20 September Friday

അങ്കണവാടികളും ‘സ്‌മാർട്‌ ’

സ്വന്തം ലേഖികUpdated: Wednesday Aug 21, 2019
കോഴിക്കോട്‌ 
ഒറ്റമുറിയിൽ ഒതുക്കപ്പെട്ടതായിരുന്നു ഇതുവരെ അങ്കണവാടികൾ. കെട്ടിലും മട്ടിലും ഭാവമാറ്റവുമായി പുതുമോടിയിൽ ഒരുങ്ങുന്ന ‘സ്‌മാർട്ട്‌’ അങ്കണവാടികളും അരികിലെത്തി. അതും ഹൈടെക്‌ സ്‌കൂൾ ശൈലിയിൽ. 
കുരുന്നുകൾക്ക് വിദ്യാരംഭം കുറിക്കാൻ ഹൈടെക്ക്‌ ക്ലാസ്‌മുറികൾ,  മികച്ച കളിക്കോപ്പുകൾ, അത്യാധുനിക സൗകര്യങ്ങളോടെയുള്ള ഗ്രൗണ്ടുകൾ, പൂന്തോട്ടം, ആധുനിക അടുക്കള, ഒപ്പം പോഷകസമൃദ്ധമായ ഭക്ഷണവും... അങ്കണവാടികളും ഈ വിധം സ്‌മാർട്ടാവുകയാണ്‌. സർക്കാരിന്റെ സഹായത്തോടെ വനിതാ ശിശുവികസന വകുപ്പും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമാണ്‌ അങ്കണവാടികൾക്ക്‌  പുതുമുഖമൊരുക്കുന്നത്‌.  ജില്ലയിൽ 78 അങ്കണവാടികൾ സ്‌മാർട്ടായിക്കഴിഞ്ഞു. 
കുന്നുമ്മൽ ബ്ലോക്കിലെ കാവിലുംപാറ,  മരുതോങ്കര പഞ്ചായത്തുകളിലായി 50  അങ്കണവാടികളും കൊടുവള്ളി ബ്ലോക്കിലെ കിഴക്കോത്ത്‌ പഞ്ചായത്തിലെ 28  അങ്കണവാടികളുമാണ്‌  പുതുസംവിധാനങ്ങളുമായി സ്‌മാർട്ടായത്‌.  44 അങ്കണവാടികൾകൂടി ഈ പട്ടികയിൽ ഉടനെത്തും. ഇതോടൊപ്പം സംസ്ഥാന സർക്കാർ തെരഞ്ഞെടുത്ത 19  മോഡൽ അങ്കണവാടികളും പുതിയ രൂപത്തിലാവും. 
മോഡൽ ചൈൽഡ്‌ കെയർ പ്ലാൻ
ജില്ലയിലെ അങ്കണവാടികളുടെ സമ്പൂർണ വികസനം ലക്ഷ്യമിട്ട്‌ നാളുകൾക്ക്‌ മുമ്പേ വനിതാവികസന വകുപ്പും ഐസിഡിഎസും പ്രവർത്തനം തുടങ്ങി.  ഇതിനായി  അങ്കണവാടികളുടെ സമഗ്ര വികസനം നടപ്പാക്കാൻ  ‘മോഡൽ ചൈൽഡ്‌ കെയർ പ്ലാൻ’ സർക്കാരിലേക്ക്‌ കൈമാറി. എൻഐടിയുടെ സഹായത്തോടെയാണ്‌ രൂപകൽപ്പന. 
10 സെന്റ്‌ ഭൂമിയിൽ സ്ഥിതിചെയ്യുന്ന അങ്കണവാടികൾ, അഞ്ച്‌ സെന്റിലുള്ളവ,  മൂന്ന്‌ സെന്റിലുള്ളവ, മൂന്നിൽ  താഴെയുള്ളവ  എന്നിങ്ങനെ സ്ഥല സൗകര്യത്തിനനുസരിച്ച്‌ തരംതിരിച്ചാണ്‌  നവീകരണം. ഇതിനായി വ്യത്യസ്‌ത ഫണ്ടും നൽകും. സ്ഥലം കുറവാണെങ്കിലും അങ്കണവാടി കെട്ടിടങ്ങളിൽ എല്ലാ സൗകര്യവുമുണ്ടാകും. അകത്തും പുറത്തും കളിസ്ഥലവും ഒരുക്കും. 
മോഡൽ അങ്കണവാടികൾ
സംസ്ഥാനത്തുടനീളം എല്ലാ സൗകര്യങ്ങളോടുംകൂടിയ മോഡൽ അങ്കണവാടികൾ സർക്കാർ നിർമിക്കുന്നു. ജില്ലയിൽ 10 സെന്റ്‌ ഭൂമിയിൽ സ്ഥിതിചെയ്യുന്ന 19 അങ്കണവാടികളെയാണ്‌ ഉൾപ്പെടുത്തിയത്‌.  ഇവയുടെ പ്രാരംഭ നിർമാണം തുടങ്ങി. ഓരോ അങ്കണവാടിക്കുമായി 45 ലക്ഷം രൂപ നീക്കിവയ്‌ക്കുന്നു.
പ്രധാന വാർത്തകൾ
 Top