17 August Saturday

വൈകല്യത്തെ തോൽപ്പിച്ച്‌ പറക്കുന്നു സുനിതയുടെ ചിത്രങ്ങൾ

സ്വന്തം ലേഖകൻUpdated: Sunday Apr 21, 2019
കോഴിക്കോട്> ശരീരം തളർത്തിയിട്ടും തോറ്റുകൊടുക്കാൻ മനസ്സില്ലാതെ പോരാടിയ വിഖ്യാത മെക്സിക്കൻ ചിത്രകാരി ഫ്രിഡ കോഹ്ലോയെപ്പോലെയാണ് സുനിത തൃപ്പാണിക്കരയുടെ ജീവിതം. ലളിതകലാ അക്കാദമി ആർട്ട് ​ഗ്യാലറിയിൽ സുനിത ഒരുക്കിയിരിക്കുന്ന  "ചിറകുള്ള ചിത്രങ്ങൾ' എന്ന ഏകാം​ഗ ചിത്രപ്രദർശനം തന്നെ തോൽപ്പിച്ച വിധിക്കെതിരെ ചിറക് വിരിച്ചുള്ള പറക്കലാണ്.
 
പയ്യന്നൂർ കുഞ്ഞിമം​ഗലം സ്വദേശിനിയായ സുനിത, കണ്ണൻ ധാർമ്മന്റെയും ജാനകിയുടെയും ആറുമക്കളിൽ ഏറ്റവും ഇളയവളാണ്.  ജന്മനാ ശാരീരിക വെെകല്യങ്ങളുമായാണ‌് ജനനമെങ്കിലും അഞ്ചാം ക്ലാസുമുതൽ കെെകൊണ്ട് ചിത്രം വരക്കാനുള്ള ശ്രമം  തുടങ്ങി. എന്നാൽ  കെെകൾക്ക് ചലനശേഷി പൂർണമായി നഷ്ടപ്പെട്ടതോടെ  15 വയസ്സുമുതൽ വായ കൊണ്ടായി  ചിത്രരചന. പ്ലസ് ടു വരെ അമ്മയുടെ സഹായത്തോടെയാണ് സ്കൂളിൽ പോയത്. പിന്നീട് ബിഎ പഠനവും എംഎയും വീട്ടിൽ.
 
പ്രത്യേകം തയ്യാറാക്കിയ സ്റ്റാൻഡിൽ ക്യാൻവാസ് നാല് മടക്കായി വെച്ച്  വീൽചെയറിൽ ഇരുന്ന് വായകൊണ്ടാണ് സുനിത ചിത്രങ്ങൾ വരക്കുന്നത്.  അക്രിലിക്,  ഓയിൽപെയ്ന്റ്, മിക്സർ മീഡിയ തുടങ്ങിയവയാണ് വരയ‌്ക്കായി  ഉപയോ​ഗിക്കുന്നത്. ശാരീരിക വെെകല്യമുള്ള ജ്യേഷ്ഠനിൽ നിന്നാണ് ശരീരം തളർത്താത്ത മനസ്സ് എങ്ങനെ നേടിയെടുക്കാമെന്ന് പഠിച്ചത്. അമ്മ ജാനകി തന്റെ കരുത്തും ജ്യേഷ്ഠൻ ​ഗണേഷ‌്‌കുമാർ ​ഗുരുവുമാണെന്ന് ഏറെ അഭിമാനത്തോടെയാണ് അവൾ പറയുന്നത്. 
നിരവധി ​ഗ്രൂപ്പ് എക്സിബിഷനുകൾ നടത്തിയ സുനിതയുടെ എട്ടാമത്തെ ഏകാം​ഗ ചിത്രപ്രദർശനമാണ് കോഴിക്കോട് ലളിതകലാ അക്കാദമി ആർട്ട് ഗ്യാലറിയിൽ നടക്കുന്നത്.
 
ഏപ്രിൽ 27 വരെ പ്രദർശനമുണ്ടാകും. എറണാകുളം ദർബാർ ഹാളിലായിരുന്നു സുനിതയുടെ ആദ്യത്തെ ഏകാം​ഗ ചിത്ര പ്രദർശനം. ഔട്ട്സ്റ്റാൻഡിങ‌് ക്രിയേറ്റീവ് അഡൾട്ട് പേഴ്സൺ വിത്ത് ഡിസേബിലിറ്റി എന്ന വിഭാ​ഗത്തിൽ 2017ൽ ഇന്ത്യൻ പ്രസിഡന്റ് രാംനാഥ് കോവിന്ദിൽ നിന്ന് ദേശീയ അവാർഡും ഈ മിടുക്കി സ്വന്തമാക്കി. 2016ൽ സംസ്ഥാന ആരോ​ഗ്യ വകുപ്പിന്റെ ശ്രേഷ്ഠ വനിതാ പുരസ്കാരവും ഈ 36കാരിയെ തേടിയെത്തി. 
പ്രധാന വാർത്തകൾ
 Top