ഫറോക്ക്
സംസ്ഥാനത്ത് ഭിന്നശേഷിക്കാരുടെ തൊഴിലധിഷ്ഠിത പുനരധിവാസത്തിന് മുന്തിയ പരിഗണനനൽകുമെന്ന് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്കുള്ള തൊഴിലധിഷ്ഠിത പുനരധിവാസവുമായി ബന്ധപ്പെട്ട് സമഗ്ര ശിക്ഷ കേരളം മുഖേന നടപ്പാക്കുന്ന "എസ്റ്റീം' പദ്ധതിയുടെ രണ്ടാം ഘട്ട റെസിഡൻഷ്യൽ പരിശീലനം കോഴിക്കോട് കൊളത്തറ വികലാംഗ വിദ്യാലയത്തിൽ ഉദ്ഘാടനംചെയ്യുകയായിരുന്നു മന്ത്രി.
സംസ്ഥാനത്ത് നൈപുണി വികസനത്തിനായി സ്‌കിൽ ഡെവലപ്‌മെന്റ് സെന്ററുകൾക്ക് രൂപംനൽകുമ്പോൾ ഒരു കേന്ദ്രം ഭിന്നശേഷി കുട്ടികൾക്കായി പ്രത്യേകം സജ്ജമാക്കും. തിരുവനന്തപുരം പാങ്ങപ്പാറയിലെ "സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റലി ചലഞ്ച്ഡ്' എന്ന സ്ഥാപനത്തെ ഈ മേഖലയിലെ അപ്പക്‌സ് സ്ഥാപനമായി ഉയർത്തുമെന്നും മന്ത്രി പറഞ്ഞു.
കൊളത്തറയിൽ റെസിഡൻഷ്യലായി നടത്തുന്ന രണ്ടുമാസത്തെ കോഴ്സിൽ കാഴ്ച–-കേൾവി പരിമിതിയുള്ള 30 പേർക്കാണ് പ്രവേശനം നൽകിയത്.
കാഴ്ചപരിമിതർക്കായി ഡൊമസ്റ്റിക് ഡാറ്റാ എൻട്രി ഓപ്പറേറ്റർ, കേൾവി പരിമിതിയുള്ളവർക്കായി ഫീൽഡ് ടെക്നീഷ്യൻ - കംപ്യൂട്ടിങ് ആൻഡ് പെരിഫെറൽസ് എന്നീ രണ്ട് കോഴ്സുകളിലാണ് പരിശീലനം. ഇതിനുപുറമെ ബുദ്ധിപരിമിതിയുള്ളവരെയും ഉൾപ്പെടുത്തി ഇത്തവണ 15 പേർക്ക് കൂടുതൽ പ്രവേശനം നൽകി.
ചടങ്ങിൽ കൊളത്തറ സിഐസിഎസ് പ്രസിഡന്റ് പി കെ അഹമ്മദ് മുഖ്യാതിഥിയായി. ഒന്നാംഘട്ട പരിശീലനം പൂർത്തിയാക്കിയ വിദ്യാർഥികൾക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. ടി മൈമൂന, അഡ്വ. എം മുഹമ്മദ്, ടി എ റസാഖ് തുടങ്ങിയവർ സംസാരിച്ചു. ഡോ. എ കെ അബ്ദുൽ ഹക്കീം സ്വാഗതവും വി ടി ഷീബ നന്ദിയും പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..