കോഴിക്കോട്
മാധ്യമങ്ങൾക്ക് സ്വയം നിയന്ത്രണമാണ് വേണ്ടതെന്നും പുറമേനിന്ന് നിയന്ത്രിക്കപ്പെടുന്നത് ശരിയല്ലെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു. സമൂഹമാധ്യമങ്ങൾ ഉൾപ്പെടെ ഇക്കാര്യം പരിഗണിക്കണം. കലിക്കറ്റ് പ്രസ്ക്ലബ്ബിന്റെ സുവർണ ജൂബിലി ആഘോഷത്തിന്റെ ഭാഗമായുള്ള പ്രഭാഷണ പരമ്പര ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.
പലകാര്യങ്ങളും കോടതി അറിയുന്നത് മാധ്യമങ്ങളിലൂടെയാണ്. കോടതി വിധികൾ ജനങ്ങളിലെത്തുന്നതും മാധ്യമങ്ങളിലൂടെയാണ്. മാധ്യമങ്ങളില്ലാത ജനാധിപത്യമില്ല, ജനങ്ങളുടെ ശബ്ദമാണത്. വിമർശനങ്ങൾ ഉയരുമ്പോഴും മാധ്യമങ്ങൾ ആ ചുമതല മെച്ചപ്പെട്ട രീതിയിൽ നിർവഹിക്കുന്നുണ്ട്. ചില സമയങ്ങളിൽ നിയമംകൊണ്ടുമാത്രം നീതി നടപ്പാക്കാനാവില്ല. ന്യായാധിപന്റെ ഇടപെടലുകളും അനിവാര്യമാണ്. ന്യായാധിപരുടെ വിധികൾ ജനങ്ങൾ അറിഞ്ഞില്ലെങ്കിൽ അത് സമൂഹത്തിൽ ഒരു ചലനവും ഉണ്ടാക്കില്ല. അതിനാൽ കോടതിവിധികൾ മാധ്യമങ്ങളിലൂടെ ജനങ്ങളിലെത്തേണ്ടത് അനിവാര്യമാണ്.
അളകാപുരിയിൽ ചേർന്ന ചടങ്ങിൽ പ്രസ്ക്ലബ്ബിന്റെ മാധ്യമ അവാർഡുകളും അദ്ദേഹം സമ്മാനിച്ചു. പ്രസ്ക്ലബ് പ്രസിഡന്റ് എം ഫിറോസ്ഖാൻ അധ്യക്ഷനായി. മുഷ്താഖ് സ്പോർട്സ് ഫോട്ടോഗ്രഫി പുരസ്കാരം സുമേഷ് കോടിയത്തും(ദേശാഭിമാനി), തെരുവത്ത് രാമൻ പുരസ്കാരം വി എം ഇബ്രാഹിമും(മാധ്യമം), പി ഉണ്ണിക്കൃഷ്ണൻ പുരസ്കാരം ടി വി പ്രസാദും(ഏഷ്യാനെറ്റ് ന്യൂസ്) ഏറ്റുവാങ്ങി. മലയാള മനോരമ ചീഫ് ന്യൂസ് എഡിറ്റർ പി ജെ ജോഷ്വ രചിച്ച ‘മീഡിയ, സത്യം, സത്യാനന്തരം’ പുസ്തകം കൽപ്പറ്റ നാരായണന് നൽകി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പ്രകാശിപ്പിച്ചു. എം എ അബ്ദുൾ അസീസ് ആരിഫ്, പ്രസ്ക്ലബ് സെക്രട്ടറി പി എസ് രാകേഷ്, ട്രഷറർ പി വി നജീബ് എന്നിവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള് വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..