16 June Sunday

വടകര, കോഴിക്കോട‌് വോട്ടെണ്ണാൻ 14 ഹാൾ നാളെ അറിയാം; ആദ്യ സൂചന എട്ടരയോടെ

സ്വന്തം ലേഖകൻUpdated: Wednesday May 22, 2019
 
 
കോഴിക്കോട‌്
29 നാളിന്റെ കാത്തിരിപ്പിന‌് വ്യാഴാഴ‌്ച വിരാമം. രാവിലെ എട്ടിന‌് വെള്ളിമാട‌്കുന്ന‌് ജെഡിടി ഇസ്ലാമിക് സെന്റർ ക്യാമ്പസിൽ വോട്ടെണ്ണൽ ആരംഭിക്കും. വടകര, കോഴിക്കോട‌് ലോക‌്സഭാ മണ്ഡലങ്ങളിലെ വോട്ടുകളാണ‌് ജെഡിടിയിൽ എണ്ണുക. കൂത്തുപറമ്പ്, തലശേരി നിയമസഭാ മണ്ഡലങ്ങളിലേത് ഉൾപ്പെടെ വടകര, കോഴിക്കോട് ലോക്‌സഭാ മണ്ഡലങ്ങളിലെ 14 നിയോജകമണ്ഡലങ്ങളിലെ വോട്ടുകളും  ജെഡിടിയിലെ 14 ഹാളുകളിലായാണ് എണ്ണുക. 14 മണ്ഡലങ്ങളിൽ ഓരോ മണ്ഡലത്തിനും 14 വീതം ടേബിൾ ഒരുക്കും. ഓരോ ടേബിളിലും ഒരു മൈക്രോ ഒബ്സർവറും സൂപ്പർവൈസറും അസിസ്റ്റന്റും ഉൾപ്പെടെ മൂന്നുപേരാണ് ഉണ്ടാവുക.  പോസ്റ്റൽ ബാലറ്റുകൾ എണ്ണാനായി വടകര, കോഴിക്കോട് മണ്ഡലങ്ങൾക്കായി ആറുവീതം ടേബിൾ ഒരുക്കുന്നുണ്ട്. സൈനികരുടെ സർവീസ് വോട്ട് കണക്കാക്കാനായി രണ്ട് ലോക്‌സഭാ മണ്ഡലങ്ങൾക്കുമായി 10 വീതം ടേബിളും സജ്ജമാക്കും. കലക്ടറുടെ നേതൃത്വത്തിൽ മുഴുവൻ അസിസ്റ്റന്റ് റിട്ടേണിങ‌് ഓഫീസർമാരും വോട്ടെണ്ണൽ കേന്ദ്രത്തിൽ ഉണ്ടാകും. വോട്ടെണ്ണൽ തത്സമയം ജനങ്ങളിലെത്തിക്കുന്നതിന് പോളിങ‌്  സ്റ്റേഷന‌് സമീപത്തായി മീഡിയ സെന്ററും ഒരുക്കും. 
കോഴിക്കോട‌് ലോക‌്സഭാ മണ്ഡലത്തിൽ  4272 പോസ്റ്റൽ ബാലറ്റുകളും വടകരയിൽ 4269 പോസ്റ്റൽ ബാലറ്റുകളും വിതരണംചെയ‌്തിട്ടുണ്ട‌്. പോസ്റ്റൽ ബാലറ്റ്, സൈനികരംഗത്ത് ജോലിചെയ്യുന്ന വോട്ടർമാർക്ക് നൽകുന്ന സർവീസ് ബാലറ്റ് എന്നിവ ലോക‌്സഭാ മണ്ഡലാടിസ്ഥാനത്തിലാണ് എണ്ണുക. സർവീസ് ബാലറ്റുകൾ വടകരയിൽ -2676ഉം    കോഴിക്കോട്ട‌് 2669 ഉം വിതരണം ചെയ‌്തു. വോട്ടെണ്ണൽ ദിവസമായ വ്യാഴാഴ‌്ച  രാവിലെ എട്ടിനുമുമ്പ് തപാലിൽ ലഭിക്കുന്ന പോസ്റ്റൽ ബാലറ്റുകളാണ് എണ്ണുക.  
  വോട്ടെണ്ണൽ കേന്ദ്രത്തിലേക്ക‌്  പ്രവേശനത്തിന് കർശന നിയന്ത്രണമുണ്ട്. വോട്ടെണ്ണലിന‌് നിയോഗിച്ച  ഉദ്യോഗസ്ഥർ, സ്ഥാനാർഥി, ചീഫ് കൗണ്ടിങ് ഏജന്റ്,  വരണാധികാരിയിൽനിന്നോ ഉപ വരണാധികാരിയിൽനിന്നോ അനുമതിപത്രം ലഭിച്ച കൗണ്ടിങ് എജന്റുമാർ, തെരഞ്ഞെടുപ്പു കമീഷന്റെ അനുമതിപത്രം ലഭിച്ച   മാധ്യമപ്രവർത്തകർ എന്നിവർക്കേ പ്രവേശനമുള്ളൂ.  യൂണിഫോമിലോ അല്ലാതെയോ പൊലീസുകാർക്ക് കൗണ്ടിങ് ഹാളിൽ പ്രവേശിക്കാൻ അനുവാദമില്ല.
വോട്ടെണ്ണൽ കേന്ദ്രമായ ജെഡിടിയിൽ മൂന്ന‌് വലയങ്ങളായാണ് സുരക്ഷ . സംസ്ഥാന –- സായുധ പൊലീസ് സേനകൾ സുരക്ഷക്കായുണ്ട്. കൂടാതെ സ്‌ട്രോങ് റൂമുകളുടെ സുരക്ഷ കേന്ദ്ര പൊലീസ് സേനക്കാണ്. ആറ‌് ഗേറ്റുകളാണ് വോട്ടെണ്ണൽ കേന്ദ്രത്തിനുള്ളത്. വോട്ടെണ്ണൽ കേന്ദ്രത്തിനുള്ളിൽ മൊബൈൽ ഫോൺ അനുവദിക്കില്ല.  ഗേറ്റിനും ബാരിക്കേഡിനും ഇടയിൽ ഒരുക്കിയ ക്ലോക്ക് റൂമിലാണ് മൊബൈൽ ഫോണുകളും മറ്റു വസ്തുക്കളും സൂക്ഷിക്കേണ്ടത്.
വോട്ടെണ്ണൽ രാവിലെ എട്ടിന‌് തുടങ്ങും.  ആദ്യ ഫലസൂചന  എട്ടരയോടെ നൽകാനാവുമെന്നാണ് അധികൃതരുടെ  പ്രതീക്ഷ.
വോട്ടിങ് യന്ത്രങ്ങളിലെ വോട്ടെണ്ണൽ പൂർത്തീകരിച്ചശേഷം വിവി പാറ്റ് യന്ത്രങ്ങളിലെ വോട്ടെണ്ണും.  കൗണ്ടിങ‌് ഹാളിനകത്തുള്ള മേശകളിലൊന്ന് വിവി പാറ്റ് കൗണ്ടിങ‌് ബൂത്തായി (വിസിബി) ക്രമീകരിക്കും. പേപ്പർ രസീതുകൾ നഷ്ടപ്പെടാതിരിക്കാൻ പ്രത്യേകം വയർ മെഷ് ചെയ്ത രീതിയിൽ സജ്ജമാക്കും. ഓരോ നിയമസഭാ മണ്ഡലത്തിലെയും അഞ്ചുവീതം വിവി പാറ്റ് യന്ത്രങ്ങളിലെ വോട്ടുകളാണ് എണ്ണുക. 
സുവിധ പോർട്ടൽ വഴിയാണ് ഡാറ്റ എൻട്രി നടത്തുക. ലോക‌്സഭാ മണ്ഡലം സഹവരണാധികാരിക്കും  നിയമസഭാ മണ്ഡലം വരണാധികാരിക്കും മാത്രമാണ് സുവിധ ആപ്പിൽ വിവരം ചേർക്കാൻ  അനുവാദം. സുവിധയിൽ ഡാറ്റ എൻട്രി നടത്തിയശേഷമാകും ഫലം പ്രഖ്യാപിക്കുക. results.eci.gov.in എന്ന വെബ് സൈറ്റിലും വോട്ടർ ഹെൽപ‌്‌ലൈൻ  മൊബൈൽ ആപ്പിലും ഡിസ്‌പ്ലേ ബോർഡിലും ഒരേസമയം ഫലങ്ങൾ ദൃശ്യമാകും. പോസ്റ്റൽ വോട്ടുകളുടെ ഡാറ്റ എൻട്രി വരണാധികാരിയാണ് ചെയ്യേണ്ടത്. വരണാധികാരിയാണ് ഫലം പ്രഖ്യാപിക്കുക.
പ്രധാന വാർത്തകൾ
 Top