24 August Saturday

‘മഴക്കണ്ണീർ’ തുടച്ച‌് സർക്കാർ

സ്വന്തം ലേഖൻUpdated: Sunday Jul 21, 2019

പ്രളയത്തിൽ വീട്‌ നഷ്ടപ്പെട്ടവർക്കായി സർക്കാർ സഹായത്തോടെ നിർമിച്ച വീടുകളുടെ താക്കോൽദാനം ദേവസ്യ തിരുവമ്പാടിക്ക്‌ നൽകി മന്ത്രി എ കെ ശശീന്ദ്രൻ ഉദ്‌ഘാടനം ചെയ്യുന്നു. എം നാരായണൻ, വി ഡി ജോസഫ്‌, കാരാട്ട്‌ റസാഖ്‌ എംഎൽഎ, ജോർജ്‌ എം തോമസ്‌ എംഎൽഎ, പുരുഷൻ കടലുണ്ടി എംഎൽഎ, കലക്ടർ സാംബശിവറാവു തുടങ്ങിയവർ സമീപം

കോഴിക്കോട‌് 
ഒലിച്ചുപോയ വീടുകൾക്ക‌് പകരം പുതിയത‌്  നിർമിച്ചുനൽകി പ്രളയബാധിതരുടെ കണ്ണീരൊപ്പുകയാണ‌് സർക്കാർ. ജില്ലയിൽ പൂർണമായും തകർന്ന വീടുകളിൽ 86 എണ്ണത്തിന്റെ നിർമാണം പൂർത്തിയായി. ഇതിനായി 26.7 കോടി രൂപയാണ‌് സർക്കാർ ചെലവഴിച്ചത‌്. സഹകരണ വകുപ്പിന്റെ കെയർ ഹോം പദ്ധതിയിൽ പൂർത്തിയാക്കിയ 44 വീടുകൾ ഉൾപ്പെടെയാണിത‌്.
ജില്ലയിൽ 238 വീടുകളാണ‌് പൂർണമായും തകർന്നത‌്. ഇതിൽ 158 പേർ സ്വന്തമായി വീടുണ്ടാക്കാം എന്ന‌് സർക്കാരിന‌് ഉറപ്പ‌് നൽകിയതാണ‌്. ഇത്രയും പേർക്ക‌് സാമ്പത്തിക സഹായം മാത്രം നൽകിയാൽ മതി.  ബാക്കിയുള്ള 80 വീടുകളുടെ   നിർമാണം  വിവിധ ഘട്ടങ്ങളിലാണ്. താമരശേരിയിൽ ജനകീയം അതിജീവനം പരിപാടിയിൽ കലക്ടർ സാംബശിവറാവു അവതരിപ്പിച്ച റിപ്പോർട്ടിലാണ‌് ഈ വിവരങ്ങൾ. 
ഭാഗികമായി തകർന്ന 5226 വീടുകളിൽ 5183 വീടുകൾക്കും  ദുരിതാശ്വാസം നല്കിയിട്ടുണ്ട‌്.  ജില്ലയിൽ 97 വില്ലേജുകളിലാണ‌് പ്രളയം  ബാധിച്ചത‌്.  35 പേർക്ക‌് ജീവൻ നഷ്ടമായി.   860.68 ഹെക്ടറോളം കൃഷി  മഴയിൽ നശിച്ചു.  എന്നാൽ   23,115 കർഷകർക്ക് ധനസഹായം നൽകി സർക്കാർ രക്ഷകരായി.  കൃഷി പുനരുജ്ജീവിപ്പിക്കാനായി 3.23 കോടി രൂപയാണ‌് ഈ മേഖലയിൽ  ചെലവാക്കിയത‌്.
പ്രളയത്തിൽ റോഡുകൾ തകരുകയും  വൈദ്യുതമേഖല പ്രതിസന്ധിയിലാവുകയും ചെയ‌്തിരുന്നു. കേടുവന്ന 11 ട്രാൻസ്‌ഫോർമറുകളും 769 പോസ്റ്റുകളും ഒമ്പത‌് വൈദ്യുതി കണക‌്ഷനുകളും പുനഃസ്ഥാപിച്ചു. 47.61 കിലോമീറ്റർ വൈദ്യുത കമ്പിയും മാറ്റിയാണ‌് പ്രതിസന്ധി പരിഹരിച്ചത‌്.
597 കിലോമീറ്റർ റോഡാണ‌് തകർന്നത‌്.  ഇത്രയും റോഡുകളും ഇതിനകം പുനർനിർമിച്ചു. റോഡുകളും പാലങ്ങളും കലുങ്കുകളും പ്രവൃത്തികൾക്കായി 33.1841 കോടി രൂപ ചെലവഴിച്ചു. പ്രളയത്തിൽ പഠനസാമഗ്രികൾ നഷ്ടമായവർക്കും സർക്കാർ സഹായമുണ്ട‌്. 1,550 പേർക്ക് പഠന സഹായം നൽകി. 66,029 പേർക്ക് മാനസിക ആശ്വാസം നൽകുകയും ചെയ്തു.  പ്രളയം ബാധിച്ച 13 അങ്കണവാടികളും  പുനർനിർമിച്ചു.
പ്രധാന വാർത്തകൾ
 Top