15 December Sunday

നിലയ‌്ക്കാതെ മഴ

സ്വന്തം ലേഖികUpdated: Sunday Jul 21, 2019
കോഴിക്കോട്‌
ജില്ലയിൽ കഴിഞ്ഞ ദിവസം തുടങ്ങിയ മഴയ‌്ക്ക‌് ശനിയാഴ‌്ചയും ശമനമില്ല. അൽപം ശക്തി കുറഞ്ഞെങ്കിലും വിവിധ ഭാഗങ്ങളിൽ വ്യാപകമായി മഴ ലഭിച്ചു. 105.4 മി.മീ മഴയാണ്‌ ശനിയാഴ‌്ച പെയ്‌തത്‌. നഗര–-ഗ്രാമ മേഖലകളിൽ  മഴ ലഭിച്ചെങ്കിലും കാര്യമായ നാശനഷ്‌ടങ്ങളില്ല.  അതേസമയം നഗരത്തിൽ നല്ലളം ഭാഗത്ത്‌ മഴക്കെടുതി  രൂക്ഷമാണ്‌.
രണ്ട‌ുദിവസമായി പെയ്യുന്ന മഴയിൽ നല്ലളത്തെ നൂറോളം വീടുകളിൽ വെള്ളം കയറി. 57 കുടുംബങ്ങളെ അരീക്കാട്  എയുപി സ്‌കൂളിലെ താൽക്കാലിക ക്യാമ്പിലേക്ക്‌  മാറ്റി. പല വീടുകളും വാസയോഗ്യമല്ലാതായി.  ഇവർക്ക്‌ ക്യാമ്പ് ഒരുക്കിയിട്ടുണ്ട്‌. കലക്ടർ എസ്‌ സാംബശിവ റാവു ഉൾപ്പെടെയുള്ളവർ സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി.
ജലനിരപ്പ്‌ ഉയർന്നതിനെ തുടർന്ന്‌ വെള്ളിയാഴ്‌ച രാത്രി  പെരുവണ്ണാമൂഴി ഡാം തുറന്നു. നാദാപുരത്ത‌് വാണിമേൽ പുഴ കവിഞ്ഞൊഴുകുകയാണ്‌. ഇവിടെ പലയിടത്തും വെള്ളക്കെട്ടുമൂലം  ഗതാഗതതടസ്സമുണ്ടായി. താഴ്‌ന്ന സ്ഥലങ്ങളെല്ലാം വെള്ളത്തിലാണ്‌. ചെലവൂർ പള്ളിത്താഴത്ത്‌ നിർത്തിയിട്ട സ്വകാര്യബസ്സിന്‌ മുകളിൽ മരം വീണു. പുലർച്ചെ 3.45നാണ്‌ സംഭവം. ബസ്സിൽ ആളില്ലായിരുന്നു. വെള്ളിമാടുകുന്ന്‌ ഫയർഫോഴ്‌സ്‌ എത്തി മരം നീക്കി. 
വടകരയിൽ അഴിത്തല, മാടായിക്കര, കുരിയാടി  എന്നിവിടങ്ങളിൽ കടൽക്ഷോഭമുണ്ടായി. തീരദേശ മേഖലകളിൽ വെള്ളം കയറിയിട്ടുണ്ട്‌.  ചോറോട‌് തേറ്റാട്ട‌് ഒരു വീട്ടിലെ കിണർ താഴ‌്ന്നു. കുരുക്കിലാട‌്  നിർമാണത്തിലിരിക്കുന്ന വീടിന്റെ മുകളിലേക്ക‌് മതിൽ ഇടിഞ്ഞ‌ുവീണു. കാക്കൂർ, ചേളന്നൂർ, കുരുവട്ടൂർ, മടവൂർ എന്നിവിടങ്ങളിലെല്ലാം വെള്ളക്കെട്ടുണ്ട്‌. താമരശേരി, കൊയിലാണ്ടി, കുന്നമംഗലം തുടങ്ങിയ ഭാഗങ്ങളിലെല്ലാം വൈകിട്ടുവരെ മഴ ലഭിച്ചു.
അരീക്കാട‌് ആനറോഡിൽ വെള്ളക്കെട്ടിൽ വീണ‌് 17 വയസുകാരൻ മരിച്ചു. പയ്യാനക്കൽ ഉണ്ണികൃഷ‌്ണന്റെ മകൻ അതുൽ  കൃഷ‌്ണയാണ‌് മരിച്ചത‌്. നിർമാണത്തിലിരിക്കുന്ന കക്കൂസ‌് കുഴിയിലെ വെള്ളത്തിലാണ‌് വീണത‌്. വെള്ളിയാഴ‌്ച രാത്രിയാണ‌് സംഭവം.
പ്രധാന വാർത്തകൾ
 Top