22 October Tuesday

കൊടുവള്ളി ഗവ. ഐടിഐ

സ്വന്തം ലേഖകൻUpdated: Saturday Jun 22, 2019

 കൊടുവള്ളി ഐ

താമരശേരി
വാടകക്കെട്ടിടത്തിൽ അസൗകര്യങ്ങളിൽ വീർപ്പുമുട്ടി കൊടുവള്ളി ഗവ. ഐടിഐ. പ്രവർത്തനം തുടങ്ങി നാലു വർഷമാകുമ്പോഴും അവഗണനയുടെ പടുകുഴിയിലാണ‌് ഈ സ്ഥാപനം. സ്വന്തമായി കെട്ടിടം നിർമിക്കാൻ സ്ഥലം കണ്ടെത്തി നൽകേണ്ട നഗരസഭ ഈ സ്ഥാപനത്തെ പാടെ അവഗണിക്കുകയാണ‌്.  രണ്ടുവർഷമായി ഇപ്പോൾ പ്രവർത്തിക്കുന്ന കെട്ടിടത്തിന്റെ വാടകപോലും നഗരസഭ നൽകുന്നില്ല.  
സിവിൽ ‌എൻജിനിയറിങ‌് ട്രേഡ‌് മാത്രമുള്ള ഈ സ്ഥാപനത്തില്‍ രണ്ട് ബാച്ചുകളിലായി 37  പഠിതാക്കളുണ്ട‌്. ഒറ്റ മുറിയുള്ള ക്ലാസിന്റെ ഒരു ഭാഗം തിയറിയും പ്രക്ടിക്കലിനുമായി തിരിച്ചിരിക്കുകയാണ്. നാലു വര്‍ഷമായി പ്രവര്‍ത്തിക്കുന്ന ഐടിഐയ്ക്ക് ലാബ് സൗകാര്യമായത് കഴിഞ്ഞ ആഴ‌്ചയാണ്. പെണ്‍കുട്ടികളുടെ ശുചിമുറിയുടെ കാര്യത്തിലും അവസ്ഥ മറിച്ചല്ല. അധ്യാപകരുടെ ശുചിമുറിയാണ് അവര്‍ ആശ്രയിക്കുന്നത്. പരിമിതികളുണ്ടെങ്കിലും വിജയത്തിന്റെ കാര്യത്തില്‍ ഒരു പരിമിതിയും ഇവര്‍ക്കില്ല.  കൂടുതല്‍ ട്രേഡ‌് അനുവദിക്കണമെന്നും സ്വന്തമായി കെട്ടിടം വേണമെന്നും വിദ്യാര്‍ഥികള്‍ ആവശ്യപ്പെട്ടു. 
സ്ഥലം ഏറ്റെടുത്ത് നല്‍കാമെന്നും പുതിയ സ്ഥലം ലഭ്യമാക്കി കെട്ടിട നിര്‍മാണം പൂര്‍ത്തിയാവുന്നതുവരെ താല്‍ക്കാലിക സംവിധാനം പഞ്ചായത്ത് ഏര്‍പ്പെടുത്തുമെന്നുമുള്ള വ്യവസ്ഥയിലാണ് കൊടുവള്ളിയില്‍ കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ഐടിഐ അനുവദിച്ചത്. 2016ല്‍ ആരംഭിച്ച ഐടിഐക്ക് സ്ഥലം ഏറ്റെടുത്ത് കൈമാറുന്നതില്‍ നഗരസഭയുടെ ഭാഗത്തുനിന്ന് ഒരു നടപടിയുമില്ല. കഴിഞ്ഞ ദിവസം കലക്ടറേറ്റിൽ മന്ത്രി വിളിച്ച യോഗത്തില്‍ ഇക്കാര്യത്തില്‍ ഉറപ്പുനല്‍കാന്‍ നഗരസഭയെ പ്രതിനിധീകരിച്ച് യോഗത്തില്‍ പങ്കെടുത്ത വൈസ് ചെയര്‍മാന് കഴിഞ്ഞില്ല. സ്ഥലം ഏറ്റെടുത്ത് നല്‍കുന്നതിന് കൃത്യമായ സമയപരിധി നിശ്ചയിക്കാന്‍ യോഗത്തില്‍ മന്ത്രി നിര്‍ദേശിച്ചിരുന്നു. ഇപ്പോള്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന് നഗരസഭ വാടക നല്‍കുന്നില്ലെന്ന കാര്യം യോഗം ചര്‍ച്ച ചെയ്തു. വാടക നല്‍കാത്ത പ്രശ്‌നത്തിലും സ്ഥലം കൈമാറുന്ന വിഷയത്തിലും ഡയരക്ടറേറ്റില്‍നിന്ന് നഗരസഭക്ക് കത്ത് നല്‍കാൻ ട്രെയിനിങ‌് ഡയറക്ടറെ യോഗം ചുമതലപ്പെടുത്തിയിരുന്നു. 
നഗരസഭയുടെ പിടിപ്പുകേടുകൊണ്ട് കൊടുവള്ളിക്ക‌് ലഭ്യമായ ഐടിഐ നഷ്ടമാവുമോ എന്ന ആശങ്കയിലാണ് വിദ്യാര്‍ഥികള്‍.  ഐടിഐയോടുള്ള നഗരസഭയുടെ സമീപനത്തിനെതിരെ പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കുമെന്ന് എല്‍ഡിഎഫ് മുനിസിപ്പാലിറ്റി കമ്മിറ്റി പറഞ്ഞു. നഗരസഭയുടെ അനാസ്ഥ അവസാനിപ്പിക്കണമെന്ന് ‌എസ്എഫ്ഐ താമരശേരി ഏരിയാ കമ്മിറ്റി പ്രസ‌്താവനയില്‍ ആവശ്യപ്പെട്ടു.
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top