17 November Sunday
പുത്തുമല പുനരധിവാസത്തിന്‌ ജനകീയ കമ്മിറ്റി

54 വീടുകൾക്ക്‌ സ്‌പോൺസർമാരായി

വെബ് ഡെസ്‌ക്‌Updated: Thursday Aug 22, 2019

പുത്തുമല പുനരധിവാസം ചർച്ചചെയ്യാനായി ചേർന്ന ജനകീയ യോഗം സബ്‌കലക്ടർ എൻ എസ്‌ കെ ഉമേഷ്‌ ഉദ്‌ഘാടനംചെയ്യുന്നു

സ്വന്തം ലേഖകൻ
മേപ്പാടി
പുത്തുമലയുടെ പുനരധിവാസത്തിന്‌ ജനകീയ കമ്മിറ്റി. ബുധനാഴ്‌ച്ച സബ്‌കലക്ടർ എൻ എസ്‌ കെ ഉമേഷിന്റെ സാനിധ്യത്തിൽ മേപ്പാടി ഗവ. ഹയർസെക്കൻഡറിയിൽ ചേർന്ന യോഗത്തിൽ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ കെ സഹദ്‌ ചെയർമാനും പഞ്ചായത്ത്‌ സെക്രട്ടറി ടി ജെ ജോണി കൺവീനറുമായി   501 അംഗ കമ്മിറ്റി രൂപീകരിച്ചു. 21 അംഗ എക്‌സിക്യൂട്ടീവ്‌ കമ്മിറ്റിയേയും തെരഞ്ഞെടുത്തു. വിവിധ രാഷ്‌ട്രിയപാർടികളുടെയും  സംഘടനകളുടെയും പ്രതിനിധികൾ എക്‌സിക്യൂട്ടീവ്‌ കമ്മിറ്റിയിലുണ്ട്‌. സാമ്പത്തിക ഇടപാടുകൾക്കായി ചെയർമാന്റേയും കൺവീനറുടെയും പേരിൽ ജോയിന്റ്‌ അക്കൗണ്ട്‌ തുടങ്ങും.  യോഗത്തിൽ ദുരിതബാധിതർ, ജനപ്രതിനിധികൾ, പൊതുപ്രവർത്തകർ, സാമൂഹിക–-സാംസ്‌കാരിക പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു. എല്ലാവരുടെയും അഭിപ്രായങ്ങൾ ആരാഞ്ഞാണ്‌ തീരുമാനങ്ങളെടുത്തത്‌. നൂറോളം കുടുംബങ്ങളെ പുനരധിവസിപ്പിക്കും. ഇതിന്‌ 10 ഏക്കർ ഭൂമി വേണം. 54 വീടുകൾക്ക്‌ ഇതിനകം സ്‌പോൺസർമാരായിട്ടുണ്ട്‌. ബാക്കിയുള്ളവർക്കും വീടുകൾ നിർമിച്ചുനൽകാനുള്ള ഉത്തരവാദിത്വം ഏറ്റെടുക്കും. പുത്തുമലയിലേതുപോലെ മുഴുവൻ കുടുംബങ്ങളെയും ഒരുപ്രദേശത്ത്‌ പുനരധിവസിപ്പിക്കും. സ്‌കൂൾ, അങ്കണവാടി,  ഹെൽത്ത്‌ സെന്റർ, ലൈബ്രറി എന്നിവയെല്ലാം സ്ഥാപിക്കും. വീടുകൾ 700 സ്‌ക്വയർഫീറ്റിലാകും നിർമിക്കുക. ജനകീയ പുനരധിവാസമാണ്‌ ലക്ഷ്യമിടുന്നത്‌.  ഭൂരിഭാഗവും തോട്ടം മേഖലയിൽ ജോലി ചെയ്യുന്നതിനാൽ വാഴക്കാല, കള്ളാടി പ്രദേശങ്ങളാണ്‌ പുനരധിവാസത്തിന്‌ പരിഗണിക്കുന്നത്‌. യോഗത്തിൽ കെ കെ സഹദ്‌ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത്‌ അംഗം പി കെ അനിൽകുമാർ, പഞ്ചായത്ത്‌ അംഗം പി ചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു. ചന്ദ്രശേഖരൻ തമ്പി സ്വാഗതവും ടി ജെ ജോണി നന്ദിയും പറഞ്ഞു.
പ്രധാന വാർത്തകൾ
 Top