07 December Saturday

താഴ്‌ന്ന സ്ഥലങ്ങളിൽ വെള്ളം കയറി, കടലാക്രമണം, വീട‌് തകർന്നു, കിണർ താഴ‌്ന്നു, മതിലുകൾ തകർന്നു ദുരിതം വിതച്ച‌് കർക്കടകം പെയ‌്തിറങ്ങുന്നു

വെബ് ഡെസ്‌ക്‌Updated: Sunday Jul 21, 2019

ചോറോട്‌ വീടിനോട്‌ ചേർന്ന കിണർ താഴ്‌ന്ന നിലയിൽ

വടകര
വടകരയിലും കിഴക്കൻ മലയോരങ്ങളിലും തോരാതെ പെയ്യുന്ന മഴ കനത്ത ദുരിതം വിതക്കുന്നു. താഴ‌്ന്ന ഭാഗങ്ങളിൽ പലേടത്തും വെള്ളം കയറി. വീടുകൾ തകർന്നും കിണർ ഇടിഞ്ഞും മതിലുകൾ തകർന്നും റോഡ‌് ഗതാഗതം തടസപ്പെട്ടും ജനങ്ങൾ വലയുന്നു. വടകരയുടെ പടിഞ്ഞാറൻ മേഖലകളിൽ കടൽക്ഷോഭം ശക്തമാണ്‌. 
ആവിത്തോടിൽ കടൽ ക്ഷോഭത്തിൽ വെള്ളം കയറി. പുറങ്കര, പുതിയവളപ്പ്‌, മുകച്ചേരി ഭാഗം എന്നിവിടങ്ങളിലും കടൽ ക്ഷോഭിച്ചു. വടകര പുതിയ ബസ്‌ സ്റ്റാൻഡ്‌, മേപ്പയിൽ റോഡ്‌, നാരായണ നഗരം, പുത്തൂർ റോഡ്‌ എന്നിവിടങ്ങളിൽ വെള്ളം കയറി.    
ആയഞ്ചേരി വില്ലേജിലെ ബാവുപ്പാറ കരിങ്കൽ ക്വാറിയിൽ മണ്ണിടിച്ചിലും മഴവെള്ളപാച്ചിലും ഉണ്ടായി. ശനിയാഴ്‌ചയിലെ ശക്തമായ മഴയിലാണ്‌ ക്വാറിയിൽ നിന്ന‌് പാറക്കല്ലുകൾ ഒലിച്ചുവന്നത‌്. ശക്തമായ മഴവെള്ളപ്പാച്ചിലിൽ സമീപത്തെ റോഡും ഒലിച്ചുപോയി. നാട്ടുകാർക്ക്‌ ഭീഷണിയായ ക്വാറി പ്രവർത്തനം നിർത്തിവെക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ ആറുമാസത്തോളമായി സമീപ വാസികൾ സമരത്തിലാണ്‌. 
താലൂക്ക്‌, വില്ലേജ്‌ ഓഫീസ്‌ അധികൃതർ സ്ഥലത്തെത്തി മൂന്ന്‌ കുടുംബങ്ങളെ ബന്ധു വീടുകളിലേക്കും മറ്റുള്ളവരെ സുരക്ഷിത സ്ഥാനങ്ങളിലേക്കും മാറ്റി. ക്വാറി പ്രവർത്തനം നിർത്തിവെക്കാനും ഹിറ്റാച്ചി ഉൾപ്പെടെയുള്ള ഉപകരണങ്ങൾ ക്വാറിയിൽ നിന്ന‌് മാറ്റാനും തഹസിൽദാർ നിർദേശം നൽകി. തോടന്നൂർ ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സുമ തൈക്കണ്ടി, തിരുവള്ളൂർ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എ മോഹനൻ എന്നിവർ സ്ഥലം സന്ദർശിച്ചു.
അറക്കിലാട്‌ മതിൽ ഇടിഞ്ഞുവീണ്‌ വീട്‌ അപകടാവസ്ഥയിൽ. കക്കാടംപൊയ്യിൽ അഫ്‌സലിന്റെ വീടാണ്‌ അപകടാവസ്ഥയിലായത്‌. അയൽവാസിയായ ഫരീദയുടെ വീടിനോട്‌ ചേർന്ന്‌ നിർമിച്ച മതിൽ മഴയിൽ ഇടിഞ്ഞ്‌ വീഴുകയായിരുന്നു. 
തറനിരപ്പിൽ നിന്ന് മണ്ണെടുത്താണ്‌ ഫരീദയുടെ വീട‌് നിർമ്മിച്ചത്‌. ഫരീദയുടെയുടെയും അഫ‌്സലിന്റെയും വീടിന‌് ഇടയിലുള്ള മതിലാണ‌് തകർന്നത‌്. ഇതോടെ അഫ‌്സലിന്റെ ഉയരത്തിൽ സ്ഥിതിചെയ്യുന്ന വീട‌് മണ്ണിടിഞ്ഞ‌് ഏതുനിമിഷവും താഴേക്ക‌് പതിക്കുന്ന നിലയിലാണുള്ളത‌്‌.
ചോറോട്‌
കനത്തമഴയിൽ പേറ്റാട്ട്‌ വൈഷ്‌ണവത്തിലെ ബേബി സുജാതയുടെ വീടിനോട്‌ ചേർന്ന കിണർ താഴ്‌ന്നു. ശനിയാഴ്‌ച രാവിലെ ഏഴോടെയാണ്‌ കിണർ താഴ്‌ന്നത്‌ വീട്ടുകാരുടെ ശ്രദ്ധയിൽപെട്ടത്‌. 20 മീറ്റർ താഴ്‌ചയുള്ള 25 വർഷത്തിലേറെ പഴക്കമുള്ള  കിണർ പൂർണമായും തകർന്നു. വീടിന്‌ ഭീഷണിയുള്ളതിനാൽ നാട്ടുകാരുടെ നേതൃത്വത്തിൽ കിണർ മണ്ണിട്ട്‌ നികത്തി. പഞ്ചായത്ത്‌, വില്ലേജ്‌ അധികൃതർ സ്ഥലത്തെത്തി.
നാദാപുരം 
നാദാപുരം മേഖലയിൽ കനത്ത മഴ തുടരുന്നു. മലയോര മേഖലയിൽ ശക്തമായ മഴയാണ് പെയ്യുന്നത്. താഴ‌്ന്ന വയൽ പ്രദേശങ്ങൾ പലേടങ്ങളിലും വെള്ളത്തിനടിയിലായി. ചിലയിടങ്ങളിൽ റോഡ് ഗതാഗതം വെള്ളക്കട്ട് മൂലം തടസപ്പെട്ടു. 
ചെക്യാട് കായലോട്ട് താഴെ  കീറിയപറമ്പത്ത് തരശ്ശിയിൽ ജാനുവിന്റെ വീട‌് മഴയിൽ തകർന്നു. ശനിയാഴ‌്ച രാവിലെ ആറരയോടെയാണ് സംഭവം. ഓടുമേഞ്ഞ വീടിന്റെ വരാന്തയുടെ ഒരു ഭാഗമാണ് തകർന്ന് വീണത്. സംഭവം നടക്കുനോൾ വീട്ടുകാർ വീടിന്‌ അകത്തായതിനാൽ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
നാദാപുരത്തെ മണ്ടോടി ഫൈസലിന്റെ വീടിനോട് ചേർന്ന മതിൽ രാത്രിയിൽ തകർന്നത്. വീടിന്റെ കാർ പോർച്ചിന് വിള്ളൽ വീണിട്ടുണ്ട്.

 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top