കോഴിക്കോട്
ജില്ലയിലെങ്ങും വെള്ളമെത്തിക്കാൻ ആരംഭിച്ച ജപ്പാൻ കുടിവെള്ള പദ്ധതി(ജൈക്ക പദ്ധതി) അവസാന ഘട്ടത്തിൽ. 85 ശതമാനവും പൂർത്തിയായ പദ്ധതി വിലയിരുത്താൻ ജപ്പാനിൽനിന്നുള്ള ജൈക്ക മിഷൻ സംഘം തിങ്കളാഴ്ച കോഴിക്കോട്ടെത്തും. പെരുവണ്ണാമൂഴിയിലെ ശുദ്ധീകരണ ശാലയും പൈപ്പിടൽ പ്രവൃത്തികൾ നടക്കുന്ന ഇടങ്ങളും സന്ദർശിക്കും. വൈകിട്ട് ജല വിഭവ വകുപ്പിലെ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ചയും നടത്തും.
അഞ്ച് പാക്കേജുകളിലായി നടപ്പാക്കുന്ന പദ്ധതിയിലൂടെ വിവിധ പഞ്ചായത്തുകളിലെയും കോർപറേഷനിലെ 75 വാർഡുകളിലെയും കുടിവെള്ള ക്ഷാമത്തിന് പരിഹാരമാകുമെന്നാണ് പ്രതീക്ഷ. ഡിസംബറോടെ കമീഷൻ ചെയ്യും. പൈപ്പിടൽ അടക്കമുള്ള 85 ശതമാനം പ്രവൃത്തികളും പൂർത്തിയായി. പെരുവണ്ണാമൂഴിയിലെ ശുദ്ധീകരണ ശാല, ക്വാർട്ടേഴ്സുകൾ, 20 ജലസംഭരണികൾ എന്നിവയുടെ നിർമാണം കഴിഞ്ഞു. പഞ്ചായത്തുകളിൽ പൈപ്പിടാനുള്ള 1248 കിലോമീറ്ററിൽ ബാക്കിയുള്ളത് ഏകദേശം 290 കിലോമീറ്ററാണ്. നഗര പ്രദേശങ്ങളിൽ 605 കിലോമീറ്ററിലെ 150 കിലോമീറ്ററും പൈപ്പിടാനുണ്ട്.
നന്മണ്ട, ബാലുശേരി, കടലുണ്ടി എന്നീ പഞ്ചായത്തുകളിൽ കുടിവെള്ള വിതരണം ആരംഭിച്ചു. കക്കോടി, കുന്നമംഗലം, ഒളവണ്ണ, പെരുവയൽ, ചേളന്നൂർ, കുരുവട്ടൂർ, പെരുമണ്ണ എന്നീ പഞ്ചായത്തുകളിൽ നിർമാണം അവസാന ഘട്ടമാണ്.
നഗരപ്രദേശത്തുള്ള മലാപ്പറമ്പ്, കോവൂർ, ചെറുവണ്ണൂർ, ബേപ്പൂർ, ബാലമന്ദിരം, പൊറ്റമ്മൽ, എരവത്ത്കുന്ന്, എരഞ്ഞിക്കൽ എന്നിവിടങ്ങളിലും പൂർത്തീകരണത്തിലാണ്.
12 ലക്ഷത്തോളം കുടുംബങ്ങൾക്ക് കുടിവെള്ളം എത്തിക്കുന്ന പദ്ധതിയുടെ നിർമാണം 2006ലാണ് ആരംഭിച്ചത്. 806 കോടി രൂപയുടെ പദ്ധതിയിലൂടെ ദിനംപ്രതി 170 ദശലക്ഷം ലിറ്റർ വെള്ളം വിതരണംചെയ്യുകയാണ് ലക്ഷ്യം. കെ രാമകൃഷ്ണ കോൺട്രാക്ടേഴ്സ് പ്രൈവറ്റ് ലിമിറ്റഡായിരുന്നു നിർമാണം ആദ്യം ഏറ്റെടുത്തത്. പണി മന്ദഗതിയിലായതിനാൽ 2010ൽ കരാർ റദ്ദാക്കി. ശ്രീരാം ഇപിഎസ് ലിമിറ്റഡ് കമ്പനിക്ക് പുതുക്കി നൽകി. കരാറുകാരുടെ സാമ്പത്തിക ബുദ്ധിമുട്ടും പൊതുമാരാമത്ത് വകുപ്പുകളിൽനിന്നടക്കം ലഭിക്കേണ്ട അനുമതികൾ വൈകിയതും പദ്ധതി വൈകിപ്പിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള് വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..