27 May Wednesday

സുരക്ഷ കാറ്റില്‍ പറത്തി റെയിൽവേയുടെ ‘പണി’

വെബ് ഡെസ്‌ക്‌Updated: Sunday Mar 22, 2020

സുരക്ഷാ മുൻകരുതലുകളില്ലാതെ അടുത്തടുത്ത് നിന്നു ജോലിചെയ്യുന്ന റെയിൽവേ ജീവനക്കാർ. വട്ടക്കിണറിന്‌ സമീപത്തുനിന്നുള്ള ദൃശ്യം

  കോഴിക്കോട്‌

കോവിഡ്‌ 19നെതിരെ നാട്‌ മുഴുവൻ പ്രതിരോധ പ്രവർത്തനങ്ങളിൽ മുഴുകുമ്പോഴും ഒരു സുരക്ഷാ ഉപകരണങ്ങളും നൽകാതെ ജീവനക്കാരെ കൂട്ടമായി തൊഴിലെടുപ്പിച്ച്‌ റെയിൽവേ. പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാ​ഗമായി ഞായറാഴ്‌ച ജനതാ കർഫ്യൂ നടത്തണമെന്ന്‌ കേന്ദ്രസർക്കാർ നിർദേശം നിലനിൽക്കെയാണ്‌ പൊരിവെയിലത്ത്‌ കൂട്ടമായി റെയിൽവേ തൊഴിലാളികളെ തൊഴിലെടുപ്പിക്കുന്നത്‌. ആവശ്യമായ മാസ്കോ കൈയുറയോ സാനിറ്റൈസറോ നൽകിയിട്ടില്ലെന്ന്‌ ട്രാക്‌‌മാൻമാരായ തൊഴിലാളികൾ പറയുന്നു.
കല്ലായി മുതൽ ഫറോക്ക്‌ വരെ അഞ്ച്‌ കിലോമീറ്റർ റെയിൽ മാറ്റുന്ന ജോലിയാണ്‌ ശനിയാഴ്‌ച ട്രാക്‌മാൻമാർക്ക്‌ നൽകിയത്‌. ദിവസങ്ങളോളം നീളുന്ന പണിയിൽ  60 ഓളം തൊഴിലാളികൾ ഒരുമിച്ചാണ്‌ ജോലിചെയ്യുന്നത്‌. എന്നാൽ ഇവർക്ക്‌ ഒരു സുരക്ഷാ ഉപകരണങ്ങളും നൽകിയിട്ടില്ല. കോവിഡിന് പുറമെ ഉഷ്‌ണതരംഗ ഭീഷണിയും നിലനിൽക്കെയാണ്‌ റെയില്‍വേയുടെ ക്രൂരത. 
ശനിയാഴ്‌ച രാവിലെ ഏഴിന് തുടങ്ങിയ ജോലി വൈകിട്ട്‌ വരെയും തുടർന്നു. ഒരു ബാച്ച്‌ തൊഴിലാളികൾ പഴയ റെയിലിന്റെ ക്ലിപ്പ്‌ അഴിച്ചുമാറ്റുകയും മറ്റൊരു ബാച്ച്‌ പുതിയത്‌ സ്ഥാപിച്ചും രണ്ടുഘട്ടമായിട്ടായിരുന്നു ജോലി.   കൂട്ടംകൂടുന്നത് പരമാവധി ഒഴിവാക്കണമെന്ന സർക്കാർ നിർദേശമുണ്ടായിട്ടു പോലും ഒരുമിച്ച്‌ ജോലിചെയ്യിക്കുന്നതിനെതിരെ തൊഴിലാളികൾക്കിടയിലും പ്രതിഷേധമുണ്ട്‌.
പ്രധാന വാർത്തകൾ
 Top