27 May Wednesday

പ്രതിരോധിച്ചു, വിജനമായി

വെബ് ഡെസ്‌ക്‌Updated: Monday Mar 23, 2020

ജനതാ കർഫ്യൂവിനെ തുടർന്ന്‌ വിജനമായ കണ്ണൂർ റോഡ്‌ . മലബാർ ക്രിസ്ത്യൻ കോളേജിന് സമീപത്തു നിന്നുള്ള ആകാശ ദൃശ്യം ഫോട്ടോ: ബിനുരാജ്‌

കോഴിക്കോട്‌
കോവിഡ്‌ പ്രതിരോധത്തിനായി ജനതാ കർഫ്യൂവിന്‌  പിന്തുണയുമായി കോഴിക്കോടും. ജനങ്ങൾ പുറത്തിറങ്ങാതെ മഹാമാരിക്കെതിരെ അണിചേർന്നപ്പോൾ കർഫ്യൂ ആരോഗ്യ ഹർത്താലായി മാറി. നഗര, ഗ്രാമ പാതകളും വിജനമായിരുന്നു. വാഹനങ്ങൾ പുറത്തിറങ്ങിയില്ല. കഴിഞ്ഞ ദിവസം പുറപ്പെട്ട അഞ്ച്‌ ട്രെയിനുകൾ വന്നു പോയതൊഴിച്ചാൽ റെയിൽവേ സ്‌റ്റേഷനും ശൂന്യമായി.
ശനിയാഴ്‌ച രാത്രിയോടെ ജനങ്ങൾ കർഫ്യൂവിന്‌ തയ്യാറായാണ്‌ വീടുകളിലേക്കെത്തിയത്‌. ഞായറാഴ്‌ചത്തേക്ക്‌ ആവശ്യമായ  സാധനങ്ങൾ വാങ്ങാൻ മാർക്കറ്റുകളിലും കടകളിലും വലിയ തിരക്കായിരുന്നു.
തെരുവുകളിൽ കഴിയുന്നവർ മാത്രമാണ്‌ ഞായറാഴ്‌ച നഗരപാതകളിലുണ്ടായിരുന്ന മനുഷ്യർ. കടകളും ഹോട്ടലുകളുമൊന്നും തുറക്കാതായതോടെ അവർ പട്ടിണിയിലായി. ഉച്ചയോടെ ജീവകാരുണ്യ പ്രവർത്തകർ എത്തിച്ചുകൊടുത്ത പൊതിച്ചോറ്‌ മാത്രമായിരുന്നു ആശ്രയം.റെയിൽവേ സ്‌റ്റേഷനിൽ എത്തിയവരെ സഹായിക്കാൻ കലക്ടറുടെ നിർദേശ പ്രകാരം 15 ഓട്ടോറിക്ഷകൾ സർവീസ്‌ നടത്തി. പൊലീസ്‌ നൽകിയ സ്റ്റിക്കർ പതിച്ച ഓട്ടോറിക്ഷകളിൽ വയനാട്ടിലും മഞ്ചേരിയിലും വരെയുള്ളവരെ വീടുകളിലെത്തിച്ചു.ആളുകൾ തെരുവിലിറങ്ങാതിരിക്കാൻ നഗരത്തിൽ പൊലീസിനെ വിന്യസിച്ചിരുന്നു. എല്ലാ ഭാഗത്തും പൊലീസ് വാഹനങ്ങൾ റോന്തുചുറ്റി. ബൈക്കിലും മറ്റും കറങ്ങാനിറങ്ങിയ ചുരുക്കം ചിലരെ വീടുകളിലേക്ക്‌ തിരിച്ചയച്ചു. 
വിദേശത്തു നിന്നെത്തിയവരടക്കം പുറത്തിറങ്ങുന്നില്ലെന്ന്‌ ഉറപ്പാക്കാൻ ജനമൈത്രി പൊലീസും ആരോഗ്യ പ്രവർത്തകരും റവന്യൂ വകുപ്പിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ദ്രുതകർമ സംഘാംഗങ്ങളും ശ്രദ്ധിച്ചു. വീട്ടിൽ കഴിയുന്നവർക്ക് സഹായമെത്തിക്കാനും പൊലീസും സന്നദ്ധ പ്രവർത്തകരും തയ്യാറായി.
പ്രധാന വാർത്തകൾ
 Top