28 September Tuesday

എകരൂൽ കക്കയം ഡാം സൈറ്റ് റോഡ് നവീകരിക്കും: മന്ത്രി

വെബ് ഡെസ്‌ക്‌Updated: Wednesday Jul 21, 2021

ബാലുശേരി ടൗൺ നവീകരണ പ്രവൃത്തി മന്ത്രി പി എ മുഹമ്മദ് റിയാസ് 
സന്ദർശിക്കുന്നു

ബാലുശേരി
എകരൂൽ കക്കയം ഡാം സൈറ്റ് റോഡ്  നവീകരിക്കുമെന്ന്   മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. നിരവധി പരാതികളാണ്  ഈ റോഡുമായി ബന്ധപ്പെട്ട്‌ നിലവിലുള്ളത്. ബാലുശേരി എംഎൽഎ കെ എം സച്ചിൻ ദേവിന്റെ  അഭ്യർഥന പ്രകാരമാണ് മന്ത്രി ബാലുശേരി മണ്ഡലത്തിലെ വിവിധ പൊതുമരാമത്ത് പ്രവൃത്തികൾ സന്ദർശിച്ചത്.
 എസ്റ്റേറ്റ് മുക്ക് മുതൽ കക്കയം ഡാം വരെ 31 കിലോമീറ്റർ നീളമുള്ള   പ്രധാന റോഡാണ് എകരൂൽ കക്കയം ഡാം സൈറ്റ് റോഡ്. എകരൂൽ മുതൽ 28  –-ാം മൈൽ വരെ   ബജറ്റിൽ പത്തുകോടി രൂപ നവീകരിക്കുന്നതിന് അനുവദിച്ചിട്ടുണ്ട് .ഈ പ്രവൃത്തി ഉടൻ  ആരംഭിക്കുമെന്ന് മന്ത്രി പറഞ്ഞു .
28 –-ാം മൈൽ മുതൽ പടിക്കൽ വയൽ വരെയുള്ള ഏഴ് കിലോമീറ്റർ ദൂരം ഹിൽ ഹൈവേയുടെ ഭാഗമായി നവീകരിക്കും. ഇത്   കിഫ് ബിയുടെ പരിഗണനയിലാണ്. ബാക്കിയുള്ള 17 കിലോമീറ്റർ കിഫ്ബിയിലോ റീബിൽഡ് കേരളയിലോ   ഉൾപ്പെടുത്തും.    ബാലുശേരി ടൗൺ നവീകരണ പ്രവൃത്തി മന്ത്രി സന്ദർശിച്ചു.  ആഗസ്ത്‌  30നുള്ളിൽ പ്രവർത്തി പൂർത്തീകരിക്കുമെന്ന് കരാറുകാരൻ മന്ത്രിക്ക് ഉറപ്പുനൽകി. ടൗണിലെ ഫുട്പാത്തിൽ ടൈൽ വിരിക്കൽ, കൈവരി സ്ഥാപിക്കൽ, ഐറിഷ് ഡ്രൈൻ എന്നിവയാണ് പൂർത്തീകരിക്കാനുള്ളത്. മൂന്ന് കോടി രൂപയാണ് ഇതിനായി അനുവദിച്ചിട്ടുള്ളത്. റീബിൽഡ് കേരളയിൽ ഉൾപ്പെടുത്തിയ കൊയിലാണ്ടി താമരശേരി മുക്കം അരീക്കോട് റോഡിന്റെ  233 കോടിയുടെ നവീകരണ പ്രവൃത്തി വേഗത്തിൽ ആരംഭിക്കണമെന്നും    മന്ത്രി   നിർദേശം നൽകി.
ബാലുശേരി കൂട്ടാലിട കൂരാച്ചുണ്ട് റോഡിൽ  നടക്കുന്ന നവീകരണ പ്രവൃത്തിയും സന്ദർശിച്ചു.  ആഗസ്‌ത്‌ 30 നകം പ്രവൃത്തി പൂർത്തീകരിച്ച് പൊതുജനങ്ങളുടെ യാത്രാപ്രശ്നം പരിഹരിക്കണമെന്ന് മന്ത്രി നിർർേദശിച്ചു.  
ഉണ്ണികുളം പഞ്ചായത്ത് പ്രസിഡന്റ്‌ ഇന്ദിര ഏറാടിയിൽ, ബാലുശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ വി കെ അനിത, ബാലുശേരി  പഞ്ചായത്ത് പ്രസിഡന്റ്‌ രൂപലേഖ കൊമ്പിലാട്, കോട്ടൂർ പഞ്ചായത്ത് പ്രസിഡന്റ്‌ സിഎച്ച് സുരേഷ്, കായണ്ണ  പഞ്ചായത്ത് പ്രസിഡന്റ്‌ സികെ ശശി ,  ഇ ജി വിശ്വപ്രകാശ്,  ഹാഷിം,  ഷാജി തയ്യിൽ,  ഇസ്മയിൽ കുറുമ്പൊയിൽ, ടി കെ സുമേഷ്, പി സുധാകരൻ, എൻ നാരായണൻ കിടാവ് എന്നിവരും മന്ത്രിയോടൊപ്പമുണ്ടായിരുന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top