20 September Friday
പ്രളയജലം ഇറങ്ങി

ഇനി ഞാറ്റുപാട്ടിന്റെ ഈരടികൾ

എ സജീവ്കുമാർUpdated: Thursday Aug 22, 2019

നടേരി കുതിരക്കുടവയലിൽ നെൽകൃഷിക്ക് നിലമൊരുക്കുന്നു

കൊയിലാണ്ടി 
  മഴയിൽ മുങ്ങിപ്പോയ പാടങ്ങളിൽനിന്ന്‌ വെള്ളം ഇറങ്ങിത്തുടങ്ങി. ഇനി വയലുകളിൽനിന്ന്‌ മകര കൃഷിയുടെ ഞാറ്റുപാട്ടുകൾ ഉയർന്നുതുടങ്ങും. അൽപ്പം വൈകിയെങ്കിലും  മകര കൃഷിക്കായി കർഷകർ വയലുകളിൽ ഇറങ്ങിത്തുടങ്ങി. വെള്ളക്കെട്ട് കുറഞ്ഞു തുടങ്ങിയതോടെ  പ്രധാന വയലുകളിലെല്ലാം മകരകൃഷിയുടെ തുടക്കമായി. 
കനത്ത വെള്ളപ്പൊക്കത്തിൽ പല നെൽപ്പാടങ്ങളിലും ഒരാൾ പൊക്കത്തിൽവരെ വെള്ളം ഉയർന്നിരുന്നു. വെള്ളം പുഴകളിലേക്ക് വലിയാൻ ദിവസങ്ങളടുത്തതിനാൽ കൃഷിക്ക് നിലമൊരുക്കാൻ കർഷകർക്കായിരുന്നില്ല. കർക്കടകം കഴിയുന്നതിന് മുമ്പുതന്നെ പാടമൊരുക്കി ഞാറ്റടിക്ക് വിത്തെറിഞ്ഞാലേ 40 ദിവസംകൊണ്ട് ഞാറ് പറിച്ചുനടാൻ കഴിയുകയുള്ളു. രൂക്ഷമായ വെള്ളക്കെട്ട് കാരണം മകരകൃഷിക്ക് വിത്തെറിയുന്നത് വൈകിയിരിക്കുകയാണ്.
പുല്ലും പായലും നിറഞ്ഞ വയലുകൾ ടില്ലർകൊണ്ട് ഉഴുതുമറിച്ചാണ് പാകപ്പെടുത്തുന്നത്. വിത്തെറിയാനും ഞാറ് നടാനും തൊഴിലാളികളെ കിട്ടാത്ത അവസ്ഥയുണ്ട്. കൃഷിഭൂമിയുള്ളവർ സ്വന്തമായിത്തന്നെയാണ് കൃഷിപ്പണികൾ അധികവും ചെയ്യുന്നത്.  
നടേരി കുതിരക്കുട പാടശേഖരത്ത് മകര നെൽകൃഷിക്കായി പാടങ്ങൾ ഉഴുതുമറിക്കുന്ന ജോലി തുടങ്ങി. നഗരസഭയിലെ നടേരി കുതിരക്കുട വയലിനു പുറമെ വെളിയണ്ണൂർ ചല്ലി, ഒറ്റക്കണ്ടം, കാവുംവട്ടം എന്നിവിടങ്ങിൽ നെൽകൃഷിയുണ്ട്. പല പാടങ്ങളിലും പരമ്പരാഗത നെല്ലിനങ്ങളായ ചെറുചിറ്റേനി, വെള്ളപ്പുണാരൻ, ഒറീസ എന്നിവയാണ് സ്ഥിരമായി വിതയ്‌ക്കുന്നത്‌. വെള്ളക്കെട്ടുള്ള വയലുകളിൽ മുമ്പ്‌ വിതച്ചിരുന്ന ആനക്കൊടൻ പോലുള്ള ഇനങ്ങൾ ഇന്ന് ലഭിക്കുന്നില്ല. ഇവിടങ്ങളിൽ ഇപ്പോൾ കൂടുതലായും ഒറീസ ഇനം വിത്തുകളാണ് ഉപയോഗിക്കുന്നത്.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top