31 October Saturday
കൃത്രിമമായി വിദ്യാർഥികളെ ചേർത്തു

ലീഗ് മാനേജ്മെന്റിന്റെ കീഴിലുള്ള സ്കൂളിനെതിരെ നടപടി

വെബ് ഡെസ്‌ക്‌Updated: Tuesday Sep 22, 2020
വടകര
കൃത്രിമമായി വിദ്യാർഥികളെ ചേർത്ത് തസ്തിക സൃഷ്ടിച്ച് അധ്യാപക നിയമനം നടത്തിയ മുസ്ലിംലീഗ് മാനേജ്മെന്റ്‌ നിയന്ത്രണത്തിലുള്ള വിദ്യാലയത്തിനെതിരെ നടപടി. വടകര താഴെ അങ്ങാടിയിലെ എംയുഎം വൊക്കേഷണല്‍ ഹയര്‍സെക്കൻഡറി സ്‌കൂളിലാണ്‌ കഴിഞ്ഞ വര്‍ഷം കുട്ടികളെ കൃത്രിമമായി ചേര്‍ത്തെന്ന്‌ വിദ്യാഭ്യാസ വകുപ്പിന്റെ സൂപ്പര്‍ ചെക്ക് സെല്‍ കണ്ടെത്തിയത്‌. ഇതോടെ അധ്യാപകരും പ്യൂണും ഉൾപ്പെടെ എട്ടു പേരുടെ ജോലി നഷ്ടപ്പെടും. കുറ്റകൃത്യത്തിനു കൂട്ടുനിന്ന പ്രധാനാധ്യാപകനും അധ്യാപകര്‍ക്കും സ്‌കൂള്‍ മാനേജര്‍ക്കുമെതിരെ നടപടി സ്വീകരിക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ ഉത്തരവിട്ടു. മാത്രമല്ല,  ഇവർക്കെതിരെ  ക്രിമിനല്‍ ഗൂഢാലോചന, വ്യാജരേഖ ചമയ്‌ക്കല്‍, കൃത്രിമരേഖ ഉപയോഗിച്ച് വിശ്വാസ വഞ്ചന  എന്നിവയ്‌ക്ക്‌ കേസെടുക്കും.
പരാതിയുടെ അടിസ്ഥാനത്തില്‍ കഴിഞ്ഞ നവംബറിലാണ് സൂപ്പര്‍ ചെക്ക് സെല്‍ എംയുഎം സ്‌കൂളില്‍ മിന്നല്‍ പരിശോധന നടത്തിയത്. പ്രധാനാധ്യാപകന്റെ നേതൃത്വത്തില്‍ നടന്ന കൃത്രിമങ്ങളെ സ്‌കൂള്‍ മാനേജരും ക്ലാസ് അധ്യാപകരും  പിന്തുണച്ചിട്ടുമുണ്ട്. 
പുതിയ തസ്തികകള്‍ സൃഷ്ടിക്കാൻ എണ്‍പതിലേറെ കുട്ടികളെയാണ്‌ ചേര്‍ത്തത്.  കഴിഞ്ഞ വര്‍ഷം ആറാമത്തെ പ്രവൃത്തി ദിവസം സ്‌കൂളില്‍ പഠിക്കുന്ന കുട്ടികളുടെ എണ്ണം അനുസരിച്ച് ഡിഇഒ തസ്‌തികകളും അനുവദിച്ചിരുന്നു. പുതിയ തസ്തികകള്‍ ലഭിച്ച ശേഷം 84 വിദ്യാര്‍ഥികളെ പട്ടികയില്‍നിന്ന് നീക്കുകയായിരുന്നു. ഹാജരാവാത്ത വിദ്യാര്‍ഥികളില്‍ പലരും അടുത്തുള്ള മദ്രസകളിലും അണ്‍എയ്ഡഡ് സ്ഥാപനങ്ങളിലും പഠിക്കുന്നതായും സെൽ കണ്ടെത്തി. തുടർന്ന്‌ വീണ്ടും ഫെബ്രുവരി അഞ്ചിന് നടത്തിയ പരിശോധനയിലാണ്  84 വിദ്യാര്‍ഥികളെ നീക്കം ചെയ്തതായി മനസ്സിലാക്കിയത്. നാലു വിദ്യാര്‍ഥികളുടെ അസാന്നിധ്യവുമുണ്ടായിരുന്നു. ഇവര്‍ക്ക്‌ ദിവസവും ഹാജര്‍ നല്‍കി റോളില്‍ നിലനിര്‍ത്തിയിരിക്കുകയായിരുന്നു.
വിദ്യാര്‍ഥികള്‍ക്ക് അനുവദിച്ച സൗജന്യബുക്ക്, യൂ ണിഫോം, ഉച്ചഭക്ഷണം, സൗജന്യ  അരി, ശമ്പളം എന്നീ ഇ നത്തിലുള്ള  സര്‍ക്കാരിന്റെ  സാമ്പത്തിക ബാധ്യത  പ്രധാനാധ്യാപകന്റെയും കൃത്രി മ അഡ്മിഷന്‍ റോളില്‍ തുട ര്‍ന്ന ക്ലാസ് അധ്യാപകന്റെയും പക്കൽനിന്ന്‌ ഈടാക്കും. കൃത്രിമ അഡ്മിഷന്‍ കണ്ടെത്തിയ സാഹചര്യത്തില്‍ തസ്തിക പുനര്‍നിര്‍ണയിക്കാൻ‌  വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ നിര്‍ദേശിച്ചിട്ടുണ്ട്‌. ഇതനുസരിച്ച് അഞ്ച്‌ മുതൽ ഒമ്പതുവരെ ക്ലാസുകളിലെ ഓരോ ഡിവിഷനും അനുബന്ധ തസ്തികകളും റദ്ദാവും. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top