02 March Tuesday

തീരം തീറെഴുതില്ല: 
മന്ത്രി മേഴ്‌സിക്കുട്ടിയമ്മ

സ്വന്തം ലേഖകൻUpdated: Tuesday Feb 23, 2021
 
കോഴിക്കോട്
കേരളതീരം ആർക്കും തീറെഴുതാൻ തയ്യാറല്ലെന്ന് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. മാധ്യമങ്ങൾ നുണ പ്രചരിപ്പിക്കുകയാണ്. പ്രതിപക്ഷനേതാവ് അസംബന്ധങ്ങളാണ് പറയുന്നത്.  മന്ത്രിസഭയറിയാതെ ആഴക്കടൽ മത്സ്യബന്ധനത്തിന് ധാരണാപത്രം  ഐഎഎസ്‌ ഉദ്യോഗസ്ഥനായ എം പ്രശാന്ത്‌ ഒപ്പിട്ടത് ആരോട് ചോദിച്ചാണെന്ന്‌ അന്വേഷിക്കും–- വെള്ളയിൽ മത്സ്യബന്ധന തുറമുഖത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ മന്ത്രി പറഞ്ഞു. ഐഎഎസ് ഉദ്യോഗസ്ഥന് അധികാരമില്ലാത്ത കാര്യം ചെയ്യുമ്പോൾ അതെവിടെ ചർച്ചചെയ്തു എന്ന്‌ പറയാൻ ബാധ്യതയുണ്ട്. സർക്കാരിന്റെ നയം അറിയാത്തവരാവരുത് ഐഎഎസ് ഉദ്യോഗസ്ഥർ. നയത്തിനെതിരായി 400 കപ്പൽ നിർമിക്കുമെന്ന് പറയാൻ ഐഎഎസുകാരൻ ആരോടാണ് ചർച്ചചെയ്തത്. ഇതിന് പിന്നിൽ രാഷ്ട്രീയലക്ഷ്യമുണ്ടോ എന്ന്‌ സംശയമുണ്ട്. സർക്കാർനയത്തിന് വിരുദ്ധമായി ആരെങ്കിലും പ്രവർത്തിച്ചിട്ടുണ്ടെങ്കിൽ അന്വേഷിക്കുമെന്ന് മുഖ്യമന്ത്രിയും പറഞ്ഞിട്ടുണ്ട്. പരമ്പരാഗത മത്സ്യത്തൊഴിലാളികളെ ശാക്തീകരിക്കുക എന്നതാണ് സർക്കാർ നയം.  ഞങ്ങൾക്ക് ഒന്നും ഒളിച്ചുവയ്‌ക്കാനില്ല. കെഎസ്‌ഐഡിസി ധാരണാപത്രം നൽകി എന്ന്‌ വിശ്വസിക്കുന്നില്ല. 
ആഴക്കടൽ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട് പ്രതിപക്ഷനേതാവ് പ്രചരിപ്പിക്കുന്നത് അസംബന്ധമാണ്. പ്രിൻസിപ്പൽ സെക്രട്ടറി ജ്യോതിലാലിന് ലഭിച്ച അപേക്ഷയിൽ അതിന്റെ വിശ്വാസ്യതയെക്കുറിച്ച് കേന്ദ്രത്തിനെഴുതിയത് നടപടിക്രമമാണ്. താൻ ന്യൂയോർക്കിൽവച്ച് ഇഎംസിസി അധികൃതരെ  കണ്ടുവെന്ന് പ്രതിപക്ഷനേതാവ് പത്രസമ്മേളനത്തിൽ പറഞ്ഞു, അടുത്ത ദിവസം മാധ്യമങ്ങൾ ചോദിച്ചു ഇവിടെ കണ്ടു എന്ന്, കണ്ടുവെന്ന് പറഞ്ഞതിന് പിറ്റേന്ന് ഒരു പടം കാണിച്ച്‌ പ്രതിപക്ഷനേതാവ് സംസാരിക്കുകയും യുഡിഎഫ്‌ പത്രം ആ പടം കൊടുത്തിട്ട്‌ അമേരിക്കയിൽ കണ്ടുവെന്ന വാർത്തയും കൊടുത്തു. തന്റെ ഓഫീസിലെ ചിത്രം കാണിച്ചാണ് അമേരിക്കയിലെന്ന് വാർത്ത കൊടുത്തത്. ആഴക്കടൽ മത്സ്യബന്ധന പദ്ധതി കേന്ദ്ര-–-സംസ്ഥാന സർക്കാരുകളുടെ  സംയുക്ത പദ്ധതിയാണെന്നും മന്ത്രി പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top