11 September Wednesday

സരോവരം മലിനജല പ്ലാന്റ്‌ പദ്ധതിയിൽ 
കൂടുതൽ വീടുകൾ

സ്വന്തം ലേഖികUpdated: Friday Sep 22, 2023
കോഴിക്കോട്‌
സരോവരത്തെ നിർദിഷ്‌ട മലിനജല സംസ്‌കരണ പ്ലാന്റിന്റെ സേവനം  കൂടുതൽ വീടുകൾക്ക്‌ ലഭിക്കും. അമൃത്‌ പദ്ധതിയിൽ ഉൾപ്പെടുത്തി ജല അതോറിറ്റി നടപ്പാക്കുന്ന പദ്ധതി ഭരണാനുമതിക്ക്‌  സമർപ്പിച്ചപ്പോഴാണ്‌ പൈപ്പ്‌ കണക്ടിവിറ്റി വർധിപ്പിച്ച്‌  കൂടുതൽ വീടുകളെ ഉൾപ്പെടുത്താൻ സർക്കാർ നിർദേശിച്ചത്‌. ഇതിനായി വിശദമായ പദ്ധതി രേഖയിൽ ദേഭഗതിക്കായി ഫയൽ  തിരിച്ചു നൽകി. തിരുത്തലുകൾക്ക്‌ ശേഷം സെപ്‌തംബർ അവസാനം പദ്ധതി വീണ്ടും ഭരണാനുമതിയ്‌ക്കായി സമർപ്പിക്കും. നിലവിൽ 3,300 വീടുകളാണ്‌ പ്ലാന്റിന്റെ പരിധിയിലുള്ളത്‌. 
ആദ്യഘട്ടത്തിൽ 27 എംഎൽഡി (മില്യൺ ലിറ്റർ പെർ ഡേ) ശേഷിയുള്ള പ്ലാന്റാണ്‌ നിർമിക്കുന്നത്‌.  ചാലപ്പുറം, തിരുത്തിയാട്‌, കോട്ടൂളി, സിവിൽ സ്‌റ്റേഷൻ, പറയഞ്ചേരി, കുതിരവട്ടം, പുതിയറ വാർഡുകൾ പൂർണമായും പാളയം, വലിയങ്ങാടി, മൂന്നാലിങ്ങൽ എന്നിവ ഭാഗികമായുമാണ്‌ ആദ്യത്തെ വിശദമായ പദ്ധതി രേഖയിൽ ഉൾപ്പെട്ടിരുന്നത്‌. വൻതുക ചെലവഴിച്ച്‌ നടപ്പാക്കുന്ന പദ്ധതിയിൽ കൂടുതൽ പേർ ഗുണഭോക്താക്കളാകണമെന്ന കാഴ്‌ചപ്പാടിലാണ്‌ പുതിയ നടപടി. ഇതിനനുസരിച്ച്‌ കണക്ടിവിറ്റി കൂട്ടി കൂടുതൽ യൂണിറ്റുകൾ ഒരുക്കും. 2,054 വരെയുള്ള ജനസംഖ്യ പരിഗണിച്ചാണ്‌ നിർമാണം. 
ജല അതോറിറ്റിയുടെ ഉടമസ്ഥതയിലുള്ള 2.6 ഏക്കർ എട്ട്‌ വർഷം മുമ്പാണ്‌ സുസ്ഥിര നഗരവികസന പദ്ധതി പ്രകാരം പ്ലാന്റിനായി കൈമാറിയത്‌. 
അടുത്ത ഘട്ടത്തിൽ 13.5 എംഎൽഡിയുടെ മറ്റൊരു പ്ലാന്റും പണിയും. ഇരു പ്ലാന്റുകൾക്കുമായി 302 കോടി വേണ്ടിവരും. നേരത്തേ ഡിബിഒടി (ഡിസൈൻ ബിൽഡ്‌ ഓപ്പറേറ്റ്‌ ആൻഡ്‌ ട്രാൻസ്‌ഫർ) വഴിയാണ്‌  നിർമാണം ആലോചിച്ചത്‌. പിന്നീട്‌ വാട്ടർ അതോറിറ്റിക്ക്‌ തന്നെ നിർമാണ ചുമതല നൽകുകയായിരുന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top