവർത്തകരെ ലഭിക്കാത്ത സാഹചര്യമുണ്ടെങ്കിൽ സ്വകാര്യ ആശുപത്രികളിൽനിന്ന്‌ ജീവനക്കാരെ നിയോഗിക്കാം. സന്നദ്ധ പ്രവർത്തനത്തിന് തയ്യാറായിട്ടുള്ള വ്യക്തികളുടെ പട്ടികയിൽനിന്ന്‌ ആവശ്യത്തിന് സ്റ്റാഫിനെ ഷിഫ്റ്റ് അടിസ്ഥാനത്തിൽ ഉപയോഗിക്കും. നിരീക്ഷണ കേന്ദ്രങ്ങളിൽ ജോലിയിൽ ഏർപ്പെടുന്ന ജീവനക്കാർക്കുള്ള സുരക്ഷാ വസ്ത്രങ്ങളും മറ്റു ക്രമീകരണങ്ങളും ആരോഗ്യവകുപ്പ് നൽകും. 
കെയർ സെന്ററുകളിൽ താമസിക്കുന്ന വ്യക്തികൾക്കും ജീവനക്കാർക്കും ഭക്ഷണം, താമസ സൗകര്യം,  ശുചിത്വം  തുടങ്ങിയവ റവന്യൂ വകുപ്പ് ഉറപ്പാക്കും. കെയർ സെന്ററുകളിൽ സുരക്ഷാ സംവിധാനങ്ങൾ ഒരുക്കാൻ പൊലീസിന്‌ നിർദേശം നൽകി. നിരീക്ഷണ വിധേയരായവർക്ക്  നൽകാൻ ഗുണമേന്മയുള്ള പോഷകാഹാരം  പൊതുവിതരണവകുപ്പ് കുടുംബശ്രീ കാറ്ററിങ് യൂണിറ്റുകൾക്ക് അനുവദിക്കും. ഭക്ഷണം പാചകംചെയ്ത് പാക്കുകളിലാക്കി നിരീക്ഷണ വിധേയരായവർക്കും ജീവനക്കാർക്കും എത്തിക്കുന്നതിന്‌ കുടുംബശ്രീ യൂണിറ്റുകളെ ജില്ലാ മിഷൻ നിയോഗിക്കും. കെയർ സെന്ററുകളിലെ ജൈവ, അജൈവ മാലിന്യങ്ങളെ സംസ്‌കരിക്കുന്നുണ്ടെന്ന് ജില്ലാ ശുചിത്വമിഷൻ പരിശോധിക്കും.   
കെയർ സെന്ററുകളിലേക്ക് ശുദ്ധജല ലഭ്യത കേരള വാട്ടർ അതോറിറ്റി ഉറപ്പാക്കും. നിലവിലുള്ള കുടിവെള്ള സ്രോതസ്സുകൾ സുരക്ഷിതമാക്കണം. സെന്ററുകൾ പ്രവർത്തിക്കുന്ന കെട്ടിടങ്ങളിലെ വയറിങ്, പ്ലംബിങ് എന്നിവ പരിശോധിച്ച് അപകടരഹിതമാണെന്നും  ഉപകരണങ്ങൾ പ്രവർത്തനക്ഷമമാണെന്നും  പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗവും ഇലക്ട്രിക്കൽ വിഭാഗവും ഉറപ്പാക്കണം. അപാകം 24 മണിക്കൂറിനകം പരിഹരിക്കണമെന്നും കലക്ടർ നിർദേശിച്ചു. 
നിരീക്ഷണത്തിൽ കഴിയുന്ന വ്യക്തികളിൽ മാനസിക സംഘർഷം അനുഭവിക്കുന്നവർക്ക്  കൗൺസലിങ് നൽകുന്നതിന്‌ ജില്ലാ സാമൂഹ്യനീതി ഓഫീസ് സൗകര്യമൊരുക്കും.  കെയർ സെന്ററുകളിൽ ശുചീകരണം, വസ്ത്രങ്ങൾ, വ്യക്തിശുചിത്വം എന്നിവക്ക്‌ ആവശ്യമായ സാധനസാമഗ്രികൾ തദ്ദേശ സ്ഥാപനങ്ങൾ ലഭ്യമാക്കണം. കെയർ സെന്ററുകളിലെ  ജീവനക്കാർക്ക് യാത്രാസൗകര്യത്തിനുള്ള വാഹനങ്ങൾ മോട്ടോർ വാഹനവകുപ്പ് ലഭ്യമാക്കും.  കെയർ സെന്ററിൽ നിരീക്ഷണ വിധേയരായി താമസിക്കുന്നവർക്കുള്ള വസ്ത്രങ്ങൾ, ബെഡ്ഷീറ്റുകൾ തുടങ്ങിയവ  തദ്ദേശ സ്ഥാപനത്തിന്റെ പിന്തുണയോടെ   ശേഖരിക്കും.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top