28 November Saturday

1400 കോടി കടൽക്കാറ്റേറ്റ്‌ 78 കിലോമീറ്റർ

സ്വന്തം ലേഖകൻUpdated: Sunday Nov 22, 2020

 

കോഴിക്കോട്‌
കിഫ‌്ബിയിൽനിന്ന‌് പണം ചെലവഴിച്ച‌് തീരമേഖലകളെ കോർത്തിണക്കുന്ന തീരദേശ ഹൈവേ ജില്ലയിലൂടെ കടന്നുപോകുന്നത്‌ 78.1 കിലോമീറ്റർ. ജില്ലയുടെ തെക്കേ അറ്റമായ കടലുണ്ടിക്കടവ്‌ മുതൽ വടക്കേ അറ്റമായ അഴിയൂർ വരെയാണ്‌ പാത. രണ്ട്‌ വലിയ പാലങ്ങളും നാല്‌ ചെറിയ പാലങ്ങളും രണ്ട്‌ ഫ്ലൈഓവറുകളും ഉൾപ്പെടുന്ന പാതയ്‌ക്ക്‌ 1400 കോടി രൂപ ചെലവ്‌ പ്രതീക്ഷിക്കുന്നു.
കടലുണ്ടിക്കടവിൽനിന്നാരംഭിക്കുന്ന പാത കടലുണ്ടിപാലം, കടുക്ക ബസാർ എന്നിവിടങ്ങളിലൂടെ ചാലിയത്ത്‌ എത്തും. കരുവൻതിരുത്തി പാലത്തിൽനിന്ന്‌ തിരിഞ്ഞ്‌ മടത്തിൽ പാടം വഴി ചാലിയാർ പുഴയെ കടന്നുപോകും. ബി സി റോഡിലെത്തിയശേഷം കക്കാടത്ത്‌ ദേവീ ക്ഷേത്രത്തിന്‌ സമീപത്തുകൂടെയാണ്‌ പോകുന്നത്‌. ക്ഷേത്രം, മൃഗാശുപത്രി, മടത്തിൽപാടം അനാഥാലയം എന്നിവയെ ബാധിക്കാത്ത രീതിയിലാണ്‌ രൂപരേഖ.
പാതയുടെ ഭാഗമായി ബേപ്പൂരിൽ പുതിയ പാലം നിർമിക്കും. കക്കാടത്ത്‌ അമ്പലത്തിന്‌ സമീപത്തുനിന്ന്‌ ബി സി റോഡ് കടന്ന്‌ ഒ എം റോഡിലൂടെ കോയ വളപ്പിലെത്തും. ബീച്ച്‌ റോഡിലൂടെ പുതിയാപ്പ വരെയെത്തി എലത്തൂർ പാലം വരെ ദേശീയപാതയിലൂടെയാണ്‌ കടന്നുപോകുന്നത്‌. വീതികൂട്ടലും വളവ്‌ നിവർത്തലും കഴിഞ്ഞ‌് ദേശീയപാതയിലേക്ക‌് കടക്കും. എലത്തൂർ പാലം കഴിയുന്നതോടെ ദേശീപാതയിൽനിന്ന്‌ തിരിഞ്ഞ്‌ കണ്ണങ്കടവ്‌, കാപ്പാട്‌ വഴി കൊയിലാണ്ടി ഹാർബറിലെത്തും. ഇവിടെ പുതിയ ഫ്ലൈഓവർ നിർമിക്കും. തുടർന്ന്‌ മുത്തായം ബീച്ച്‌, കോടിക്കൽ, കൊളാവിപ്പാലം, കോട്ടക്കൽ കടവ്‌ എന്നിവിടങ്ങളിലൂടെ സാൻഡ്‌ബാഗ്‌സിലെത്തും. ഇവിടെ 560 മീറ്റർ നീളത്തിൽ പാലം നിർമിക്കും. ഈ പാലത്തിലൂടെ വടകരയിലേക്ക്‌ കടക്കും. ഇതിനിടയിൽ ഫ്ലൈഓവറുമുണ്ടാകും. കൂരിയാടി, ചോമ്പാല ഹാർബർ എന്നിവിടങ്ങളിലൂടെ അഴിയൂരിൽ എത്തി പാത മാഹിയിൽ പ്രവേശിക്കും.
കിഫ്‌ബിയിൽനിന്ന്‌ അനുവദിക്കുന്ന ഫണ്ട്‌ ഉപയോഗിച്ച്‌ ദേശീയപാത ബൈപാസ്‌ സബ്‌ ഡിവിഷൻ ആണ്‌ പ്രവൃത്തി ഏറ്റെടുത്തിരിക്കുന്നത്‌. കേരള റോഡ്‌ ഫണ്ട്‌ ബോർഡിനാണ്‌ നിർമാണച്ചുമതല. ഒരു കിലോമീറ്റർ റോഡ്‌ നിർമിക്കാൻ സ്ഥലം ഏറ്റെടുക്കൽ ഉൾപ്പെടെ 15 കോടി രൂപയാണ്‌ ചെലവ്‌ പ്രതീക്ഷിക്കുന്നത്‌. റോഡിന്‌ മാത്രമായി 1200 കോടിയും പാലങ്ങൾക്കും മറ്റുമായി 200 കോടിയുമാണ് ചെലവ് കണക്കാക്കുന്നത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top