13 November Wednesday

ഉടൻ വെള്ളമിറങ്ങിയത്‌ ആശ്വാസമായി ഒറ്റമഴ, കൽപ്പറ്റ നഗരം വെള്ളത്തിൽ

വെബ് ഡെസ്‌ക്‌Updated: Monday Oct 21, 2019
ഞായറാഴ്‌ച ഉച്ചയ്‌ക്ക്‌ തകർത്ത്‌ പെയ്‌ത മഴയിൽ കൽപ്പറ്റ നഗരം മുങ്ങി. നഗരത്തിലെ എല്ലാ തോടുകളും കരകവിഞ്ഞു. നിരവധി കടകളും വീടുകളും വെള്ളത്തിലായി. പകൽ രണ്ടോടെയാണ്‌ ഒരു മണിക്കൂർ നീണ്ട മഴ പെയ്‌തത്‌. ഗൂഡലായി കുന്നിൽനിന്നും ഒഴുകിയെത്തിയ മലവെള്ളം നഗരത്തിലെ തോടുകളിലൂടെ കരകവിയുകയായിരുന്നു. കനറാ ബാങ്ക്‌ പരിസരത്തും എൻജിഒ യൂണിയൻ ജില്ലാ ഓഫീസ്‌ പരിസരവും പള്ളിത്താഴെയും നിരവധി വീടുകളിൽ വെള്ളം കയറി. മുനിസിപ്പൽ ഓഫീസ്‌ പരിസരത്ത്‌ വെള്ളം കയറിയതിനെ തുടർന്ന്‌ കനറാ ബാങ്ക്‌, സമീപത്തെ പെട്രോൾ പമ്പ്‌, കടകൾ എന്നിവിടങ്ങളിലെല്ലാം വെള്ളം കയറി. കുറേനേരത്തേക്ക്‌ പെട്രോൾ പമ്പ്‌ അടച്ചിട്ടു. എൻജിഒ യൂണിയൻ പരിസരത്തെ മന്ദാരം ബ്യൂട്ടി പാർലർ, കടകൾ എന്നിവിടങ്ങളിലും  ചാത്തോത്ത്‌ അഷറഫിന്റെ വീട്ടിലും വെളളം കയറി.  പള്ളിത്താഴെയുള്ള രണ്ട്‌ തോടുകളും കരകവിഞ്ഞ്‌ ഗതാഗതം തടസ്സപ്പെട്ടു. പ്രദേശത്തെ നിരവധി വീടുകളിലും വെള്ളം കയറി. ഒറ്റ മഴയിൽ വെള്ളം കയറിയത്‌ പ്രദേശത്തുള്ളവരെയാകെ പരിഭ്രാന്തിയിലാക്കി. മഴ പെട്ടെന്ന്‌ തന്നെ ശമിച്ചതിനാൽ കൂടുതൽ നാശമുണ്ടായില്ല. കയറിയ വെള്ളം അരമണിക്കൂർകൊണ്ട്‌ ഇറങ്ങിയതിനാൽ ആശ്വാസവുമായി. കഴിഞ്ഞ   പ്രളയത്തിൽ വെള്ളം കയറി വൻനാശമുണ്ടായ സ്ഥലങ്ങളാണ്‌ കനറാ ബാങ്ക്‌ പരിസരവും പള്ളിത്താഴെയും.

 

പ്രധാന വാർത്തകൾ
 Top