02 December Friday

കൊപ്ര സംഭരണകേന്ദ്രങ്ങളില്ല: 
കേരകർഷകർക്ക്‌ പ്രതിസന്ധി

സ്വന്തം ലേഖകൻUpdated: Wednesday Sep 21, 2022
കോഴിക്കോട്‌
നാളികേരവില കുത്തനെ ഇടിയുമ്പോഴും കർഷകർക്ക്‌ നേട്ടമാകാതെ കൊപ്രസംഭരണം. നാഫെഡിന്റെ പിടിവാശിയിലാണ്‌ കേരളത്തിലെ കൊപ്രസംഭരണം പാളുന്നത്‌. സംഭരണ കാലാവധി അവസാനിച്ചതോടെ സംസ്ഥാന സർക്കാരിന്റെ നിരന്തരമായ ആവശ്യത്തെതുടർന്ന്‌  താങ്ങുവിലയ്ക്കുള്ള കൊപ്രസംഭരണം നവംബർ ആറുവരെ നീട്ടിയെങ്കിലും  കർഷകർക്ക്‌ ഏറെയൊന്നും പ്രയോജനപ്പെടില്ല. കേരളത്തിലിപ്പോൾ കൊപ്ര സംഭരണത്തിന്‌ നാഫെഡ്‌ അനുമതി മാർക്കറ്റ് ഫെഡിന്‌ മാത്രമാണ്‌.  സംസ്ഥാനത്ത്‌ മാർക്കറ്റ്‌ ഫെഡിന്‌ മൂന്നുസംഘങ്ങൾ മാത്രമാണുള്ളത്‌.   
 നൂറുകണക്കിന്‌ കേന്ദ്രങ്ങളുള്ള കേരാഫെഡിനെ വെളിച്ചെണ്ണ നിർമാണ സംഘമാണെന്ന്‌ കാരണം കാണിച്ച്‌ ഒഴിച്ചുനിർത്തിയാണ്‌ സംഭരണം അട്ടിമറിക്കുന്നത്‌. മാർക്കറ്റ്‌ ഫെഡിന്‌ കാസർകോട്, മലപ്പുറം, തൃശൂർ ജില്ലകളിൽ മാത്രമാണ്‌ സംഭരണം നടത്താൻ സാഹചര്യമുള്ളത്‌.  വെളിച്ചെണ്ണ ഉൽപ്പാദക സംഘങ്ങൾക്ക്‌ സംഭരണ അനുമതി നൽകുന്നപക്ഷം കൂടുതൽ  സഹകരണ സംഘങ്ങളിലൂടെ കൊപ്ര സംഭരിക്കാമായിരുന്നു.
 ചെലവേറിയതിനാൽ കൊപ്രയാക്കാതെ നാളികേരം തൂക്കിവിൽക്കുന്ന പ്രവണതയാണ്‌ സംസ്ഥാനത്തുള്ളത്‌. പ്രാഥമിക സംഘങ്ങളിൽ പച്ചത്തേങ്ങ ശേഖരിച്ച്‌ സംഘങ്ങൾതന്നെ കൊപ്രയാക്കി നാഫെഡിന്‌ നൽകുന്ന സംവിധാനവും സർക്കാർ ആരംഭിച്ചിരുന്നു. ഇതിനോടും നാഫെഡ്‌ അനുകൂലമായ സമീപനമല്ല സ്വീകരിച്ചത്‌. ഇതോടെ നാളികേര സംഭരണം പ്രതിസന്ധിയിലായി.  
പൊതുവിപണിയിൽ കിലോ കൊപ്രയ്ക്ക്‌ 83 രൂപയാണ്‌ വില. നാഫെഡ്‌ 105. 90 രൂപയ്ക്കാണ്‌ സംഭരിക്കുന്നത്‌.  ഈ നേട്ടം കർഷകരിലെത്തുന്നില്ല.  50 ദിവസംകൊണ്ട്‌  500 ടൺ കൊപ്ര സംഭരിക്കാനാണ് നാഫെഡ് ലക്ഷ്യം.  എന്നാൽ മൂന്നുജില്ലകളിൽ മാത്രം സ്വാധീനമുള്ള മാർക്കറ്റ്‌ ഫെഡിന്‌ ഇത്‌ കഴിയില്ല.  കഴിഞ്ഞ ആറുമാസംകൊണ്ട്‌ 116 ടൺ കൊപ്ര മാത്രമാണ്‌ കേരാഫെഡിന്റെ സഹകരണത്തോടെ സംസ്ഥാനത്തുനിന്ന്‌  ശേഖരിക്കാനായത്‌. സഹകരണ സംഘങ്ങൾവഴി വ്യാപകമായി പച്ചത്തേങ്ങ സംഭരിച്ച്‌  സംസ്കരിക്കുന്ന കൊപ്രയേറ്റെടുക്കാൻ നാഫെഡ്‌ തയ്യാറാവുക എന്നതാണ്‌ വിലത്തകർച്ച പരിഹരിക്കാനുള്ള മാർഗം.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top